ഐഎസിലേക്ക് തുറക്കുന്ന വാതില്‍

Wednesday 13 July 2016 10:11 pm IST

കേരളത്തില്‍നിന്ന് അപ്രത്യക്ഷരായ വിദ്യാസമ്പന്നരായ ചില യുവതീയുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ-ഐഎസ്‌ഐഎസ് എന്ന ഭീകര സംഘടനയില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകളെക്കുറിച്ച് മുസ്ലിംസംഘടനകള്‍ ഭിന്നാഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ചില സംഘടനകള്‍ ശരിയായ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ ആശങ്ക നടിച്ചു. എന്നാല്‍ തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രതികരണം. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇങ്ങനെയാണുള്ളത്: ''കേരളത്തില്‍ നിന്നുള്ള ഏതാനും പേര്‍ ഐഎസില്‍ എത്തിപ്പെട്ടതായുള്ള വിവരം ഖേദകരവും ഞെട്ടിപ്പിക്കുന്നതുമാണ്. മലയാളികളെ ഐഎസുമായി ബന്ധിപ്പിക്കുന്ന ഏജന്‍സികളെ സംബന്ധിച്ച് അന്വേഷണം നടത്തി ദുരൂഹതയകറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഐഎസ് എന്ന് ഇതുവരെ പുറത്തുവന്ന വസ്തുതകളില്‍നിന്ന് മനസ്സിലാക്കുന്നു. ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ പ്രവര്‍ത്തനങ്ങളെയുമാണ് ഐഎസ് പ്രതിനിധീകരിക്കുന്നത്.'' ഇത്രയും ഭീകരമായ കാപട്യത്തോടെ മറ്റേതെങ്കിലും ഒരു സംഘടന ഈ പ്രശ്‌നത്തോട് പ്രതികരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അപ്രത്യക്ഷരായ മലയാളികള്‍ ഐഎസില്‍ എത്തിപ്പെട്ടതില്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഞെട്ടേണ്ടതായ കാര്യമൊന്നുമില്ല.  ഒന്നാമതായി അന്യമതവിദ്വേഷവും ആക്രമണോത്സുകതയും കൈമുതലാക്കി അവിഭക്ത ഭാരതത്തില്‍ ജമാഅത്തെ ഇസ്ലാമി പിറന്നുവീണ 'ജിഹാദി ഇസ്ലാമി'ന്റെ ആശയാടിത്തറയില്‍ നിന്നുതന്നെയാണ് 1999-ല്‍ ഐഎസും ആവിര്‍ഭവിച്ചത്. ലോകത്തെ ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ കൊണ്ടുവരികയെന്നതാണ് ഇരു സംഘടനകളുടെയും പ്രഖ്യാപിത ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിയുടെ കാലവും (1941) ഐഎസിന്റെ കാലവും തമ്മില്‍ 58 വര്‍ഷത്തെ അന്തരമുണ്ടെങ്കിലും ഇരുസംഘടനകളും പ്രാവര്‍ത്തികമാക്കുന്നത് ഒരേ ആശയമാണ്. ഇതിനാല്‍ ഐഎസ് ലോകവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളിലും മറ്റ് നശീകരണങ്ങളിലും ജമാഅത്തെ ഇസ്ലാമിക്ക് ദുഃഖമോ നടുക്കമോ ഉണ്ടാകേണ്ട കാര്യമില്ല. ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിലും മാറാട് കൂട്ടക്കൊലയിലും കോളേജ് അധ്യാപകന്റെ കൈവെട്ടിയപ്പോഴും പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയില്‍ ചേരാന്‍ പോയ മലയാളികളായ നാല് യുവാക്കള്‍ കശ്മീരില്‍ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ചപ്പോഴും ജമാഅത്തെ ഇസ്ലാമി ഞെട്ടുകയുണ്ടായില്ലല്ലോ. ഐഎസ് തന്നെ ലോകത്തെ ഏറ്റവും സാധുജനതയായ യസീദികളില്‍ 5000 ത്തോളം പേരെ നിഷ്‌കരുണം കൊന്നൊടുക്കിയപ്പോഴും ഞെട്ടണമെന്ന് ജമാഅത്തെ ഇസ്ലാമിക്ക് തോന്നിയില്ല. യഥാര്‍ത്ഥത്തില്‍ ഖിലാഫത്ത് സ്ഥാപിച്ച് ഭരണം 'ദൈവികമാക്കാന്‍' ഐഎസ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ശ്രമങ്ങളില്‍ അകമേ സന്തോഷിക്കുകയായിരിക്കും ജമാഅത്തെ ഇസ്ലാമി. രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഐഎസ് എന്ന് തിരിച്ചറിയാന്‍ ജമാഅത്തെ ഇസ്ലാമി ഇത്ര വൈകിയതെന്താണ്? മലയാളികളായ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് ആദ്യമായല്ല വെളിപ്പെടുന്നത്. ഐഎസ് ആദ്യമായല്ല കൂട്ടക്കൊലകള്‍ നടത്തുന്നതും. ഓരോ വര്‍ഷവും ഇത്രവീതം അവിശ്വാസികളെ തങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന സംഘടനയാണിത്. 2014 ജനുവരി മുതല്‍ 2015 ഒക്‌ടോബര്‍ വരെ 18,802 പേരെ ഈ ഭീകര സംഘടന കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുള്ളത്. പ്രാകൃതമായ ഈ നരഹത്യകള്‍ക്കുനേര്‍ക്ക് ഒട്ടകപ്പക്ഷി നയം അലംബിച്ച ജമാഅത്തെ ഇസ്ലാമിക്ക് അടുത്തകാലത്താണ് ഐഎസ് ഇസ്ലാമല്ല എന്ന വെളിപാടുണ്ടായത്. 'ഐഎസ് ഇസ്ലാമല്ല' എന്നൊരു പോസ്റ്റര്‍ ഈ സംഘടന കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ ഈ പോസ്റ്ററുകള്‍ അത് പതിപ്പിച്ച മതിലുകളില്‍നിന്ന് പൊളിഞ്ഞുപോകുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാര്‍ത്ഥതയില്ലായ്മയും കാപട്യവും ഇരട്ടത്താപ്പും വെളിപ്പെടുകയുണ്ടായി. യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് രാജസ്ഥാനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മാര്‍ക്കറ്റിങ് മാനേജരായ കര്‍ണാടക ഗുല്‍ബര്‍ഗ സ്വദേശി മുഹമ്മദ് സിറാജുദ്ദീന്‍ എന്നയാളെ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയുണ്ടായി. സിറാജുദ്ദീന്റെ ഫെയ്‌സ് ബുക്ക് പേജും മൂന്നുവര്‍ഷത്തെ നീക്കങ്ങളും പരിശോധിച്ച് ഐഎസുമായുള്ള ബന്ധം ഉറപ്പുവരുത്തിയശേഷമാണ് ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. 2015 ഡിസംബര്‍ 10-നായിരുന്നു ഇത്. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ രാജസ്ഥാനിലെ ചില മുസ്ലിം സംഘടനകള്‍ സിറാജുദ്ദീനെ പിന്തുണച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിന്റെ മുന്‍നിരയില്‍ ഐഎസ് ഇസ്ലാമല്ലെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമിയുണ്ടായിരുന്നു! ഫോറംഫോര്‍ ഡമോക്രാറ്റിക് ആന്റ് കമ്മ്യൂണല്‍ ആമിറ്റി (എഫ്ഡിസിഎ), അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍)എന്നിവയായിരുന്നു മറ്റ് സംഘടനകള്‍. ഐഎസുമായുള്ള സിറാജുദ്ദീന്റെ ബന്ധം ഇനിയും ഉറപ്പായിട്ടില്ല എന്നാണ് പ്രതിഷേധിക്കാന്‍ പറഞ്ഞ കാരണം. എന്നാല്‍ തന്റെ പിഞ്ചുകുഞ്ഞിനെയും കൊണ്ട് സിറിയയിലേക്കുപോയി അവനെയും ജിഹാദിയാക്കാനുള്ള ശ്രമത്തിലായിരുന്നു സിറാജുദ്ദീനെന്ന് കേസ് ഏറ്റെടുത്ത എന്‍ഐഎ കണ്ടെത്തുകയുണ്ടായി. ഇപ്പോള്‍ മലയാളികളുടെ ഐഎസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിച്ച് ദുരൂഹതയകറ്റണം എന്ന് ആവശ്യപ്പെടുന്ന ജമാഅത്തെ ഇസ്ലാമി തന്നെയാവും സര്‍ക്കാര്‍ ഇതിനു ശ്രമിച്ചാല്‍ 'ഭരണകൂട ഭീകരത' എന്ന മുറവിളിയുമായി ആദ്യം രംഗത്തിറങ്ങുക. അവസരത്തിനൊത്ത് അടവുനയം പുറത്തെടുക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി ആര്‍ക്കും പിന്നിലല്ല.  സ്ത്രീകളെ അടിമത്വത്തില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്ന അവര്‍ സ്ത്രീ വിമോചനത്തിന്റെ വക്താവായി രംഗപ്രവേശം ചെയ്യും! സിനിമ അനിസ്ലാമികമാണെന്ന്  വിശ്വസിക്കുന്ന അവര്‍ പ്രത്യേക സിനിമാപ്പതിപ്പുകള്‍ ഇറക്കും!! മാനവികതയുടെ വക്താക്കള്‍ ചമഞ്ഞുകൊണ്ടുതന്നെ അവര്‍ 'മുസ്ലിം വൃക്ക'യ്ക്കുവേണ്ടിയുള്ള പരസ്യം സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിക്കും!!! തങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സൗകര്യപൂര്‍വം 'തള്ളിപ്പറയുന്നത്' ജമാഅത്തെ ഇസ്ലാമിയുടെ പുത്തന്‍ തന്ത്രമാണ്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഒരു ആഗോള ഭീകരസംഘടന തന്നെയാണ്. ഈ രാജ്യങ്ങളില്‍ ജിഹാദിന്റെ ഭാഗമായി കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങളില്‍ മൗലാന മൗദൂദി സ്ഥാപിച്ച ഈ സംഘടന ഏര്‍പ്പെടാറുണ്ട്. അപ്പോഴൊക്കെ തങ്ങളുടേത് ഇവയില്‍നിന്ന് സ്വതന്ത്ര സംഘടനയാണെന്ന അടവുനയമാണ് ഭാരതത്തിലെ ജമാഅത്തെ  ഇസ്ലാമി സ്വീകരിക്കാറുള്ളത്. ഇതുപോലൊന്നാണ് ഇപ്പോള്‍ ഐഎസിനെ തള്ളിപ്പറയുന്നതിലുമുള്ളത്. യഥാര്‍ത്ഥത്തില്‍ ഭാരതത്തിലെ ഭരണസംവിധാനവുമായി ഒരുതരത്തിലും സഹകരിക്കരുതെന്ന നിര്‍ദ്ദേശമാണ് സംഘടന അണികള്‍ക്ക് നല്‍കുന്നത്. ജമ്മുകശ്മീരില്‍ പ്രകടമാകുന്നത് ഇതാണ്. കശ്മീരില്‍ വിഘടനവാദികള്‍ക്കും ഭീകരവാദികള്‍ക്കുമൊപ്പം ജമാഅത്തെ ഇസ്ലാമിയും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നത് ഏവര്‍ക്കും  അറിയാവുന്ന കാര്യമാണ്. ഭാരതത്തിന്റെ അതിര്‍ത്തിക്ക് തൊട്ടപ്പുറത്തെ ബംഗ്ലാദേശില്‍ 1971 ലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഒന്നിലധികം ജമാഅത്തെ ഇസ്ലാമി നേതാക്കളെ അടുത്തിടെ തൂക്കിലേറ്റുകയുണ്ടായി. ഇതിലൊരാളാണ് റഹ്മാന്‍ നിസാമി. 480 പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് പറയുന്ന കേരളത്തിലെ (ഭാരത്തിലെയും) ജമാഅത്തെ ഇസ്ലാമിതന്നെ  നിസാമിയെപ്പോലുള്ളവരുടെ വധശിക്ഷ നടപ്പാക്കിയതിനെ വിമര്‍ശിച്ച് സ്വന്തം ജിഹ്വയായ 'മാധ്യമ'ത്തില്‍ മുഖപ്രസംഗം എഴുതുകയുണ്ടായി. ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലും  അധിഷ്ഠിതമായ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ പ്രവര്‍ത്തനങ്ങളെയാണ് ഐഎസ് പ്രതിനിധാനം ചെയ്യുന്നത് എന്നൊക്കെ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ഒരു സംഘടന വാചാലമാവുന്നത് ശുദ്ധ കാപട്യമാണ്. 'ഇസ്ലാം' എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനം എന്നാണെങ്കിലും ഇസ്ലാം എന്ന മതത്തില്‍ സമാധാനം തിരയുന്നവര്‍ നിരാശപ്പെടുകയേയുള്ളൂ. ''അള്ളാഹു അവിശ്വാസികള്‍ക്ക് ശത്രുവാണ്'' എന്നും ''അള്ളാഹു അവിശ്വാസികളെ ശപിക്കുകയും അവര്‍ക്കായി കത്തിക്കാളുന്ന നരകം കരുതിവെയ്ക്കുകയും ചെയ്തിരിക്കുന്നു'' എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു മതം ബഹുസ്വരതയ്ക്കും സഹവര്‍ത്തിത്വത്തിനുംവേണ്ടി നിലകൊള്ളുന്നുവെന്ന് വാദിക്കുന്നതിനേക്കാള്‍ സത്യവിരുദ്ധമായി മറ്റെന്താണുള്ളത്? ഇത് തെളിയിക്കാന്‍ ചരിത്രാനുഭവങ്ങള്‍ വേണ്ടുവോളമുണ്ട് . ഇസ്ലാമിക ഭരണം എവിടെയൊക്കെ ഉണ്ടായിട്ടുണ്ടോ അവിടങ്ങളിലൊക്കെ അമുസ്ലിങ്ങള്‍ രണ്ടാംതരം പൗരന്മാരാണ്. ഇന്നത്തെ ലോകത്ത് എവിടെയാണ് ഇസ്ലാമികമായ സഹവര്‍ത്തിത്വവും ബഹുസ്വരതയും പുലരുന്നത് എന്ന് ജമാഅത്തെ ഇസ്ലാമിക്ക് ചൂണ്ടിക്കാട്ടാനാവുമോ? ചരിത്രത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഭാരതത്തിലേതുള്‍പ്പെടെ ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ ഈ ആശയങ്ങള്‍ പുലര്‍ന്നിരുന്നതായി തെളിയിക്കാമോ? ഐഎസിന്റെ അക്രമപ്രവര്‍ത്തനങ്ങളെ ജമാഅത്തെ ഇസ്ലാമി വിമര്‍ശിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയാണ്. ഐഎസില്‍ ചേരാന്‍ മലയാളികളായ യുവതീയുവാക്കള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അത് ജമാഅത്തെ ഇസ്ലാമിയുടെ വിജയമാണ് കാണിക്കുന്നത്. ഔദ്യോഗികമായ സംഘടനാ ബന്ധമില്ലെങ്കിലും സിമി,  പോപ്പുലര്‍ ഫ്രണ്ടായി മാറിയ എന്‍ഡിഎഫ് എന്നീ സംഘടനകള്‍ 1980-കള്‍ മുതല്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിച്ച   മതതീവ്രവാദത്തിന്റെ സന്തതികളാണ്. കേരളീയ സമൂഹത്തില്‍ ഇന്ന് ഐഎസിനെപ്പോലുള്ള ഒരു ഭീകരസംഘടനയ്ക്ക് വേരുകളാഴ്ത്താന്‍ കഴിയുന്നതില്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിച്ച മതമൗലികവാദത്തിന് വലിയ പങ്കുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്നു തന്നെയാണ് ഐഎസിന്റെ പേര്. ഭീകരവാദത്തിന് മതമില്ലെന്നവാദം ഇവിടെ പൊളിയുന്നു. ഇരുസംഘടനകള്‍ക്കുമുള്ളത് ഒരേ ആശയവും ലക്ഷ്യവുമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞേക്കുമെന്ന ആശങ്കമൂലമാണ്  ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഐഎസ് വിരോധം പ്രകടിപ്പിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന്റെയും പരിസ്ഥിതി പ്രേമത്തിന്റെയും സാമൂഹ്യനീതിയുടെയും മറ്റും മുഖംമൂടികളണിഞ്ഞ് മുഖ്യധാരയില്‍ നിലയുറപ്പിച്ച് മതമൗലികവാദം പ്രചരിപ്പിക്കാന്‍ ഇത്തരമൊരു തന്ത്രപരമായ നിലപാട് ആവശ്യമാണെന്ന് അവര്‍ കരുതുന്നു. വാസ്തവത്തില്‍ ഐഎസിലേക്ക് തുറക്കുന്ന വാതില്‍ തന്നെയാണ് ജമാഅത്തെ ഇസ്ലാമി. എന്തുകൊണ്ടെന്നാല്‍ ഓരോ ഐഎസ് ഭീകരന്റെയും മനസ്സില്‍ ഒരു മൗലാന മൗദൂദിയുണ്ട്. muralijnbi@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.