ഓട്ടോ ഡ്രൈവറുടെ സത്യസന്ധത: വത്സമ്മക്ക് നഷ്ടപ്പെട്ട പണവും രേഖകളും തിരിച്ചു കിട്ടി

Thursday 14 July 2016 8:14 pm IST

മൂലമറ്റം: ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയില്‍ അറക്കുളം വലിയമഠത്തില്‍ വത്സമ്മക്ക് തിരികെ കിട്ടിയത് നഷ്ടപ്പെട്ടു പോയ 35000 രൂപയും വിലപ്പെട്ട രേഖകളും. ഇന്നലെ രാവിലെ പത്തരയോടെ ഭര്‍ത്താവ്  വി.കെ.ചെല്ലപ്പന് ലഭിച്ച ശമ്പളം മൂലമറ്റം എസ്.ബി.ടി അക്കൗണ്ടില്‍ നിക്ഷേപിക്കാനായാണ് വീട്ടില്‍ നിന്നും വത്സമ്മ പുറപ്പെട്ടത്. അശോക കവലയില്‍ നിന്നും സുബിന്‍ എന്ന ഡ്രൈവറുടെ ഓട്ടോയില്‍ മൂലമറ്റത്തിന് പോകും വഴി പണമടങ്ങിയ പൊതിയും ബാങ്കിലെ പാസ് ബുക്കും കളഞ്ഞു പോയി. രണ്ട് കിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം വത്സമ്മ അറിഞ്ഞത്. ഉടന്‍ ഓട്ടോ ഡ്രൈവറോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ വാഹനം തിരിച്ച് പിന്നിട്ട റോഡിലൂടെയും പുറപ്പെട്ട സ്ഥലത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഇതേ സമയത്ത് ഇതുവഴി വന്ന ദേവൂട്ടി ഓട്ടോയുടെ ഡ്രൈവര്‍ മൂലമറ്റം നടുപ്പറമ്പില്‍ മണികണ്ഠന്‍ വഴിയിലെ വെള്ളക്കെട്ടില്‍ കിടക്കുന്ന നിലയില്‍ പാസ് ബുക്കും പണപ്പൊതിയും കണ്ടത്. പാസ് ബുക്കില്‍ നിന്നും അഡ്രസ് മനസ്സിലാക്കിയ ഉടന്‍ തന്നെ മണികണ്ഠന്‍ പണവുമായി മൂലമറ്റം എസ്.ബി.ടിയിലെത്തി. ബാങ്ക് അധികൃതരെ വിവരം ധരിപ്പിച്ചു. ഉടന്‍ ബാങ്ക് അധികൃതര്‍ വത്സമ്മയുടെ മൊബൈലില്‍ വിളിച്ചങ്കിലും കിട്ടിയില്ല. ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ കെ.മുരുകനും ജീവനക്കാരനായ പുഷ്പാംഗതന്‍ നായരും ഡ്രൈവര്‍ മണികണ്ഠനും കൂടി വത്സമ്മയെ തിരഞ്ഞിറങ്ങി. ഇതേ സമയം യാത്രക്കിടെ പണം നഷ്ടപ്പെട്ട വിവരം അറിയിക്കാനായി മൂലമറ്റത്തെ ഓട്ടോസ്റ്റാന്‍ഡിലെത്തിയ ഡ്രൈവര്‍ സുബിനേയും വത്സമ്മയെയും  കണ്ട് പണം തിരികെ ലഭിച്ച വിവരം അറിയിച്ചു. ഉടന്‍ തന്നെ ബാങ്ക് അധികൃതരുടേയും സഹപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ മണികണ്ഠന്‍ തന്നെ വത്സമ്മക്ക് പണം കൈമാറി. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം കണ്ടെടുത്തു നല്‍കിയ മണികണ്ഠന് ചെറിയൊരു ഉപഹാരവും നല്‍കിയാണ് വത്സമ്മ യാത്രയാക്കിയത്. മൂലമറ്റം ടൗണിലെ മൂന്നാം നമ്പര്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാരാണ് മണികണ്ഠനും സുബിനും.നഷ്ടപ്പെട്ട പണവും ബാങ്കിന്റെ പാസ്ബുക്കും ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ മണികണ്ഠന്‍ വത്സമ്മക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.