ഇ-വിസ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക്

Wednesday 13 July 2016 2:18 pm IST

ന്യൂദല്‍ഹി: ഇ-വിസ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇറ്റലി, ഇറാന്‍, ഈജിപ്ത്, നൈജീരിയ തുടങ്ങി 36 രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കുകൂടി ഇ-വിസ സൗകര്യം ഏര്‍പ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2013 നവംബറിലാണ് ഓണ്‍ലൈന്‍ വിസ സമ്പ്രദായം ആവിഷ്കരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളെ ഇതിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന നടപടി അതിവേഗത്തിലാണ് മുന്നേറുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സ്വീകാര്യമായതിനാല്‍ ഇ-വിസയുടെ പ്രധാന്യം നാള്‍ക്കുനാള്‍ ഏറിവരികയാണ്. 36 രാജ്യങ്ങളെക്കൂടി ഇ-വിസ പരിധിയില്‍ കൊണ്ടുവരാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കുകയാണെങ്കില്‍ 186 രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ വരും. ഇതോടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇ-വിസയില്‍ ഭാരതത്തില്‍ എത്താനാവും. ഗള്‍ഫ്-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് ഇത്തവണ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇറാന്‍, ഈജിപ്ത്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, മാലെദ്വീപ്, ഇറ്റലി, നൈജീരിയ, തുര്‍ക്കി, എത്യോപ്യ, കസാഖ്സ്താന്‍, മോറോക്കോ എന്നിവ പുതിയതായി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന രാജ്യങ്ങളിലുണ്ട്. 2016 ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ഇ-ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തിയ സഞ്ചാരികളുടെ എണ്ണം 4,71,909 ആണ്. 2015-ല്‍ ഇതേ കാലയളവില്‍ എത്തിയത് 1,26, 214 പേരും. ഇ-വിസ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഒരുവര്‍ഷം കൊണ്ടുണ്ടായ വര്‍ധന 273.9 ശതമാനമാണ്. 2015 ജൂണ്‍ വരെയുള്ള കാലയളവില്‍ 76 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായിരുന്നു ഇ-വിസയുടെ സേവനം ലഭ്യമായിരുന്നത്. ഇക്കൊല്ലം ഫെബ്രുവരിയോടെ അത് 150 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇ-വിസ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇങ്ങനെയൊരു കുതിച്ചുചാട്ടമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.