വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ പിടിയില്‍

Thursday 14 July 2016 10:32 am IST

കുറ്റിപ്പുറം: വിദ്യാര്‍ത്ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ പിടിയിലായി. പുത്തനത്താണി അണ്ടികടവത്ത് മുഹമ്മദിന്റെ മകന്‍ മുനീര്‍(23). കല്‍പകഞ്ചേരി തേനാരി വീട്ടില്‍ മജീദിന്റെ മകന്‍ അര്‍ഷാദ്(20), മൂടാല്‍ സ്വദേശിയായ തോട്ടത്തില്‍ വീട്ടില്‍ താജുദ്ദീന്‍ (63) എന്നിവരാണ് കുറ്റിപ്പുറം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ മൊത്ത വില്‍പ്പനക്കാരില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നവരാണ് ഒന്നും രണ്ടും പ്രതികള്‍. സ്‌കൂള്‍ പരിസരത്ത് വില്‍പ്പന നടത്തുന്നയാളാണ് മൂന്നാം പ്രതി താജുദ്ദീന്‍. ഇവരില്‍ നിന്ന് ഒരുകിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന കഞ്ചാവിന് ആവശ്യക്കാരേ റെയും കോളേജ് വിദ്യാര്‍ത്ഥികളാണ്. പുത്തനത്താണി, ആതവനാട് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് ഉപയോഗവും വില്‍പ്പനയും നടക്കുന്നതായി എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിസരവാസികളെയും കഞ്ചാവ് ഉപയോഗിക്കുന്നവരെയും ചോദ്യം ചെയ്തപ്പോള്‍ വില്‍പ്പനക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെ നാടകീയമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന അര്‍ഷാദിനെയും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന മുനീറിനെയും വലയിലാക്കുകയായിരുന്നു. താജുദ്ദീനെ മറ്റൊരു സ്ഥലത്ത് വെച്ച് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ മോഷണമടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.റോയ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഒഫീസര്‍, അഭിലാഷ്, സിഇഒമാരായ ഷിബ ശങ്കര്‍, ഹംസ.എ, സുനീഷ്, ഷൈലേന്ദ്രന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.