ജില്ലയില്‍ ജപ്പാന്‍ മസ്തിഷ്‌ക ജ്വരം; പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

Wednesday 13 July 2016 12:55 am IST

കണ്ണൂര്‍: ജില്ലയില്‍ കല്ല്യാശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള മൊട്ടമ്മലില്‍ 60 വയസ്സുള്ള ആള്‍ക്ക് ജപ്പാന്‍ മസ്തിഷ്‌ക ജ്വരം (ജാപ്പനീസ് എന്‍സഫലൈറ്റിസ്) സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി.കെ.ബേബിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എം.കെ.ഷാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. സുനില്‍ദത്തന്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി എന്നിവരടങ്ങുന്ന വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ഓമനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകു സാന്ദ്രതാ പഠനം, ഫോഗിങ്ങ്, ജൈവകീടനാശിനി തളിക്കല്‍, ഗപ്പി മത്സ്യ നിക്ഷേപം എന്നിവ നടത്തി. കല്ല്യാശ്ശേരി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി ശ്രീധരന്‍, ഡോ.ലതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമീപത്തെ നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവ ല്‍ക്കരണം നടത്തി. പ്രദേശം ആരോഗ്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആര്‍ബോ വൈറസ് ഗ്രൂപ്പിലെ സീറോളജിക്കല്‍ ഗ്രൂപ്പ് ബി യിലുള്ള ഫ്‌ളാവി വൈറസ് എന്ന രോഗാണുവാണ് തലച്ചോറിനെ ബാധിക്കുന്ന മാരകമായ ജപ്പാന്‍ ജ്വരം മനുഷ്യനില്‍ ഉണ്ടാക്കുന്നത്. ക്യൂലക്‌സ് വിഷ്ണുയി ഗ്രൂപ്പിലുള്ള ക്യൂലക്‌സ് ട്രൈറ്റീനിയോറിങ്കസ് കൊതുകുകളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. നെല്‍പ്പാടങ്ങളിലും കളകള്‍ നിറഞ്ഞ ജലാശയങ്ങളിലുമാണ് ഈ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. സന്ധ്യാസമയത്തിനു ശേഷവും നന്നേ പുലര്‍ച്ചെയുമാണ് ഇവ കടിക്കുക. വളര്‍ത്തുമൃഗങ്ങളായ പന്നി, കന്നുകാലികള്‍, കൊക്കുവര്‍ഗത്തില്‍പ്പെട്ട ജലപക്ഷികള്‍, വവ്വാല്‍ ഇനത്തില്‍പ്പെട്ട ജീവികള്‍ എന്നിവയില്‍ രോഗലക്ഷണമുണ്ടാക്കാതെ തന്നെ വൈറസ് കാണും. കൊതുകു വഴി വൈറസ് പക്ഷിമൃഗാദികളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പകരുന്നില്ല. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പെട്ടെന്നുള്ള ശക്തമായ പനി, കഠിനമായ തലവേദന, ഓക്കാനം, ചിലപ്പോള്‍ ഛര്‍ദ്ദി, ദേഹമാസകലം വേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. രണ്ടാംഘട്ടമാകുന്നതോടെ കഴുത്തുവേദന, കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ, കൈ കാലുകള്‍ക്ക് തളര്‍ച്ച, വിറയലും കോച്ചലും, ഓര്‍മ്മക്കുറവ്, കാഴ്ച ക്കുറവ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികവിഭ്രാന്തി, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. യഥാസമയം ചികിത്സ തേടാതിരുന്നാല്‍ മരണം വരെ സംഭവിക്കാം. പന്നി, മറ്റു വളര്‍ത്തുമൃഗങ്ങള്‍, താറാവ്, കൊക്ക് മുതലായ ജലപക്ഷികള്‍എന്നിവയുമായി ഇടപഴകുന്നവര്‍ കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം. ദേശാടനപക്ഷികള്‍ എത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ടുകളില്‍ കൂത്താടി ഭോജിമത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളര്‍ത്തുക. കുളങ്ങളിലും തോടുകളിലും കാണുന്ന ജലസസ്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുക. കൊതുകുകടി ഏല്‍ക്കാതിരിക്കത്തക്ക വിധത്തില്‍ വസ്ത്രം ധരിക്കുക. കൊതുകുകടിയില്‍ നിന്നും രക്ഷ നേടാനുള്ള വ്യക്തിഗത നടപടികള്‍ സ്വീകരിക്കുക. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ബേബി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.