കേരള ബാങ്ക് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാക്കില്ല: മുഖ്യമന്ത്രി

Friday 15 July 2016 12:13 am IST

തിരുവനന്തപുരം: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായല്ല കേരള ബാങ്ക് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്റെ വിപുലീകരണമാണ് ഉദ്ദേശിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ലയനം വന്നാല്‍ ഒരു സംസ്ഥാന ബാങ്ക് ഇല്ലാതാക്കും. ആ സാഹചര്യത്തില്‍ സഹകരണ ബാങ്ക് വിപുലീകരണത്തിന് അനന്ത സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ നിലവിലുള്ള ത്രിതല ഘടനയില്‍നിന്ന് ദ്വിതല ഘടനയിലേക്ക് പരിവര്‍ത്തനപ്പെടുത്തി ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ സംയോജിപ്പിച്ച് ഒറ്റ ബാങ്കാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ ബ്രാഞ്ചുകളുള്ള ഈ ബാങ്കിംഗ് സംവിധാനത്തിന് വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഒരു കമ്മറ്റിയെ നിയോഗിക്കും. എംഎല്‍എഫണ്ട് വിനിയോഗിച്ച് ഗ്രന്ഥശാലകള്‍ക്ക് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ ലഭ്യമാക്കുന്ന കാര്യം തത്കാലം പരിഗണനയില്ലെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് നിരക്കുകളിലെ വര്‍ദ്ധനവിന് ആനുപാതികമായി എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരഗണനയില്ല. ആസ്തി വികസന പദ്ധതി, എംഎല്‍എ- എസ്‌സിഎഫ് എന്നിവയിടെ പ്രവര്‍ത്തികളുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓരോ എംഎല്‍എമാര്‍ക്കും ഓണ്‍ലൈന്‍ സോഫ്ട് വെയര്‍ സംവിധാനത്തിലൂടെ നേരിട്ട് ലഭ്യമാക്കുന്നത് പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. ട്രഷറികളില്‍ എടിഎം സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കും. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മറ്റ് ബാങ്കിംഗ് നെറ്റ് വര്‍ക്കുമായി ട്രഷറികളെ സാംയോജിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും ജില്ലാ സഹകരണ ബാങ്കുകളുടെ 785 ശാഖകളും സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ആകെ 6386 ജീവനക്കാര്‍ ജോലി ചെയ്തുവരുന്നുവെന്നും സഹകരണമന്ത്രി അറിയിച്ചു. ബാങ്കുകളില്‍ എല്ലാംകൂടി ആകെ 60105.30 കോടിരൂപയുടെ നിക്ഷേപം നിലവിലുണ്ട്. സഹകരണ ബാങ്കുകള്‍വഴി നെല്‍കര്‍ഷകര്‍ക്ക് നല്‍കിവരുന്ന പരിശരഹിത വായ്പ മറ്റ് കര്‍ഷകര്‍ക്ക് കൂടി ലഭ്യമാക്കുന്നത് പരിശോധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.