റോഡുകളുടെ ശോച്യാവസ്ഥ: സ്വകാര്യ ബസുകള്‍ 19മുതല്‍ സര്‍വ്വീസ് നിര്‍ത്തും

Friday 15 July 2016 7:26 pm IST

ആലപ്പുഴ: നഗരത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിവരുന്ന റോഡുകളുടെ ശോച്യാവസ്ഥ ഫലപ്രദമായി പരിഹരിക്കാന്‍ ശ്രമം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ 19 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്. നവാസും പറഞ്ഞു. റോഡിലെ കുഴികളില്‍ വീണ് ദിനംപ്രതി സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ മതിയായ ലാഭമോ, കളക്ഷനോ വടക്കോട്ട് പന്ത്രണ്ടു കിലോമീറ്ററും തെക്കോട്ട് പതിമൂന്നു കിലോമീറ്ററും മാത്രം ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നില്ല. ഡീസല്‍ ഓട്ടോകള്‍ ചില റൂട്ടുകളില്‍ അനുവദിച്ചിരിക്കുന്നതിന്റെ ഇരട്ടിയിലധികം യാത്രക്കാരെ കയറ്റി സമാന്തര സര്‍വ്വീസ് നടത്തി വരുന്നതും സ്വകാര്യ ബസ് മേഖലയ്ക്ക് ദോഷകരമാണ്. റോഡിലെ കുഴികള്‍ മൂലം ബസുകളുടെ വേഗത കുറയ്ക്കുന്നത് ട്രിപ്പു മുടങ്ങുന്നതിനും കാരണമാകുന്നു. വേഗത കുറയ്ക്കുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പോലീസ് അസഭ്യവര്‍ഷം നടത്തിയും പിഴ ചുമത്തിയും പീഡിപ്പിക്കുന്നതും എല്ലാം പരിഹാരം കാണാതെ തുടരുന്നു. റോഡിന്റെ ദുരവസ്ഥയും സ്വകാര്യ ബസ് മേഖല അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളും നിവേദനങ്ങളിലൂടെ ജില്ലാ കളക്ടറെയും ആര്‍ടിഒയെയും അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങള്‍ ഉണ്ടാകാത്തതാണ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.