സര്‍വ്വീസുകള്‍ റദ്ദ് ചെയ്ത് ഇംഎംഎസ് അക്കാദമിയിലേക്ക് കെഎസ്ആര്‍ടിസി ബസ്

Thursday 14 July 2016 11:09 pm IST

ശിവാകൈലാസ് വിളപ്പില്‍: പാര്‍ട്ടി ക്ലാസോ, പരിപാടികളോ ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി ബസ് ഇഎംഎസ് അക്കാദമി വരെ. വിളപ്പില്‍ശാലയില്‍ നിന്ന് കാട്ടാക്കടയ്ക്ക് പോകേണ്ട സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ യാത്ര ഈ ദിവസങ്ങളില്‍ കാല്‍നടയായി മാറും. നിലവിലെ സര്‍വ്വീസ് റദ്ദാക്കി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ബസ് വിട്ട് നല്‍കാന്‍ പാടില്ലെന്ന നിയമം നിലനില്‌ക്കെയാണ് കെഎസ്ആര്‍ടിസി ബസ് പാര്‍ട്ടി പരിപാടികള്‍ക്ക് വിട്ടു നല്‍കുന്നത്. പാര്‍ട്ടി പരിപാടിക്ക് എത്തുന്ന സഖാക്കള്‍ക്ക് സുഖയാത്ര ഒരുക്കാന്‍ കാട്ടാക്കടയ്ക്കുള്ള സര്‍വ്വീസ് റദ്ദ് ചെയ്താണ് പുറ്റുമ്മേല്‍കോണത്തുള്ള അക്കാദമിയിലേക്ക് സഖാക്കള്‍ക്ക് വേണ്ടി ബസ് നല്‍കുന്നത്. ഇതിനുള്ള തുക സിപിഎം കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. പഠനക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങി സിപിഎം നടത്തുന്ന ഒട്ടുമിക്ക പരിപാടികള്‍ക്കും വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയാണ് സ്ഥിരം വേദി. ആഴ്ചയില്‍ ഒന്നും രണ്ടും പരിപാടികളാണ് ഇവിടെ നടക്കുന്നത്. എകെജി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സഖാക്കളെ കയറ്റി അക്കാദമിയില്‍ എത്തിക്കുകയെന്ന ദൗത്യമാണ് കെഎസ്ആര്‍ടിസിയുടേത്. അക്കാദമിയിലേക്ക് ബസ് വിട്ടു നല്‍കിയാല്‍ അന്ന് വേറെ സര്‍വ്വീസ് നടത്താന്‍ സാധിക്കില്ല. രണ്ടും മൂന്നും സര്‍വ്വീസാണ് നടത്തേണ്ടി വരുന്നത്. അതിനു ശേഷം പരിപാടി കഴിഞ്ഞിറങ്ങുന്നവരെ തിരികെ കൊണ്ടാക്കുകയും വേണം. പേയാട്, കൊല്ലംകോണം, വിളപ്പില്‍ശാല പ്രദേശത്തുള്ളവര്‍ക്ക് കാട്ടാക്കടയ്ക്ക് പോകാന്‍ മലപ്പനംകോട്, കട്ടയ്‌ക്കോട് വഴിയുള്ള റോഡാണ് എളുപ്പമാര്‍ഗം. ഇതുവഴി മുന്‍പ് സമാന്തര സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതുവഴി സമാന്തര സര്‍വീസ് ഇല്ല. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും കാട്ടാക്കട ചന്തയിലേക്ക് പോകുന്നവരും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാത്രം ഒതുങ്ങുന്ന ഇതുവഴിയുള്ള ബസിന്റെ സമയത്തിനനുസരിച്ചാണ് ഈ പ്രദേശത്തുള്ളവര്‍ തങ്ങളുടെ യാത്രകള്‍ ചിട്ടപ്പെടുത്തുന്നത്. ബസ് എത്തിയില്ലെങ്കില്‍ ആറു കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോകണം എന്നതാണ് സ്ഥിതി.യാത്രാ ക്ലേശം രൂക്ഷമാണ് ഈ ഭാഗങ്ങളില്‍. നിലവിലെ സര്‍വ്വസീനെക്കാള്‍ കൂടുതല്‍ ബസ് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന യാത്രക്കാരുടെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് സര്‍വ്വീസ് റദ്ദ് ചെയ്ത് സ്വകാര്യ സര്‍വ്വീസ് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.