രാമായണ മാസത്തെ വരവേല്‍ക്കാന്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി

Thursday 14 July 2016 10:25 am IST

മലപ്പുറം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാമായണ മാസത്തെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. രാമായണ മാസത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാമായണ മാസാചരണത്തിന്റെ ജില്ലാ ഔദ്യോഗിക ഉദ്ഘാടനം 16ന് സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനില്‍ നിര്‍വഹിക്കും. ക്ഷേത്രങ്ങളിലും, ഹൈന്ദവഗൃഹങ്ങളിലും രാമായണ പാരായണം, സത്സംഗങ്ങള്‍ എന്നിവ നടത്തും. ഈ വര്‍ഷം എല്ലാ ക്ഷേത്രങ്ങളിലും, രാമായണംപാരായണം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. കൂടാതെ 24ന് ശാഖാതല രാമായണ വൈജ്ഞാനിക മത്സരങ്ങളും, 31ന് താലൂക്കുതല മത്സരങ്ങളും, ആഗസ്റ്റ് ഏഴിന് അങ്ങാടിപ്പുറം വിദ്യാനികേതനില്‍ വെച്ച് ജില്ലാതല മത്സരങ്ങളും നടക്കും. ഈ വര്‍ഷം പഞ്ചായത്ത് തലത്തില്‍ പ്രശ്‌നോത്തരികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 15ന് എല്ലാക്ഷേത്രങ്ങളിലും അഖണ്ഡ രാമായണ പാരായണം, അന്നദാനം എന്നിവയും നടക്കും. ആഗസ്റ്റ് 14ന് ഞായറാഴ്ച പഞ്ഞിരിയാല്‍ മണ്ണൂര്‍ക്കര ക്ഷേത്രത്തില്‍ വെച്ച് രാമായണസെമിനാറും, മഹാശ്രീരാമഅഷ്‌ടോത്തര അര്‍ച്ചന, പ്രശ്‌നോത്തരി എന്നിവയും നടത്തും. 1982-ലെ വിശാലഹിന്ദുസമ്മേളത്തിലാണ് കര്‍ക്കട മാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. അന്ന് മുതല്‍ ക്ഷേത്രസംരക്ഷണ സമിതിയാണ് ഇതിന് നേതൃത്വം നല്‍കുന്നതും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി എന്‍.സി.വി.നമ്പൂതിരി,ജില്ലാ പ്രസിഡന്റ് കെ.പി.ശിവരാമന്‍, ജില്ലാ സെക്രട്ടറി എം.കൃഷ്ണപ്രഗീഷ്, പി.പി.മോഹന്‍കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.