പ്രതിരോധ വാക്‌സിനുകള്‍ ജനസംഖ്യാ നിയന്ത്രണത്തിനെന്ന് കള്ളപ്രചാരണം

Monday 11 July 2016 10:45 pm IST

മലപ്പുറം: പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരായ പ്രചാരണങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ വഴികള്‍ സ്വീകരിച്ചിരിക്കുകയാണ് വാക്‌സിന്‍ വിരോധികള്‍. ജനസംഖ്യ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് വാക്‌സിന്‍ കുത്തിവെപ്പുകളെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഈ പ്രചാരണം വേണ്ടരീതിയില്‍ അവതരിപ്പിക്കാനും അവരെ കുത്തിവെപ്പില്‍ നിന്ന് അകറ്റാനും ഇത്തരക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. മലബാറിലെ പ്രധാനപ്പെട്ട രണ്ട് ജില്ലകള്‍ ഡിഫ്തീരിയ രോഗത്തിന്റെ പിടിയിലമരുമ്പോഴും ചിലരുടെ കള്ളപ്രചാരണങ്ങള്‍ വിശ്വസിച്ച് ജനങ്ങള്‍ കുത്തിവെപ്പില്‍ നിന്ന് അകന്നുനില്‍ക്കുന്നു. കുത്തിവെപ്പുകള്‍ മതവിശ്വാസത്തിന് എതിരാണെന്ന് ചില മുസ്ലീം മതസംഘടനകള്‍ പറഞ്ഞു പരത്തിയിരുന്നു. മുസ്ലീങ്ങള്‍ ഏറ്റവും കൂടുതലുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് മതപണ്ഡിതന്മാരുടെ യോഗം വിളിക്കുകയും അവര്‍ക്ക് ബോധവത്കരണം നല്‍കുകയും ചെയ്തു. പക്ഷേ അപ്പോഴാണ് വാക്‌സിനേഷന്‍ ഫോര്‍ ഡിപോപ്പുലേഷന്‍ അജണ്ട എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ഗ്രൂപ്പുകളുണ്ടാക്കി ഒരു സംഘം കുത്തിവെപ്പുകള്‍ക്കെതിരെയുള്ള പ്രചാരണം ശക്തമാക്കിയത്. ഇത് കൂടാതെ ചില മാധ്യമങ്ങള്‍ വാക്‌സിനേഷന്‍ ഗുരുതര ആരോഗ്യപ്രശ്‌നത്തിന് കാരണമാകുമെന്ന് വാര്‍ത്ത നല്‍കിയതും പ്രശ്‌നം സങ്കീര്‍ണമാക്കി. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ കുട്ടിക്ക് പോളിയോ വാക്‌സിന്‍ നല്‍കിയത് മൂലം കാലുകള്‍ തളര്‍ന്നെന്ന് പ്രമുഖ മതസംഘടനയുടെ മുഖപത്രം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത തെറ്റാണെന്ന് തെളിവുകള്‍ നിരത്തി ആരോഗ്യവകുപ്പ് വാദിച്ചെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ സാധിച്ചിട്ടില്ല. അലോപ്പതി ചികിത്സയുടെ രീതി അറിയാത്തത് കൊണ്ടാണ് ഇത്തരക്കാര്‍ കള്ളപ്രചാരണം നടത്തുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന് പറയുന്നതുപോലെ വിഷത്തിന് വിഷം തന്നെയാണ് അലോപ്പതിയില്‍ മരുന്ന്. ഒരു രോഗാണുവിനെ പ്രതിരോധിക്കാന്‍ മറ്റൊരു അണുവിനെ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇതൊരിക്കലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറില്ല. പോളിയോ രോഗം ഭാരതത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കുത്തിവെപ്പുകൊണ്ടാണ് സാധിച്ചത്. ഡിഫ്തീരിയ എന്ന തൊണ്ടമുള്ളിന് പ്രതിരോധ കുത്തിവെപ്പല്ലാതെ മറ്റൊരു ചികിത്സയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഈ രോഗം പിടിപെട്ടവര്‍ക്ക് നല്‍കാറുള്ള ടിഡി വാക്‌സിന്റെ ലഭ്യതക്കുറവ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങളും നടക്കുന്നത്. കുത്തിവെപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം. മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും കോഴിക്കോട് ജില്ലയില്‍ ഡോക്ടറും നേഴ്‌സുമടക്കം 11 പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പുകളോടെ സഹകരിച്ചില്ലെങ്കില്‍ ഇനിയും കുറെ ജീവനുകള്‍ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.