കേന്ദ്രഭരണത്തിന്റെ കടന്നുകയറ്റം

Thursday 23 February 2012 9:16 pm IST

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏതാണ്ട്‌ നിശ്ചലമാണെങ്കിലും സ്വതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളും അധികാരം നിയന്ത്രിക്കാനും സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കൈകടത്താനും ജാഗ്രത കാണിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നില്ല. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) രൂപീകരണത്തോട്‌ പ്രതിപക്ഷപാര്‍ട്ടികള്‍ മാത്രമല്ല സഖ്യകക്ഷിയായ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും ശക്തിയായ എതിര്‍പ്പാണ്‌ പ്രകടിപ്പിച്ചത്‌. ഏത്‌ സംസ്ഥാനത്തും പ്രവര്‍ത്തിക്കാനും സംശയത്തിന്റെ പേരില്‍ ആരെ വേണമെങ്കിലും അറസ്റ്റ്‌ ചെയ്യാനുമുള്ള അധികാരം നല്‍കുന്ന സംവിധാനം ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്നതിനാലാണ്‌ എതിര്‍പ്പുയര്‍ന്നത്‌.
എന്‍സിടിസി ഇന്റലിജന്‍സ്‌ ബ്യൂറോയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാര പരിധിയില്‍നിന്ന്‌ മാതൃകാ പെരുമാറ്റച്ചട്ടം എടുത്തു മാറ്റാനുള്ള നീക്കമാണ്‌ വിവാദമായിരിക്കുന്നത്‌. യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സല്‍മാന്‍ ഖുര്‍ഷിദ്‌, ബേനിപ്രസാദ്‌ വര്‍മ്മ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സ്വീകരിച്ച നടപടികളാണ്‌ ഈ നീക്കത്തിന്‌ കാരണമായത്‌. രാഹുല്‍ഗാന്ധിയുടെ പ്രകടനവും കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കമ്മീഷന്‍ രാഷ്ട്രപതിയ്ക്ക്‌ പരാതി നല്‍കിയപ്പോള്‍ ഖുര്‍ഷിദിന്‌ മാപ്പ്‌ പറയേണ്ടിവന്നതിനു ശേഷമാണ്‌ മാതൃകാ പെരുമാറ്റച്ചട്ടം ഇലക്ഷന്‍ കമ്മീഷനില്‍നിന്ന്‌ എടുത്തുമാറ്റി കോടതികളുടെ തീര്‍പ്പിന്‌ വിട്ടാല്‍ മതി എന്ന അഭിപ്രായം ഉയര്‍ന്നിരുന്നത്‌. സല്‍മാന്‍ ഖുര്‍ഷിദ്‌ യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ മുസ്ലീം വോട്ട്‌ ലക്ഷ്യമിട്ട്‌ മതസംവരണ പ്രഖ്യാപനം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സ്തുത്യര്‍ഹമായ സേവനമാണ്‌ കാഴ്ചവയ്ക്കുന്നത്‌. കമ്മീഷന്റെ വാച്ച്ഡോഗ്‌ റോളാണ്‌ പെയ്ഡ്‌ ന്യൂസിനെതിരെയും പണ-മാഫിയ ശക്തികള്‍ക്കെതിരെയും നടപടി ഉണ്ടാകാന്‍ കാരണം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രവര്‍ത്തനലക്ഷ്യം തന്നെ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങളെ നിയന്ത്രിക്കുക എന്നതും നിഷ്പക്ഷവും സ്വതന്ത്രവുമായ വോട്ടിംഗ്‌ സാധ്യമാക്കുക എന്നതുമാണ്‌. ടി.എന്‍.ശേഷന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആയ ശേഷമാണ്‌ കമ്മീഷന്‌ സ്വതന്ത്രാധികാരം കയ്യാളാന്‍ തന്റേടവും അവസരവും കൈവന്നത്‌. തെരഞ്ഞെടുപ്പുകള്‍ അഴിമതിയുടേയും സമ്പത്തിന്റേയും നിയന്ത്രണത്തിലായാല്‍ അര്‍ഹതപ്പെട്ടവര്‍ തെരഞ്ഞെടുക്കപ്പെടാതെ പോകുകയും ജനാധിപത്യം അര്‍ത്ഥശൂന്യമാകുകയും ചെയ്യും. ഇതു തടയാനാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോഡ്‌ ഓഫ്‌ കോണ്‍ഡക്ട്‌ ഉപയോഗിക്കുന്നത്‌.
ഗൗരവമേറിയ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങള്‍ കമ്മീഷന്‍തന്നെ പോലീസിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുകയും കോടതിയുടെ തീരുമാനത്തിന്‌ വിടുകയും ചെയ്യുന്നത്‌. ഒരു തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഉത്തരവാദിത്തം തന്നെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തുക എന്നതാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തെരഞ്ഞെടുപ്പുകള്‍ സസൂക്ഷ്മം വീക്ഷിച്ച്‌ അപാകതകളും അന്യായങ്ങളും അത്യാവശ്യ ഇടപെടലുകളും പണസ്വാധീനമുപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ വിലക്കിയും തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ചും ശക്തമായും നീതിയുക്തമായും മുന്നോട്ട്‌ പോകവേയാണ്‌ ഇപ്പോള്‍ യുവരാജാവിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചൂണ്ടുവിരല്‍ ഉയര്‍ന്നതിനാല്‍ പെരുമാറ്റച്ചട്ടം കമ്മീഷനില്‍നിന്നും എടുത്തുമാറ്റണം എന്ന ഗ്രൂപ്പ്‌ ഓഫ്‌ മിനിസ്റ്റേഴ്സ്‌ (ജിഒഎം) ചര്‍ച്ചാവിധേയമാക്കിയത്‌.
ഭരണഘടനാ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും നേര്‍ക്കുനേര്‍ വരുന്നത്‌ സുസ്ഥിര-സുതാര്യ ഭരണത്തിന്‌ തടസമാണ്‌. ജനായത്ത ഭരണം എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നയിക്കുന്ന ഭരണം എന്നാണല്ലോ. ഈ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഭരണകക്ഷിയുടെ നിയന്ത്രണത്തില്‍ വരികയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരായുധമാകുകയും ചെയ്താല്‍പിന്നെ അങ്ങനെ ഒരു കമ്മീഷനെക്കൊണ്ട്‌ എന്താണ്‌ പ്രയോജനം? തെരഞ്ഞെടുപ്പില്‍ നടക്കുന്ന ദുഷ്പ്രവണതകള്‍ക്കുള്ള ഉദാഹരണമാണല്ലോ പിറവം ഉപതെരഞ്ഞെടുപ്പില്‍ മാനസികരോഗികളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള നീക്കം. ഇന്ത്യന്‍ ഭരണഘടന വളരെ മെച്ചപ്പെട്ട ഭരണഘടനയാണെന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്‌. ആ ഭരണഘടനയുടെ അന്തഃസത്ത ചോര്‍ത്തുവാനുള്ള നീക്കമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയനീക്കം. ഇത്‌ ഏത്‌ വിധേനയും ചെറുക്കപ്പെടേണ്ടതുതന്നെയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.