കരികുളങ്ങര ഭഗവതിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

Friday 15 July 2016 10:00 pm IST

കുടമാളൂര്‍: കരികുളങ്ങര ദേവീക്ഷേത്രത്തിലെ ദേവിയെ വരവേല്‍ക്കാന്‍ കുടമാളൂര്‍ ഗ്രാമമൊരുങ്ങി. മൂന്നുമാസത്തെ ഇടവേളയ്ക്ക്‌ശേഷം മധുരയില്‍നിന്നും മടങ്ങിയെത്തുന്ന ദേവിയെ ഇന്ന് ഭക്തജനങ്ങള്‍ സ്വീകരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് മൂത്തേടത്തുകാവ് എന്നറിയപ്പെടുന്ന കരികുളങ്ങര ക്ഷേത്രം. അത്യപൂര്‍വ്വമായ ആചാരമാണ് ഇവിടെ നടന്നുവരുന്നത്. മേടവിഷുവിന് രാത്രിയില്‍ മധുരയിലേക്ക് ദേവി പോകുന്നുവെന്നും മൂന്നുമാസങ്ങള്‍ക്ക് ശേഷം കര്‍ക്കിടകം ഒന്നിന് തിരിച്ചെത്തുന്നുവെന്നുമാണ് വിശ്വാസം. സമാനമായ ആചാരം വൈക്കം മൂത്തേടത്തുകാവിലും നടന്നുവരുന്നു. വിഷുദിനത്തില്‍ തമിഴ്‌നാട്ടിലെ കമ്പം, തേനി ജില്ലകളിലും മധുരമീനാക്ഷി ക്ഷേത്രത്തിലും മലയാളത്തമ്മയ്ക്ക് സ്വാഗതമോതി ആഘോഷങ്ങളും നടന്നുവരുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലേ രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും നേര്‍ക്കാഴ്ചയായി ഇതിനെ കണക്കാക്കാം. ക്ഷേത്രോപദേശഖ സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. വിശ്വകര്‍മ്മ സാംസ്‌കാരിക സേവാസമിതിയുടെ ആഭിമുഖ്യത്ത്യത്തില്‍ വാസുദേവപുരം ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയും സംഗീതാരാധനയും നടക്കും. ഔഷധക്കഞ്ഞിവിതരണം, പ്രസാദമൂട്ട് എന്നിവയും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. കടിയക്കോല്‍ ഇല്ലത്തിനാണ് ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.