കപ്പലുടമകള്‍ 25 ലക്ഷം കെട്ടിവെക്കണം: ഹൈക്കോടതി

Wednesday 22 February 2012 10:49 pm IST

കൊച്ചി: കൊലക്കേസില്‍പ്പെട്ട്‌ കൊച്ചി തീരത്ത്‌ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ എണ്ണടാങ്കറായ എന്‍റിക്ക ലെക്സിയുടെ ഉടമകളോട്‌ 25 ലക്ഷം രൂപ കെട്ടിവെക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികളുടെ അനുമതിയോടെ മാത്രം കപ്പലിന്‌ ഇന്ത്യന്‍ തീരം വിടാമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 15 ന്‌ ആലപ്പുഴയില്‍നിന്ന്‌ 14 നോട്ടിക്കല്‍ മെയില്‍ അകലെ ആഴക്കടലില്‍വെച്ച്‌ എന്‍റിക്ക ലെക്സിയിലെ രണ്ട്‌ നാവികരുടെ വെടിയേറ്റ്‌ മരിച്ചവരില്‍ ഒരാളുടെ കുടുംബം നല്‍കിയ നഷ്ടപരിഹാര ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. മലയാളി മത്സ്യത്തൊഴിലാളികളായ അജേഷ്‌ ബിങ്കി (25), ജെലസ്റ്റിന്‍ (45) എന്നിവരാണ്‌ വധിക്കപ്പെട്ടത്‌. ഇതില്‍ ജെലസ്റ്റിന്റെ ഭാര്യ ഡോറയും മക്കളുമാണ്‌ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്‌. നഷ്ടപരിഹാരം കിട്ടാതെ ഇന്ത്യന്‍ സമുദ്ര മേഖല വിട്ടുപോകാന്‍ കപ്പലിനെ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കോടതിനിശ്ചയിച്ച ചുരുങ്ങിയ ബാങ്ക്‌ ഗ്യാരണ്ടി ഉയര്‍ത്താന്‍ വേറൊരു ഹര്‍ജി നല്‍കുമെന്നും ഡോറ പറഞ്ഞു. ഇതേസമയം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം വളരെ കൂടുതലും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്നും എന്‍റിക്കയുടെ ഉടമക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
വിചാരണക്കോടതിയില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കൊലക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ അറസ്റ്റിലായ രണ്ട്‌ ഇറ്റാലിയന്‍ നാവികള്‍ക്കുവേണ്ടി മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്‌. സംഭവം നടന്നിരിക്കുന്നത്‌ അന്താരാഷ്ട്ര സമുദ്രമേഖലയിലായതിനാല്‍ അന്താരാഷ്ട്ര മാരിറ്റൈം നിയമങ്ങളനുസരിച്ച്‌ ഇന്ത്യയിലെ കോടതികള്‍ക്ക്‌ കേസില്‍ വാദം കേള്‍ക്കാന്‍ പറ്റില്ലെന്നാണ്‌ ഹര്‍ജിയില്‍ അവകാശപ്പെട്ടിരിക്കുന്നത്‌. ഹര്‍ജിയില്‍ കോടതി ഇന്ന്‌ വാദം കേള്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.