കാട്ടാനയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്

Wednesday 13 July 2016 8:07 pm IST

മറയൂര്‍:  വീട്ടുമുറ്റത്ത് നിന്ന യുവാവിനെ കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചു. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി രജനികുമാറിനെ (27)യാണ് കാട്ടാന കുത്തിയത്. ചൊവ്വാഴ്ച രാത്രി പത്ത്മണിയോടെയായിരുന്നു സംഭവം. ഒമ്പത് മണിയോടെ കാട്ടാന ഇന്ദിരാനഗറിലെ രജനികുമാറിന്റെ വീടിന് സമീപത്ത് എത്തി. ആനയെ ഇയാള്‍ വിരട്ടിയോടിക്കുകയും ചെയ്തു. പിന്നീട് പത്ത് മണിയോടെ ആന വീണ്ടുമെത്തി ഇയാളെ കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇയാളെ കോവില്‍കടവ് സഹായഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ദിരാനഗര്‍ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയാന്‍ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മുന്‍പ് ഈ പ്രദേശത്ത് വൈദ്യുത വേലിയുണ്ടായിരുന്നു. എന്നാല്‍ ഇവ പിന്നീട് നഷ്ടപ്പെട്ടു. വൈദ്യുത വേലി പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റമായതിനാല്‍ ഒരു ഉദ്യോഗസ്ഥനും ജനങ്ങളുടെ ദുരിതത്തിന് ചെവികൊടുക്കുന്നില്ല.കഴിഞ്ഞ വര്‍ഷം കാട്ടാനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.