ഒറ്റമുറിക്കൂരയില്‍ താമസിക്കും അമ്മക്കും മക്കള്‍ക്കും താങ്ങായി സേവാഭാരതി

Friday 15 July 2016 10:13 am IST

കോഴിക്കോട്: തകര്‍ന്നുവീഴാറായ ഒറ്റമുറികൂരയില്‍ താമസിക്കുന്ന അമ്മക്കും മക്കള്‍ക്കും താങ്ങായി സേവാഭാരതി. പുതിയാപ്പ താഴത്തെ പീടികയില്‍ താമസിക്കും അമ്പിളിയേയും കുടുംബത്തെയും സേവാഭാരതി ഏറ്റെടുത്തു. തകര്‍ന്നുവീഴാറായ ഒറ്റമുറി കുരിയില്‍ താമസിച്ചിരുന്ന നിര്‍ദ്ധന കുടുംബത്തെ അപകട ഭീതിയില്‍ നിന്നും രക്ഷിച്ച് സേവാഭാരതി സുരക്ഷിതമായ പാര്‍പ്പിടത്തിലേക്ക് മാറ്റി. കടലിനോട് ചേര്‍ന്നുള്ള മൂന്ന് സെന്റ് ഭൂമിയില്‍ കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളത്തിന് സമീപം ചാക്കുകൊണ്ടും, പ്ലാസ്റ്റിക്ക് പായകൊണ്ടും മറച്ച കുടിലിലാണ് അമ്പിളിയും കുടുംബവും താമസിച്ചിരുന്നത്. മഴയും വെയിലും, മഞ്ഞുമേറ്റ് കുടിലില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിന് കിടക്കാനും പാചകത്തിനും എല്ലാമുള്ളത് ഈ ഒറ്റ മുറിക്കൂരയാണ്. വിദ്യാര്‍ത്ഥികളായ മക്കള്‍ ശില്‍പയും, ശ്രീലക്ഷ്മിയും, അമര്‍നാഥും പഠിക്കുന്നതും ഇവിടെ വെച്ച് തന്നെ. എസ്എം സ്ട്രീറ്റിലെ ഒരു ചെരുപ്പു കടയില്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് അമ്പിളി ജീവിതം തള്ളി നീക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി കടുത്ത ശാരീരീക അസ്വസ്ഥതകള്‍ മൂലം അമ്പിളിക്ക് ജോലിക്ക് പോകാന്‍ കഴിയാറില്ല. ഭര്‍ത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയിട്ട് കാലങ്ങള്‍ ഏറെയായി. അതുകൊണ്ടുതന്നെ എല്ലുമുറിയെ പണിയെടുത്ത് മക്കളെ വളര്‍ത്തുകയായിരുന്നു അമ്പിളി. പക്ഷെ വിധി അമ്പിളിയെ അതിന് അനുവദിച്ചില്ല. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശുചിമുറി പോലുമില്ലാത്ത കൂരയില്‍ ഒരാക്ഷേപവും കൂടാതെ തങ്ങളുടെ അമ്മയുടെ കഷ്ടപ്പാടെല്ലാം മനസ്സിലാക്കി കഴിയുകയാണ് കുരുന്നുകള്‍. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന ഒരു രൂപ അരിയെ ആശ്രയിച്ച് ജീവിക്കുന്ന നിര്‍ധന കുടുംബത്തിന് മഴ കനത്തതോടുകൂടി ദുരിതങ്ങളും കടുത്തു. ചോര്‍ച്ച കാരണം വീടിനകത്ത് അന്തിയുറങ്ങാന്‍ പോലും കഴിയാതെ കഴിഞ്ഞുകൂടുകയായിരുന്നു. അമ്പിളിയും മക്കളും. മൂത്ത മകള്‍ ശില്‍പ പ്ലസ്ടു കഴിഞ്ഞെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം പഠിത്തം അവസാനിപ്പിക്കുകയായിരുന്നു. മറ്റു മക്കളായ ശ്രീലക്ഷ്മി പ്ലസ് വണ്ണിലും മകന്‍ അമര്‍നാഥ് 9-ാം ക്ലാസിലും പഠിക്കുകയാണ്. സേവാഭാരതി കുടുംബത്തെ പൂര്‍ണ്ണമായി ഏറ്റെടുത്ത് ഇവര്‍ക്ക് താല്‍ക്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കി. കൂടാതെ എത്രയും പെട്ടെന്ന് ഇവര്‍ക്ക് പുതിയൊരു വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം.പി. ഷാജ്കുമാര്‍, ആര്‍എസ്എസ് മഹാനഗര്‍ സേവാപ്രമുഖ് സര്‍ജിത്ത് ലാല്‍, കോട്ടപ്പറമ്പ് യൂണിറ്റ് സെക്രട്ടറി ടി. ദിവ്യന്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.