പാഠപുസ്തക വിതരണം മൂന്നുഘട്ടമാക്കും

Monday 11 July 2016 10:47 pm IST

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് പാഠപുസ്തകങ്ങള്‍ മൂന്നുഘട്ടമായി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. അടുത്തവര്‍ഷം ജൂണ്‍ ഒന്നിന് എല്ലാ കുട്ടികള്‍ക്കും പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഓണപ്പരീക്ഷവരെയുള്ള പാഠഭാഗങ്ങള്‍ ഒന്നാംഭാഗമാക്കിയാവും വിതരണം ചെയ്യുക. ക്രിസ്മസ് പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഓണാവധി കഴിഞ്ഞയുടനെയും അവസാന ഘട്ടത്തിലേക്കുള്ള പുസ്തകങ്ങള്‍ ക്രിസ്മസ് അവധികഴിഞ്ഞയുടനെയും ലഭ്യമാക്കും. ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ഈമാസം 15ന് മുമ്പ് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ - എയിഡഡ് വിദ്യാഭ്യാസമേഖലയ്ക്ക് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഹൈടെക്‌വല്‍കരിക്കും. കമ്പ്യൂട്ടര്‍, സര്‍വര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ബോര്‍ഡ്, ഇന്‍ട്രാ-ഇന്റര്‍ കണക്ടിവിറ്റി എന്നിവയോടെ സ്‌കൂള്‍ ക്ലാസുകള്‍ ഹൈടെക്കുകളാക്കും. ആദ്യഘട്ടത്തില്‍ 8 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ക്കും പിന്നീട് യുപി-എല്‍പി വിഭാഗങ്ങള്‍ക്കും ഇതു നടപ്പാക്കും. ഭാഷാപഠനത്തിനും സ്‌കില്‍ ഡെവലപ്പ്‌മെന്റിനും പ്രാധാന്യം നല്‍കും. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസരീതിയില്‍നിന്നു മാറ്റം വരുത്തും. കുട്ടികളുടെ കഴിവു മനസ്സിലാക്കി അതു പരിപോഷിപ്പിക്കുന്ന രീതിയിലുള്ള വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കും. അധ്യയനദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കും. സിലബസുകളുടെ ഏകീകരണം പരിഗണനയില്ല. എയിഡഡ് സ്‌കൂളുകളിലെ സീറ്റുകളിലേക്ക് തലവരിപ്പണം വാങ്ങുന്നത് തടയാന്‍ പ്രതേ്യക വിജിലന്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. അധിക അധ്യാപകരെ പുനര്‍നിയമിക്കും. 2016 ജനുവരി ഒന്നു മുതല്‍ 2016 ഏപ്രില്‍ 30 വരെ മുന്‍സര്‍ക്കാര്‍ 17 എയിഡഡ് കോളേജും ഒരു സര്‍ക്കാര്‍ കോളേജും അനുവദിക്കാനെടുത്ത മന്ത്രിസഭാ തീരുമാനങ്ങളും ഉത്തരവുകളും പുനപരിശോധിച്ചുവരികയാണ്. അണ്‍ എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നതിനെയും സിബിഎസ്ഇ സിലബസിലെ അപാതകതകളെയും കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ മന്ത്രി ഒഴിഞ്ഞു മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.