വനവാസി കോളനികളെ മദ്യവിമുക്തമാക്കാന്‍ പ്രത്യേക പദ്ധതി

Wednesday 13 July 2016 9:43 pm IST

കല്‍പ്പറ്റ : മദ്യ ഉപഭോഗത്തില്‍നിന്ന് പൂര്‍ണമായും വിമുക്തമാവുന്ന ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ അഞ്ചു ലക്ഷം രൂപ ചെലവില്‍ പ്രത്യേക കമ്യൂണിറ്റി സെന്ററുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജനകീയ മദ്യനിര്‍മാര്‍ജന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേന്ദ്രങ്ങളില്‍ ടെലിവിഷന്‍, പത്രങ്ങള്‍, കായിക വിനോദത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. വിജ്ഞാനത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങള്‍ കോളനികളില്‍ ഒരുക്കുന്നത് മദ്യാസക്തി കുറക്കാന്‍ സഹായിക്കും. ഓട്ടോറിക്ഷകളില്‍ മദ്യമെത്തിച്ച് കോളനികളില്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതോടൊപ്പം ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. ഇത്തരം വില്‍പന നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ആയുര്‍വേദ, അലോപ്പതി മരുന്നുകടകളിലൂടെ ലഹരിപദാര്‍ഥമായി ഉപയോഗിക്കാനിടയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ നല്‍കാന്‍ പാടില്ല. ഇതുപരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. വടുവന്‍ചാല്‍-ചേരമ്പാടി റൂട്ടില്‍ ബസുകളിലും റോഡുകളിലും മദ്യപരുടെ ശല്യമുണ്ടെന്ന പരാതിയിലും നടപടി സ്വീകരിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ച തോതിലുള്ള മദ്യ-മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പ്രത്യേകം ബോധവത്കരണം നടത്തും. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, കറുപ്പ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലുണ്ടാവുന്ന മാനസിക-സ്വഭാവ വൈകല്യങ്ങളും വ്യതിയാനങ്ങളും ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും രക്ഷിതാക്കളെ പഠിപ്പിക്കും. പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിയില്‍ വ്യാജവാറ്റ് തടയുന്നതിന് നടപടി സ്വീകരിക്കും. വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റു സംസ്ഥാനങ്ങളിലെ എക്‌സൈസ്-പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. മൂന്നു മാസത്തിലൊരിക്കല്‍ അവലോകനം നടത്തി അതിര്‍ത്തികളിലൂടെ മദ്യ-ലഹരി ഉല്‍പ്പന്നങ്ങളുടെ കടത്ത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ലഹരിവസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ നാര്‍ക്കോട്ടിക് സെല്‍ എല്ലാ ദിവസവും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പട്ടിക ജാതി-വര്‍ഗ കോളനികളില്‍ മദ്യനിര്‍മാണവും വില്‍പനയും നടത്തുകയും ലഹരി വസ്തുക്കളുടെ വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ അബ്കാരി നിയമങ്ങള്‍ക്ക് പുറമെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തി കേസെടുക്കും. ജില്ലയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം നല്‍കുന്നതും മറ്റുള്ളവര്‍ക്ക്‌വേണ്ടി വരിനിന്ന് ഒരേയാള്‍ തന്നെ കൂടുതല്‍ മദ്യം വാങ്ങി നല്‍കുന്നതും തടയുന്നതിന് ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോഡിംഗ് സൗകര്യത്തോടെയുള്ള സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കും. ജില്ലയില്‍നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുന്ന തൊഴിലാളികളെ കുറഞ്ഞ കൂലിയും മദ്യവും നല്‍കി ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിക്കും. അബ്കാരി, നാര്‍ക്കോട്ടിക് നിയമങ്ങളിലെ പോരായ്മകള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരണമെന്ന നിര്‍ദേശം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അനധികൃത മദ്യനിര്‍മാണം നടത്തുന്നവരും വിപണനം നടത്തുന്നവരും സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും വിപണനം നടത്തുന്നവരും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. കഞ്ചാവ് 999 ഗ്രാം വരെ (സ്‌മോള്‍ ക്വാണ്ടിറ്റി) കൈവശം വെച്ചാല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുതന്നെ ജാമ്യം ലഭിക്കും. കുറ്റം തെളിഞ്ഞാല്‍ 10,000 രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടിയോ ലഭിക്കും. ഒരു കിലോഗ്രാം മുതല്‍ 20 കിലോഗ്രാം വരെ (മീഡിയം ക്വാണ്ടിറ്റി) കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ചുമത്താം. അല്ലെങ്കില്‍ തടവും പിഴയും ഒരുമിച്ച് ലഭിക്കാം. 20 കിലോ ഗ്രാമിന് മുകളില്‍ കമേഴ്‌സ്യല്‍ ക്വാണ്ടിറ്റിയായി കണക്കാക്കി 20 വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോടതികള്‍ കേരളത്തില്‍ തൊടുപുഴയിലും വടകരയിലും മാത്രമാണുള്ളത്. ഇതും ഉദ്യോഗസ്ഥര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെ കൈവശം വെക്കാമെന്നാണ് നിലവിലെ നിയമം. ഇതില്‍ കൂടുതല്‍ മദ്യം കൈവശം വെക്കുന്നതിന് കൂടുതല്‍ പേര്‍ സംഘം ചേര്‍ന്ന് നിയമത്തിന്റെ പരിധിയില്‍നിന്ന് രക്ഷപ്പെടുകയാണ്. കഴിഞ്ഞ നാലു മാസക്കാലത്ത് 1247 റെയ്ഡുകള്‍ സംഘടിപ്പിച്ചതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. 328 അബ്കാരി കേസുകളും 336 കോട്പ കേസ്സുകളും 28 എന്‍.ഡിപിഎസ് കേസുകളും എടുത്തു. തൊണ്ടി മുതലായി കര്‍ണ്ണാടക, തമിഴ്‌നാട് വിദേശ മദ്യം ഉള്‍പ്പെടെ 1274.8 ലിറ്റര്‍ വിദേശ മദ്യം, 24.829 കി.ഗ്രം 876 പായ്ക്കറ്റ് ഹാന്‍സ്, 4.79 കി.ഗ്രം കഞ്ചാവ്, 2938 ലിറ്റര്‍ വാഷ്, 1994.75 ലി. അരിഷ്ടം, അഞ്ച് ലിറ്റര്‍ കള്ള്, 40 ലിറ്റര്‍ ചാരായം, ഒന്‍പത് വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. 16980 വാഹനങ്ങള്‍ പരിശോധിച്ചു. 1810 തവണ കള്ള് ഷാപ്പുകളും 209 തവണ വിദേശമദ്യ ഷാപ്പുകളും പരിശോധിച്ചു. 295 തവണ കള്ളിന്റെ സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനക്ക് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.