പയ്യന്നൂരിന്റെ സി.കെക്ക് കണ്ണീരോടെ വിട

Wednesday 13 July 2016 12:43 am IST

പയ്യന്നൂര്‍: ഓട്ടോ തൊഴിലാളികളുടെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും മാത്രമല്ല രാഷ്ട്രീയ പ്രതിയോഗികളുടെയും കുടി പ്രിയപ്പെട്ടവനായിരുന്ന സി.കെ എന്ന സി.കെ രാമചന്ദ്രന് പയ്യന്നൂരിന്റെ മണ്ണ് കണ്ണീരോടെ വിട പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് ഒരു സംഘം സിപിഎം നരാധമന്‍മാര്‍ വീട്ടിനുള്ളില്‍ കടന്ന് വെട്ടിക്കൊന്നത്. വിനോദ് കുമാര്‍ വധക്കേസ്സിലെ പ്രധാന സാക്ഷിയാണ് മരിച്ച രാമചന്ദ്രന്‍. വിനോദ് വധക്കേസ്സിലെ പ്രധാന പ്രതികളായ നന്ദന്‍, രജ്ഞിത്ത് എന്നിവരടങ്ങുന്ന സംഘം തന്നെയാണ് സി.കെ.യെയും വധിച്ചത്. കൊലവിളി നടത്തി വീട്ടിലെത്തിയ സംഘം വീടിനു നേരേ അക്രമണം നടത്തുകയും ഭാര്യയുടെയും രണ്ടു കുട്ടികളുടെയും മുന്നിലിട്ട് വധിക്കുകയുമായിരുന്നു. വെട്ടേറ്റ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പയ്യന്നൂര്‍ ഗവ.ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ്, അന്നൂര്‍ വില്ലേജ് ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലെത്തിച്ച. സ്വയംസേവകരുടെ അന്ത്യ പ്രാര്‍ത്ഥനക്കും കുടുംബാംഗങ്ങളുടെ അശ്രുപൂജക്കും ശേഷം ഭൗതികശരീരം മൂരിക്കൊവ്വലിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അന്നുരിലെ പരേതനായ ഇ.എ.കുഞ്ഞിരാമ പൊതുവാളുടെയും കുഞ്ഞങ്ങ അമ്മയുടെയും മകനാണ് രാമചന്ദ്രന്‍. രജനിയാണ് ഭാര്യ. എട്ടാം തരം വിദ്യാര്‍ത്ഥികളായ ദേവാംഗന, ദേവദര്‍ശന്‍ എന്നിവര്‍ മക്കളാണ്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, മുന്‍ അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖ് പി.പി.സുരേഷ് ബാബു, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ആഎസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശിധരന്‍, സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, ബിജെപിജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.രജ്ഞിത്ത്, പി.കെ.വേലായുധന്‍, കെ.രാധാകൃഷ്ണന്‍, എ.ദാമോദരന്‍, കെ.കെ.വിനോദ് മാസ്റ്റര്‍, സി.വി.തമ്പാന്‍, പി.കൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ ആദരഞ്ജലി അര്‍പ്പിക്കാനെത്തി. ഡിജിപി ലോകനാഥ് ബെഹ്‌റ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.