വിജയന്റെ തലയില്‍ ബഷീറിന്റെ തൊപ്പി

Friday 15 July 2016 8:41 pm IST

മുസ്ലിംലീഗിന്റെ യോഗം നടക്കുന്ന തീയതി കുറിച്ചാല്‍ കേള്‍ക്കുന്നൊരു വര്‍ത്തമാനമുണ്ട് 'കോഴികള്‍ക്ക് കഷ്ടകാലം.' ഇത് പണ്ടുള്ളത്. ഇപ്പോള്‍ കോഴിയാണോ ആടാണോ ബിരിയാണിക്ക് പഥ്യം? അതോ ബിജെപി വിരുദ്ധം തലക്കുപിടിച്ച് ബീഫിലേക്ക് മാറിയോ? ഏതായാലും ലീഗ് യോഗത്തിന് ഒഴിച്ചുകൂടാത്ത വിഭവം ബിരിയാണി എന്ന് കേട്ടിട്ടുണ്ട്. അതില്‍ അഭിരമിച്ച് ഏമ്പക്കം വിടുന്നതിനിടയില്‍ എല്ലാം സംസ്ഥാന പ്രസിഡന്റിന്റെ തീര്‍പ്പിന് വിടുക. അതാണവരുടെ ഒരു സ്റ്റൈല്. അഖിലേന്ത്യാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന 'ഹിക്ക്മത്ത്' ലീഗിന് മാത്രം വശമുള്ളതാണല്ലൊ. അമ്മാതിരിയൊരു സംഗതി കഴിഞ്ഞാഴ്ച നടന്നു. യോഗതീരുമാനം വിശദീകരിച്ചത് ഇ.ടി.മുഹമ്മദ് ബഷീറാണ്. അവതരണ പാടവവും വകതിരിവുമൊക്കെയുള്ള ലീഗ് നേതാവെന്ന നിലയില്‍ പേരെടുത്ത ഈ അഖിലേന്ത്യാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ മൂന്നുകാര്യങ്ങളാണ് പറഞ്ഞത്. അതിലൊന്ന് ഏകീകൃതസിവില്‍ കോഡാണ്. അത് ഇസ്ലാം വിരുദ്ധം! ഹിന്ദു സിവില്‍ കോഡ് മറ്റ് മതവിഭാഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ബിജെപിയുടെ ഹിഡന്‍ അജണ്ട. ശരിയത്ത് ദൈവ. നിര്‍മ്മിതമാണ് അത് തൊടാന്‍ പറ്റില്ല. പിന്നൊന്ന് സക്കീര്‍ നായിക് വിഷയം. സക്കീര്‍ നായിക്ക് മതപണ്ഡിതനാണ്. അദ്ദേഹത്തെ വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരാളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്കാര്‍ സ്വീകരിക്കുന്ന സമീപനമുണ്ട്. കുപ്രചാരണം നടത്തുക, കുരിശിലേറ്റുക! പിന്നെ പറഞ്ഞത് ഐഎസ് ബന്ധം സംബന്ധിച്ചുള്ള വാര്‍ത്തകളും മലയാളികള്‍ മുങ്ങിയതും.വിതണ്ഡവാദമാണ് മുഹമ്മദ് ബഷീര്‍ നിരത്തിയത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന നിര്‍ദ്ദേശം നമ്മുടെ ഭരണഘടനയുടേതാണ്. ആറര പതിറ്റാണ്ടായി അത് സുഖനിദ്രയില്‍ കഴിയുകയാണ്. ഇതിനിടയില്‍ മൂന്നുതവണ പരമോന്നതനീതിപീഠം 'എന്തുകൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നില്ല' എന്നാരായുന്നു. കേന്ദ്രസര്‍ക്കാരിന് കോടതിയില്‍ മറുപടി നല്‍കാതിരിക്കാനാവില്ല. സര്‍ക്കാരിനെ നയിക്കുന്നവരുടെ അഭിപ്രായവും ഏകീകൃത സിവില്‍ കോഡ് വേണം എന്നുതന്നെയാണ്. അതെങ്ങനെ വേണം എന്ന് നിശ്ചയിക്കാന്‍ ഒരു മാതൃകയൊന്നും നമ്മുടെ മുന്നിലില്ല. ചര്‍ച്ചയിലൂടെ ഉരുത്തിരിയേണ്ട സംഗതിയാണത്. ഹിന്ദു സിവില്‍ കോഡ് എന്നൊന്നില്ല. പിന്നെ അതെങ്ങനെ മറ്റ് സമുദായങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കും? ചര്‍ച്ചയേ പാടില്ല എന്ന പിടിവാശി ജനാധിപത്യത്തിന് ചേര്‍ന്നതാണോ? ഭരണഘടനയാണ് തന്റെ മതം എന്ന് ആദരപൂര്‍വ്വം പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നരേന്ദ്രമോദിയും അമിത്ഷായും ജനിക്കും മുന്‍പ് രൂപപ്പെട്ടതാണ് ഭരണഘടന. ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘം രൂപംകൊള്ളുമുന്‍പ് ഭരണഘടന നിലവില്‍വന്നിരുന്നു. അതിലാണ് ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് നിര്‍ദ്ദേശമുള്ളത്. ഏകീകൃതസിവില്‍കോഡ് വന്നാല്‍ അത് ഭരണഘടനയ്ക്ക് വിരുദ്ധം എന്ന വാദം വിചിത്രമാണ്. അതിലെ മറ്റ് ഭാഗങ്ങള്‍ കെങ്കേമം. ഏകീകൃത സിവില്‍ കോഡ് മോശം. ഇതെന്ത് ന്യായം? ശരിയത്തിന് പകരം ഏകീകൃത സിവില്‍ കോഡ് എന്നാരും പറഞ്ഞിട്ടില്ല. ശരിയത്ത് മാത്രമേ മുസ്ലിങ്ങള്‍ അനുസരിക്കൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍ ബഷീറിന് അവകാശമുണ്ട്. പക്ഷേ അത് എല്ലാ കാര്യത്തിലും ബാധകമാകേണ്ടതല്ലെ? സിവില്‍ നിയമം മാത്രമല്ല ക്രിമിനല്‍ നിയമവും ശരിയത്ത് പ്രകാരമുണ്ടല്ലൊ? അത് നടപ്പാക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെടുമോ? കട്ടവന്റെ കൈവെട്ട്, കൊടുംകുറ്റക്കാരന്റെ തലവെട്ട്, വ്യഭിചരിച്ചവന്റെ മറ്റ് ചിലത് ഛേദിക്കല്‍ അങ്ങനെ അങ്ങനെ. മുസ്ലിംലീഗുകാര്‍ നിരവധി സഹകരണ ബാങ്കുകള്‍ ഭരിക്കുന്നുണ്ട്. മുസ്ലിം ലീഗിന് ബാങ്ക് അക്കൗണ്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത ലീഗ് പ്രമാണിമാര്‍ക്കും ബാങ്ക് അക്കൗണ്ടുണ്ട്. നിക്ഷേപമുണ്ട്. ശരിയത്ത് അനുസരിച്ച് പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന സ്ഥാപനം നടത്താന്‍ സാധിക്കുമോ? പെണ്ണുകെട്ടുന്ന കാര്യത്തിലും സ്വത്തവകാശപ്രശ്‌നത്തിലും മാത്രം ശരിയത്ത് മതിയോ? സക്കീര്‍ നായിക്കിനെ വേട്ടയാടാന്‍ ബിജെപി തീരുമാനിച്ചതായി ബഷീറിന് എവിടെനിന്നാണ് വിവരം ലഭിച്ചത്. സക്കീര്‍ നായിക്ക് തന്നെ അടുത്തിടെ പ്രസ്താവിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്ന്. അതേസമയം വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ 30 ആരോപണങ്ങളുണ്ടെന്ന് സമ്മതിച്ചിരിക്കുന്നു. അതിനെക്കുറിച്ചന്വേഷിച്ചാല്‍ അത് മുസ്ലിം വേട്ടയാകുമോ? സക്കിര്‍ നായിക്കിനെ പ്രതിപട്ടികയില്‍പ്പെടുത്തിയത് ബംഗ്ലാദേശ് സര്‍ക്കാരാണ്. അവിടെ ഭരിക്കുന്നത് ബിജെപിയല്ല. അത് ഹിന്ദുരാഷ്ട്രവുമല്ല. ഇസ്ലാമിക രാജ്യമാണ്. ഡാക്കയിലെ സ്‌ഫോടനത്തിന് പ്രേരകമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണമാണെന്ന് മൊഴിഞ്ഞത് ബിജെപിക്കാരനല്ല. അഞ്ചുനേരവും നിസ്‌ക്കരിക്കുന്ന, ഇസ്ലാം പരിപാലിക്കുന്നു എന്നവകാശപ്പെടുന്നവരാണ്. സക്കീര്‍ നായ്ക്ക് എന്തൊരു മാന്യന്‍ എന്ന് ബോദ്ധ്യപ്പെടുത്താന്‍ ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ നായിക്കിന്റെ ഒരു മിനിട്ട് നീണ്ട പ്രസംഗം കേള്‍പ്പിച്ചു. നിരവധി പുസ്തകങ്ങള്‍ എഴുതിയ നായ്ക്കിന്റെ ഒരു പുസ്തകത്തിലെ നാലുവരി വായിക്കുകയും ചെയ്തു. 'ഭീകരതയെ പ്രോത്സാഹിപ്പിക്കരുത്. ഐഎസ് അനിസ്ലാമികം' എന്നൊക്കെയാണത്. ആയിരക്കണക്കിന് പ്രഭാഷണങ്ങളാണ് നായിക്ക് നടത്തിയിട്ടുള്ളത്. അതൊക്കെ എന്തിന് പ്രേരണയാണെന്ന് ബഷീറിനും നന്നായി അറിയാമായിരിക്കും. നായിക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ബഷീര്‍ വായിച്ച വാചകങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ''ഭീകരതയെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേര്‍ ആക്രമങ്ങള്‍ ഇസ്ലാമിക വിരുദ്ധം, തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ, താന്‍ സമാധാനത്തിന്റെ സന്ദേശവാഹകന്‍'' എന്നൊക്കെയാണ്. ഇക്കാര്യങ്ങള്‍ നായിക്ക് ബംഗ്ലാദേശിനെ ബോധ്യപ്പെടുത്തട്ടെ. വിലക്കേര്‍പ്പെടുത്തിയ മറ്റ് ഇസ്ലാമിക രാജ്യങ്ങളെ ബോധ്യപ്പെടുത്തട്ടെ. അബ്ദുള്‍ നാസര്‍ മദനിയും ഇപ്പോള്‍ പറയുന്നത് ഭീകരതക്കെതിരായാണ്, അക്രമങ്ങള്‍ക്കെതിരെയാണ്. കിട്ടേണ്ടത് കിട്ടിയപ്പോഴും കിട്ടുമെന്നുറപ്പുള്ളപ്പോഴും ഇതൊക്കെ പറയുന്നത് സ്വാഭാവികം. ഒരു നിരപരാധിയും വേട്ടയാടപ്പെടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. ഒരു ഇസ്ലാമിക പ്രചാരകനെയും ബിജെപി സര്‍ക്കാര്‍ പൂട്ടിയിട്ടില്ല. അതേസമയം ആത്മീയവും ആദ്ധ്യാത്മികതയുമെല്ലാം പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന കപടസന്യാസിമാരെ പൂട്ടിയിട്ടുണ്ട്. ഗുജറാത്തിലും ഹരിയായനയിലും നമ്മള്‍ കണ്ടെതല്ലെ! കുറ്റവാളികളുടെ നിറവും മതവും നോക്കരുത്. കുറ്റവാളിയായ ഹിന്ദുവിനെ തൊട്ടാല്‍ ആരും ഇടപെടുന്നില്ല. അതേസമയം മുസല്‍മാനാണ് കുറ്റവാളിയെങ്കില്‍ മതം അപകടത്തില്‍ എന്ന വാദം നീതിയും ന്യായവും പുലരണമെന്നാഗ്രഹിക്കുന്ന ഏത് മുസല്‍മാനാണ് അംഗീകരിക്കാനാവുക? അതുതന്നെയാണ് ഐഎസിലേക്ക് പോയി എന്ന സംശയത്തിന്റെ പേരിലുള്ളത്. അതില്‍ എവിടെയാണ് ബിജെപിയുടെ റോള്‍ ഉള്ളത്. വിഷയം നിയമസഭയില്‍ വന്നപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദമാണ് വിചിത്രമായത്. ഐഎസിന്റെ പേരില്‍ മുസ്ലിം വിരുദ്ധവികാരം വളര്‍ത്തി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ഒരു മുതലെടുപ്പും നടത്താത്ത മാന്യമാര്‍ സിപിഎമ്മുകാര്‍ എന്നറിയിക്കാന്‍ മുഖ്യമന്ത്രി വിജയന്‍ നിയമസഭാ വേദിതന്നെ ഉപയോഗപ്പെടുത്തി. ബഷീര്‍ വിവരിച്ചു മുസ്ലിം വേട്ട വരുന്നുവെന്ന്. മുഖ്യമന്ത്രി അത് ശരിവച്ചു. സമര്‍ത്ഥമായി ബഷീര്‍ ഒരുക്കിയ തൊപ്പി വിജയന്‍ എടുത്തണിഞ്ഞു. ശരിയത്തിനെ വിജയന്റെ താത്വികാചാര്യന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിമര്‍ശിച്ചത് വിസ്മരിക്കാന്‍ കഴിയില്ല. ശരിയത്തിന്റെ പേരില്‍ മൊഴി ചൊല്ലലും വീണ്ടും കെട്ടലും അപരിഷ്‌കൃതമെന്ന് പറഞ്ഞപ്പോള്‍ 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റോളേയും കെട്ടും' എന്ന് മുദ്രാവാക്യം മുഴക്കിയവരാണ് ലീഗുകാര്‍. അവര്‍ക്ക് വേണ്ടി ആചാര്യനെപോലും വിസ്മരിക്കുന്നെങ്കില്‍ അതിനെയാണ് 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നുപറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.