കഞ്ചാവിന്റെ പേരില്‍ പണം തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
അടിമാലി: കഞ്ചാവെന്ന വ്യജേന പച്ചക്കറി നല്കി തട്ടിപ്പ് നടത്തിവന്ന യുവാവിനെ 50 ഗ്രാം കഞ്ചാവും പച്ചക്കറിയുമായി അടിമാലി നാര്‍കോട്ടിക് സ്ക്വാഡ് പിടികൂടി. രാജാക്കാട് മഞ്ഞകുഴി കളളിക്കാട്ട് ഷിന്റോ(25)യെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ് മെന്റ് സ്ക്വഡ് പിടികൂടിയത്. അയല്‍ ജില്ലകളുമായി ബന്ധമുളള ഷിന്റോ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് ഏജന്റുമാരെ വരുത്തുകയും കഞ്ചാവിന് പകരം പൊതിഞ്ഞ് പച്ചക്കറി നല്കി തട്ടിപ്പ് നടത്തുകയായിരുന്നു. കഞ്ചാവ് വാങ്ങാന്‍ എത്തുന്നവര്‍ കേസില്പെടുമെന്ന ഭയത്താല്‍ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഇന്നലെ ഇതേരീതിയില്‍ തട്ടിപ്പ് നടത്തുവാന്‍ പച്ചക്കറിയും 50 ഗ്രാം കഞ്ചാവുമായി വരുന്നതിനിടെയാണ് ഇയാള്‍ സ്ക്വാഡിന്റെ പിടിയിലായത്. രണ്ട് കിലോ വീതമുളള അഞ്ച് പൊതി പച്ചക്കറിയും സാംബിള്‍ കാണിക്കുവാന്‍ കൊണ്ടുവന്ന 50 ഗ്രം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പച്ചക്കറി പാക്കറ്റുകളിലെല്ലാം കഞ്ചാവിന്റെ മണം ലഭിക്കാന്‍ കഞ്ചാവ് വെളളത്തില്‍ ലയിപ്പിച്ച് തളിച്ചിരുന്നു. പ്രതി പലരില്‍ നിന്നായി ആയിരക്കണക്കിന് രൂപ ഇതേരീതിയില്‍ തട്ടിപ്പിലൂടെ നേടിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.