ജില്ലയില്‍ 20 പേര്‍ക്ക് ഡിഫ്ത്തീരിയ ബാധിച്ചു

Thursday 14 July 2016 11:12 am IST

കോഴിക്കോട്: ജില്ലയില്‍ ഇതിനകം 20 പേര്‍ക്ക് ഡിഫ്ത്തീരിയ ബാധ കണ്ടെ ത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്‌കൂള്‍ കുട്ടികളില്‍ തീരെ വാക്‌സിന്‍ എടുക്കാത്തവരുടെയും ഭാഗികമായി മാത്രം എടുത്തവരുടെയും പട്ടിക തയ്യാറാക്കി വരുന്നുണ്ട്. ഇതനുസരിച്ച് സ്‌കൂളുകള്‍, അംഗണവാടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. രോഗം ചികില്‍സിച്ചുഭേദമാക്കുക കൂടുതല്‍ പ്രയാസമാണെന്നതിനാല്‍ പരമാവധി പകരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) അബ്ദുന്നാസര്‍ ബി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിനോട് ചിലര്‍ക്കുണ്ടായിരുന്ന വിമുഖത പുതിയ സാഹചര്യത്തില്‍ കുറഞ്ഞുവരുന്നതായി യോഗത്തില്‍ സംസാരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍ സരിത അറിയിച്ചു. നാളിതുവരെ കുത്തിവയ്‌പ്പെടുക്കാന്‍ വിസമ്മതിച്ചിരുന്ന ഒരു കുടുംബത്തിലെ മുഴുവന്‍ പേരും കഴിഞ്ഞ ദിവസം കുത്തിവയ്‌പ്പെടുക്കാനെത്തി. കുത്തിവയ്പ്പു മൂലം ഉണ്ടാവുമെന്നു തങ്ങള്‍ കരുതുന്ന പ്രശ്‌നങ്ങളേക്കാള്‍ വലുതാണ് ഡിഫ്ത്തീരിയ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയെന്ന തിരിച്ചറിവാണ് മനംമാറ്റത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കുടുംബനാഥര്‍ പറഞ്ഞതായും അവര്‍ അറിയിച്ചു. രോഗികളുമായി ഇടപഴകുന്നവര്‍ ടി.ഡി വാക്‌സിനെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിനെതിരേ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.