പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊന്നു

Wednesday 13 July 2016 11:12 am IST

പയ്യന്നൂര്‍ അന്നൂരില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ രാമചന്ദ്രന്റെ മൃതദേഹത്തിന് മുന്നില്‍ വാവിട്ടുകരയുന്ന ഭാര്യയും രണ്ടു മക്കളും

പയ്യന്നൂര്‍: പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ സിപിഎം അക്രമിസംഘം പാതിരാത്രിയില്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പരേതനായ ഇ.എ.കുഞ്ഞിരാമപ്പൊതുവാള്‍-കുഞ്ഞങ്ങ അമ്മ ദമ്പതികളുടെ മകന്‍ സി.കെ.രാമചന്ദ്രനെയാണ്(46) വെട്ടിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊടുംക്രൂരത.

സിപിഎം സംഘം വാതില്‍ തകര്‍ത്ത് കയറി ഉറങ്ങുകയായിരുന്ന രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യ രജനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു. അതീവ ഗുരുതരാവസ്ഥയിലായ രാമചന്ദ്രനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നുവര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനോദിനെ സിപിഎം സംഘം വെട്ടിക്കൊന്ന കേസിലെ മുഖ്യസാക്ഷിയാണ് രാമചന്ദ്രന്‍. ബിഎംഎസ് മേഖലാ പ്രസിഡണ്ടായ രാമചന്ദ്രനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേരത്തെ ഭീഷണിപ്പെടുത്തുകയും വരാന്തയില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം രാമചന്ദ്രന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തിട്ട് തീവെച്ചിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ്, അന്നൂര്‍ വില്ലേജ് ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലെത്തിച്ചു. സ്വയംസേവകരുടെ അന്ത്യ പ്രാര്‍ത്ഥനക്കും കുടുംബാംഗങ്ങളുടെ അശ്രുപൂജക്കും ശേഷം ഭൗതികശരീരം മൂരിക്കൊവ്വലിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.എട്ടാം ക്‌ളാസക വിദ്യാര്‍ത്ഥികളായ ദേവാംഗന, ദേവദര്‍ശന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ശാന്ത, കുഞ്ഞിപ്പാര്‍വ്വതി, രാമകൃഷ്ണന്‍, പരേതയായ പത്മിനി.

ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞദിവസം പയ്യന്നൂരില്‍ സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടതിന്റെ മറപിടിച്ച് പ്രദേശത്ത് സിപിഎം സംഘം വ്യാപകമായ അക്രമമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ഇന്നലെ അഴിച്ചുവിട്ടത്. മുപ്പതോളം വീടുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു.

നിരവധി വാഹനങ്ങളും തകര്‍ത്തു. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള അന്നൂര്‍ ആര്‍ഷ വിദ്യാലയം അടിച്ചുപൊളിച്ച സിപിഎം സംഘം സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും മറ്റും നശിപ്പിക്കുകയും മഴവെള്ളത്തില്‍ വലിച്ചെറിയുകയും ചെയ്തു. കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, മുന്‍ അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖ് പി.പി.സുരേഷ് ബാബു, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശിധരന്‍, സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.രഞ്ജിത്ത്, പി.കെ.വേലായുധന്‍, കെ.രാധാകൃഷ്ണന്‍, എ.ദാമോദരന്‍, വിനോദന്‍ മാസ്റ്റര്‍, സി.വി.തമ്പാന്‍, പി.കൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ ആദരഞ്ജലി അര്‍പ്പിച്ചു. ഡിജിപി ലോകനാഥ് ബെഹ്‌റ സംഭവസ്ഥലം സന്ദര്‍ശിച്ചു.

സിപിഎം കൊലക്കത്തി താഴെ വെച്ചാല്‍ മാത്രമെ കണ്ണൂരില്‍ സമാധാനം വരൂയെന്ന് കുമ്മനം പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനോദ് വധക്കേസിലെ പ്രതികള്‍ തന്നെയാണ് കേസിലെ പ്രധാന സാക്ഷിയായ രാമചന്ദ്രനെ വധിച്ചത്. കുറ്റവാളികളെ വ്യക്തമായി തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.