തോട്ടപ്പള്ളി ഹാര്‍ബറിന് അവഗണന മാത്രം

Wednesday 13 July 2016 7:27 pm IST

ആലപ്പുഴ: മത്സ്യത്തൊഴിലാളികളോടുള്ള ഇടതുവലതു മുന്നണികളുടെ വഞ്ചനയുടെ സാക്ഷ്യപത്രമാണ് തോട്ടപ്പള്ളി ഹാര്‍ബര്‍. ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി നിര്‍മിച്ച തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് ് ശ്മശാനമൂകതയാണ്. മണല്‍ അടിഞ്ഞുകയറി മൂന്നുവര്‍ഷമായി പ്രവര്‍ത്തനരഹിതമാണിത്. സ്ഥലം എംഎല്‍എ മന്ത്രിയായതോടെ തോട്ടപ്പള്ളി ഹാര്‍ബറിന് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും പാഴായി. ഇത്തവണത്തെ ബജറ്റില്‍ ഒരു രൂപ പോലും തോട്ടപ്പള്ളിക്ക് നീക്കിവെക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ ജില്ലയിലെ തന്നെ അര്‍ത്തുങ്കല്‍, ചെത്തി തുടങ്ങിയ ഹാര്‍ബറുകള്‍ക്ക് ഫണ്ട് അനുവദിക്കാനും മറന്നിട്ടില്ല, രാഷ്ട്രീയ പരിഗണനകളാണോ, അതോ ചിലരുടെ മതതാല്‍പ്പര്യങ്ങളാണോ ഇതിന് പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളും അനുബന്ധത്തൊഴിലാളികളുമാണ് സര്‍ക്കാരിന്റെ അവഗണന മൂലം കടുത്ത പ്രതിസന്ധിയിലായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. സുധാകരന്റെ പ്രധാന വാഗ്ദാനമായിരുന്നു തോട്ടപ്പള്ളി ഹാര്‍ബറിന്റെ നവീകരണം. മണല്‍നീക്കം ഇതിനകം ചെയ്യാന്‍കോടികള്‍ ചെലവഴിച്ചെങ്കിലും ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കോടികളുടെ ലാഭം കൊയ്യുന്ന കരിമണല്‍ ഖനന കേന്ദ്രമായി തുറമുഖം മാറിക്കഴിഞ്ഞു. ഭൂപ്രകൃതികൊണ്ടും മത്സ്യസമ്പത്തുകൊണ്ടും സമ്പന്നമായ തോട്ടപ്പളളിയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ 1987ലാണ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഫിഷ്‌ലാന്‍ഡിങ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. നാലുവര്‍ഷത്തിനുശേഷം മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഇത് നാടിന് സമര്‍പ്പിച്ചെങ്കിലും കാഴ്ചവസ്തുവായി മാറി. പിന്നീട് 2004 ഡിസംബറിലാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തുറമുഖത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 14 കോടി രൂപ ചെലവില്‍ 2011ല്‍ തുറമുഖം നാടിന് സമര്‍പ്പിച്ചു. അശാസ്ത്രീയമായിരുന്നു നിര്‍മ്മാണം. 476 മീറ്റര്‍ നീളവും 146 മീറ്റര്‍ വീതിയിലും രണ്ട് പുലിമുട്ടോടുകൂടിയ തുറമുഖത്തിനുളളില്‍ അഞ്ഞൂറ് വള്ളങ്ങള്‍ക്കും 250ഓളം യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും നങ്കൂരമിടുന്നതിന് സൗകര്യമുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 100 വള്ളങ്ങള്‍ക്കും 25 ബോട്ടുകള്‍ക്കും പോലും അകത്തുകടക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുലിമുട്ടിന്റെ നീളക്കുറവും പിന്നീട് ഇതിനുള്ളില്‍ മണല്‍ അടിഞ്ഞുകയറുന്നതിന് കാരണമായി. അതോടെ ചെറുവള്ളത്തിനുപോലും അകത്ത് കടക്കാന്‍ കഴിയാത്ത സ്ഥിതിയായി. മണല്‍ നീക്കം ചെയ്യാനുളള കരാര്‍ ട്രാവന്‍കൂര്‍ സിമെന്റ്‌സിനാണ് കൈമാറിയത്. കോടികള്‍ ചെലവഴിച്ച് മണല്‍ നീക്കിയെങ്കിലും വീണ്ടും പുലിമുട്ടിനുള്ളില്‍ മണല്‍ അടിഞ്ഞുകയറുന്നത് തുറമുഖം അടഞ്ഞുകിടക്കാന്‍ ഇടയാക്കി. നീക്കം ചെയ്യുന്ന മണല്‍ വേര്‍തിരിച്ച് കരിമണല്‍ എടുക്കുന്നത് ഐആര്‍ഇയാണ്. ഫലത്തില്‍ കരിമണലെടുക്കാനുളള കേന്ദ്രമായി തോട്ടപ്പള്ളി തുറമുഖം മാറി. ഇതിനായുള്ള ആസൂത്രിത നീക്കമാണ് നിര്‍മാണത്തില്‍ നടന്നതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. പുലിമുട്ടുകളുടെ നീളംവര്‍ധിപ്പിച്ച് രണ്ടാംഘട്ട വികസനം സാധ്യമാക്കാതെ ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനകരമാകേണ്ട ഹാര്‍ബര്‍ മൂന്നുവര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് നീണ്ടകര തുറമുഖത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്്. യാത്രാചെലവുള്‍പ്പടെ പതിനായിരങ്ങളാണ് തൊഴിലാളികള്‍ക്ക് നിത്യവും അധികമായി ചെലവാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.