ആറന്മുള വള്ളസദ്യകള്‍ക്ക് ഇന്ന് തുടക്കമാകും

Thursday 14 July 2016 11:12 pm IST

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ട് വരെയുള്ള 80 ദിവസം പള്ളിയോടങ്ങള്‍ വള്ളസദ്യകള്‍ക്കായി പമ്പാനദിയില്‍ തുഴയെറിയുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ഉത്സവം കൂടിയാണ്. വള്ളസദ്യകളുടെ ആരംഭം കുറിക്കുന്ന ആദ്യദിനത്തില്‍ ളാകഇടയാറന്മുള, കീക്കൊഴൂര്‍, തെക്കേമുറി, മാരാമണ്‍, കീഴ്‌ചേരിമേല്‍, പുന്നംതോട്ടം, ചെറുകോല്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടുകാര്‍ വള്ളസദ്യ വഴിപാടായി നടത്തുന്നത്. പള്ളിയോട സേവാസംഘം അംഗീകരിച്ചിരിക്കുന്ന 11 കരാറുകാരാണ് ഒക്ടോബര്‍ രണ്ട് വരെയുള്ള വിവിധ ദിവസങ്ങളില്‍ വള്ളസദ്യകള്‍ക്ക് വിഭവങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ രാവിലെ 10.23 നും 10.50 നും മദ്ധ്യേ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെ വള്ളസദ്യയുടെ പാചക ജോലികള്‍ക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു പകര്‍ന്നു നല്‍കിയ ദീപം ഫുഡ് കമ്മിറ്റി കണ്‍വീനറും പള്ളിയോട സേവാ സംഘം വൈസ് പ്രസിഡന്റുമായ കെ.പി. സോമന്റെ നേതൃത്വത്തില്‍ പാചകപ്പുരയിലെ ഭദ്രദീപത്തിലേക്ക് പകര്‍ന്നു. ഭദ്രദീപത്തില്‍ നിന്ന് പാചകക്കാര്‍ ഊട്ടുപുരയിലെ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്ന് പാചക ജോലികള്‍ക്ക് തുടക്കം കുറിച്ചു. ഹരിഗോവിന്ദ തിരുനാമ സങ്കീര്‍ത്തനം പാടിക്കൊണ്ടാണ് ഭദ്രദീപം കൊളുത്തിയത്. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തവണ വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. വഴിപാട്കാര്‍ക്ക് വിവിധ പാക്കേജുകളിലൂടെയാണ് വള്ളസദ്യ നടത്തുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തര്‍ ഇതുവരെ 397 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, മീഡിയ കണ്‍വീനര്‍ ആര്‍. ശ്രീകുമാര്‍, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം സി.കെ. ഹരിശ്ചന്ദ്രന്‍, വള്ളസദ്യ നിര്‍വ്വഹണ സമിതി അംഗങ്ങളായ ജഗന്‍മോഹന്‍ദാസ്, കെ. ഹരിദാസ്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ അനില്‍ കുമാര്‍, ഗീതാകൃഷ്ണന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, അസി. കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.