രാമായണ സ്മൃതികളുണര്‍ത്തി തീര്‍ത്ഥയാത്ര 17ന്

Thursday 14 July 2016 10:24 pm IST

പുല്‍പ്പള്ളി : ജീവിത ദുരിതങ്ങള്‍ക്ക് ശമനംതേടി കര്‍ക്കിടകമാസത്തില്‍ നടക്കുന്ന രാമായണമാസാചരണത്തിന്റെ ഭാഗമായി അമൃതാനന്ദമയി മഠം ഒരുക്കുന്ന പന്ത്രണ്ടാമത് രാമായണ പരിക്രമണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാമായണകഥകളുമായി ബന്ധപ്പെട്ട നിരവധി സ്ഥലനാമങ്ങളും കഥകളുമുളള പുല്‍പ്പളളി മേഖലയിലെ പത്തിലേറെ ക്ഷേത്രങ്ങളിലും കാവുകളിലും രാമ മന്ത്ര ജപങ്ങളുമായി കാല്‍ നടയായി നൂറുകണക്കിന് ഭക്തര്‍ നടത്തുന്ന തീര്‍ഥയാത്രയില്‍ പങ്കാളികളാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ എത്താറുണ്ട്. അധാര്‍മ്മികതയും മൂല്ല്യച്ച്യുതികളും അരങ്ങുവാഴുന്ന വര്‍ത്തമാന കാലത്തിന് ധാര്‍മ്മികതയുടെ വഴികാട്ടലാണ് ഈ തീര്‍ത്ഥയാത്രയെന്ന് സംഘാടകര്‍ വ്യക്തമാക്കി. പഴയ പുല്പളളി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രദേശങ്ങളിലൂടെ ഇരുപത്തിയഞ്ചോളം കിലോമീറ്ററോളം യാത്രചെയ്താണ് പരിക്രമണം ടൗണില്‍ സമാപിക്കുന്നത്. ജൂലൈ 17ന് രാവിലെ എട്ടുമണിക്ക് സീതാ-ലവകുശക്ഷേത്രങ്കണത്തില്‍ അമൃതാ ആശ്രമത്തിലെ സന്യാസി ശിഷ്യന്‍ സ്വാമി ജ്ഞാനാമൃതന്ദപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് ടൗണിലെ ഹനുമാന്‍ കോവിലിന് സമീപം നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാന്ദമയീമഠം വയനാട് മഠാധിപതി ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ജയകുമാര്‍ കൊട്ടാരത്തില്‍, അക്ഷയാമൃത ചൈതന്യ, രക്‌നാകരന്‍ സ്വാമി, മുരുകന്‍ സ്വാമി, എം.ടി.സുരേഷ്, എം.കെ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.