തൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ തൊടുപുഴ അമ്പലത്തിന്റെ ആര്‍ച്ചിനു സമീപമുള്ള വെയിറ്റിങ് ഷെഡ് അപകടാവസ്ഥയില്‍. മൂവാറ്റുപുഴയ്ക്കുള്ള ബസുകള്‍ ഇതുവഴി സഞ്ചരിച്ചിരുന്നപ്പോള്‍ ഈ വെയിറ്റിങ് ഷെഡ് സജീവമായിരുന്നു. അമ്പലം ബൈപ്പാസിലൂടെ മൂവാറ്റുപുഴയ്ക്കുള്ള ബസുകള്‍ വഴിതിരിച്ച് വിട്ടപ്പോള്‍ ഈ വെയിറ്റിങ് ഷെഡ് ഉപയോഗശൂന്യമായി. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായാണ് ഇപ്പോള്‍ ഈ വെയിറ്റിങ് ഷെഡ് ഉപയോഗിക്കുന്നത്. കാല പഴക്കത്താല്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് . സമീപത്തുള്ള ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചസമയത്ത് വിശ്രമത്തിനായി ഇവിടം ഉപയോഗിക്കാറുണ്ട്. അപകടസ്ഥിതി അറിയാതെ മഴയത്ത് നനയാതിരിക്കാന്‍ കാല്‍നടയാത്രക്കാര്‍ ഈ വെയിറ്റിങ് ഷെഡില്‍ അഭയം തേടാറുണ്ട്. നഗര മധ്യത്തിലാണ് അപകടം വിളിച്ചു വരുത്തുന്ന ഈ വെയിറ്റിങ് ഷെഡ് നോക്കുകുത്തിയായി നില്‍ക്കുന്നത്. രാത്രികാലത്ത് സാമൂഹ്യവിരുദ്ധര്‍ ഇവിടെ തമ്പടിക്കാറുണ്ട്. വെയിറ്റിങ് ഷെഡ് പൊളിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: