കണ്ണൂര്‍ സര്‍വകലാശാല പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Tuesday 12 July 2016 12:44 am IST

കണ്ണൂര്‍: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കായി കണ്ണൂര്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളിലായി വ്യക്തിത്വം അടയാളപെടുത്തിയ അഞ്ച് പേര്‍ക്കാണ് പുരസകാരം. ഫാദര്‍ ഡേവിഡ് ചിറമേല്‍ (സാമൂഹിക പ്രവര്‍ത്തനം), വാണിദാസ് എളയാവൂര്‍ (സാംസ്‌കാരികം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീതം), മഞ്ജു വാര്യര്‍ (സിനിമ), കെ.ആര്‍ മീര (സാഹിത്യം) എന്നിവര്‍ക്കാണ് പുരസ്‌കാരം. പ്രഫ.ബി മുഹമ്മദ് അഹമ്മദ്, കെ.ബാലചന്ദ്രന്‍, ഫാദര്‍ ജിയോ പുളിക്കല്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് ആറിന് രാവിലെ 11ന് കണ്ണൂര്‍ സര്‍വകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പുരസ്‌കാരം സമര്‍പ്പിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ശില്‍പവും പ്രശസ്തി പത്രവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ആദ്യമായാണ് സര്‍വകലാശാല പ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ആചാര്യ പുരസ്‌കാരം സമ്മാനിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ മറ്റ് മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നവര്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തും. വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുല്‍ ഖാദര്‍, രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, സിന്റിക്കേറ്റ് അംഗം ഡോ.കെ.ഗംഗാധരന്‍, പിആര്‍ഒ കെ.പി.പ്രശാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.