മുക്കത്ത് പരിഷ്‌കരിച്ച ട്രാഫിക് സംവിധാനം 20 മുതല്‍

Wednesday 13 July 2016 10:52 am IST

മുക്കം:അങ്ങാടിയിലെ ഗതാഗത കുരുക്കും ആവര്‍ത്തിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പരിഷ്‌കരിച്ച ട്രാഫിക് സംവിധാനം ഈ മാസം 20 ന് ട്രയല്‍ റണ്‍ ആരംഭിക്കുകയാണെന്നും നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നഗരസഭയും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം ആഗസ്റ്റ് ഒന്നിനാണ്പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഈ മാസം 20 ന് പരീക്ഷണ ഓട്ടം തുടങ്ങുകയാണ്. ബസ്സുകളുടെ പോക്കുവരവിലാണ് കാര്യമായ മാറ്റം വരുന്നത്. മുക്കത്തേക്ക് വരുന്ന എല്ലാ ബസ്സുകളും അങ്ങാടിയിലെ ആലിന്‍ ചുവട്ടിലൂടെ തന്നെ വരുകയും കോഴിക്കോട് ഭാഗത്തേക്കും തിരുവമ്പാടി കൂടരഞ്ഞി താമരശേരി ചേന്ദമംഗല്ലൂര്‍ ഭാഗങ്ങളിലേക്കും പോകുന്നവ പഴയ ബസ് സ്റ്റാന്റില്‍ പ്രവേശിക്കുകയും ചെയ്യണം ഇതിനിടയില്‍ കെ. ഡി. സി ബാങ്കിന്റെ മുന്നില്‍ സ്‌റ്റോപ്പുണ്ടാകും. അരിക്കോട് ഭാഗത്തേക്ക് കാരശേരി ജങ്ഷന്‍ വഴി പോകുന്ന ബസ്സുകളെല്ലാം പുതിയ ബസ്സ് സ്റ്റാന്റിലാണ് പ്രവേശിക്കേണ്ടത്.ഇവയ്ക്ക് പഴയ ബസ് സ്റ്റാന്റിനു മുന്നില്‍ സ്‌റ്റോപ്പുണ്ടാകും എന്നാല്‍ പഴയ സ്റ്റാന്റില്‍ പ്രവശനമില്ല. കച്ചേരി ഭാഗത്തു നിന്നു വരുന്ന ബസ്സുകളും പി സി ജങ്ങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അഭിലാഷ് ജങ്ഷനിലൂടെത്തന്നെ അങ്ങാടിയില്‍ പ്രവേശിക്കണം .എല്ലാ ബസ്സുകളും പുറത്തു പോകണ്ടത് ബൈപാസിലൂടെയാണ്. അങ്ങാടിയില്‍ വാഹനഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന ഉന്തുവണ്ടിക്കച്ചവടം വില്ലേജ് ഓഫീസ് പരിസരത്തേക്കും നാലു ചക്രവാഹനങ്ങളുടെ പാര്‍ക്കിങ് സംസ്ഥാന പാതയോരത്തേക്കും മാറ്റും. ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി മുതല്‍ പി.സി.റോഡിന്റെ ഒരു വശത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്. ബസ് സ്റ്റാന്റിനുള്ളില്‍ പാര്‍ക്ക് ചെയ്ത് ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ ഇനി മുതല്‍ സ്റ്റാന്റിന്റെ തെക്ക് ഭാഗത്തായാണ് പാര്‍ക്ക് ചെയ്യേണ്ടത്. വില്ലേജ് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത് ഓടുന്ന ഓട്ടോകള്‍ പുതിയ ബസ് സ്റ്റന്റ് പരിസരത്ത് നിന്നാണ് ഇനി ഓടേണ്ടത്.നടപ്പാതയും റോഡും കയ്യേറിയുള്ള കച്ചവടം തീര്‍ത്തും ഒഴിവാക്കും. പാര്‍ക്കിനു ചുറ്റും കച്ചവടങ്ങളും പരസ്യം പ്രദര്‍ശിപ്പിക്കലും കൊടിതോരണങ്ങളുമൊന്നും പാടില്ല.രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ ലോറികളും ടിപ്പര്‍ ലോറികളും സിറ്റിയില്‍ പ്രവേശിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ സമഗ്ര ട്രാഫിക്ക് പരിഷ്‌കാരമാണ് പ്രയോഗത്തില്‍ വരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.മമ്മദ് ഹാജി റോഡ്, ഓര്‍ഫനേജ് റോഡ്, പി.സി.റോഡ് എന്നിവ വണ്‍വെ ട്രാഫിക് സിസ്റ്റത്തിലാക്കും.കൗണ്‍സിലര്‍മാരായകെ.ടി.ശ്രീധരന്‍,മുക്കം വിജയന്‍, ഇ.പി.അരവിന്ദന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരും പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.