സപ്ലൈകോ ലാഭം ഉപഭോക്താക്കള്‍ക്ക് നഷ്ടം

Friday 15 July 2016 10:05 am IST

കൊടുവള്ളി: സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ പരിപ്പിന് പൊതുമാര്‍ക്കറ്റിലുള്ളതിനെക്കാള്‍ വില കൂടുതല്‍ ഈടാക്കുന്നതായി പരാതി. ബിച്ചാമി മഷൂര്‍ ദര്‍എന്ന ചുവന്ന പരിപ്പിന് സപ്ലൈകോയുടെ കൊടുവള്ളി ലാഭം ഔട്ട്‌ലറ്റില്‍ 500ഗ്രാമിന് 76 രൂപയാണ് പ്രിന്റിംഗ് വില .ഇത് വാങ്ങുമ്പോള്‍ 3.80 ലാഭിക്കാമെന്നു കാണിച്ച് 72.20 രൂപ ബില്ല് നല്‍കി പണം വാങ്ങുന്നു. എന്നാല്‍, ഇതേ പരിപ്പ് പൊതു സ്വകാര്യമാര്‍ക്കറ്റില്‍ 500ഗ്രാമിന് കേവലം 45 രൂപക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്. പൊതുവിപണിയില്‍ 90 രൂപ കൊടുത്താല്‍ ഒരു കിലോ പരിപ്പ് ലഭിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാവേണ്ട സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ 152 രൂപയാണ് വിലരേഖപ്പെടുത്തിയത്. 7.60 പൈസ ലാഭിക്കാമെന്ന് വാഗ്ദാനം നല്‍കി 144.40 രൂപ നിരക്കിലാണ് ഉപഭോക്താവിന് വില്‍ക്കന്നത്. കൊടുവള്ളിയിലെ ഒരു പൊതു പ്രവര്‍ത്തകനാണ് ഈ വില വ്യത്യാസം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. ഈ വ്യത്യാസം അദ്ദേഹം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും മന്ത്രി അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സപ്ലൈകോയുടെ ബ്രാഞ്ച് മാനേജര്‍മാര്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. സാധനങ്ങള്‍ വിവിധ കമ്പനികളുമായി വാങ്ങാന്‍ കരാറുണ്ടാക്കുന്നതും വില്‍ക്കേണ്ട വില നിശ്ചയിക്കുന്നതും സപ്ലൈകോയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അവരുടെ അശ്രദ്ധയാണിങ്ങിനെ വില വ്യത്യാസത്തിന് കാരണമെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ ഔട്ടുലെറ്റുകളില്‍ ലഭിക്കുന്നതിനെക്കാള്‍ വിലക്കുറവില്‍ പൊതുമാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സപ്ലൈകോയുടെ ഔട്ട് ലറ്റുകളിലും മേല്‍ ഇനംപരിപ്പ് ഇതേ വിലയിലാണ് വില്‍പന നടത്തി വരുന്നത് സബ്‌സിഡി നിരക്കില്‍ വില്‍ക്കേണ്ട 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ മിക്ക സപ്ലൈകോ മാര്‍ക്കറ്റുകളിലും കിട്ടാക്കനിയാണ്. നോണ്‍ സബ്‌സിഡി സാധന വില്‍പനയാവട്ടെ ഇത്തരത്തിലുമാണെന്നാന്ന് പരാതി. വിലനിലവാരമറിയാതെ നിരവധി ഉപഭോക്താക്കളാണിങ്ങിനെ കബളിപ്പിക്കപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.