ആറന്മുള വിമാനത്താവള പ്രദേശത്ത് കൃഷി: ഇന്ന് ഉന്നതതലയോഗം

Wednesday 13 July 2016 11:17 pm IST

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ആറന്മുള, കിടങ്ങൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറന്മുള പാടശേഖരത്തിലെ 350 ഏക്കറോളം നിലം നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ ആവശ്യത്തിലേക്കെന്ന പേരില്‍ വാങ്ങിയതാണ്. ഇതില്‍ ഉദ്ദേശം 70 ഏക്കറോളം നിലം മണ്ണിട്ട് ഭാഗികമായി നികത്തിയിട്ടുണ്ട്. പാടശേഖരത്തിന്റെ സമീപത്തെ കുന്നുകള്‍ ഇടിച്ചാണ് നികത്തല്‍ നടത്തിയത്. ചെങ്കല്‍ സ്വഭാവമുള്ള മണ്ണിട്ട് നികത്തിയതിനാല്‍ നികത്തിയഭാഗം ഉറച്ചുകിടക്കുകയാണ്. ഇത്തരത്തിലുള്ള അനധികൃത നികത്തലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും കാരണം വെള്ളക്കെട്ടുണ്ടായി പാടശേഖരത്തിന്റെ മല്ലപ്പുഴശ്ശേരി വില്ലേജില്‍പ്പെട്ട ഭാഗത്ത് നെല്‍കൃഷി ഇറക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നികത്തപ്പെട്ട സ്ഥലത്തെ മണ്ണ് മുഴുവന്‍ മാറ്റി കോഴിത്തോട് പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവന്ന് കൃഷി പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. കോഴിത്തോട് പൂര്‍വ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തിയും നികത്തപ്പെട്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയും പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കൃഷിക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്യുവാന്‍ നടപടി സ്വീകരിക്കും.  ഇതിന് പുറമെ ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിട്ടുള്ളതിന്മേല്‍ ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.