സുഡാനില്‍ നിന്നു രക്ഷപ്പെടുത്തിയവരെ നാട്ടിലെത്തിച്ചു

Friday 15 July 2016 10:10 pm IST

തിരുവനന്തപുരം: തെക്കന്‍ സുഡാനിലെ ആഭ്യന്തര കലാപത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടയുളള ഭാരതീയരെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചു. 35 മലയാളികള്‍ അടക്കമുളള 155 പേരെയാണ് നാട്ടിലെത്തിച്ചത്. വ്യോമസേനയുടെ സി-17 എന്ന കൂറ്റന്‍ വിമാനത്തിലാണ് ഇവരെ വെളളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചത്. സുഡാന്‍ തലസ്ഥാനമായ ജുബയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി നേരിട്ടെത്തിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. ജനറല്‍ വി.കെ. സിങും സംഘത്തെ അനുഗമിച്ചു. സംഘത്തെ സുഡാനില്‍ നിന്നു ദല്‍ഹിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ സംഘത്തിലുള്ളവരില്‍ കൂടുതലും മലയാളികളായതിനാല്‍ വിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകം, ആന്ധ്ര, തമിഴ്‌നാട്, കേരളം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുളളവരെയാണ് വെളൡയാഴ്ച പുലര്‍ച്ചെ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയവരെ സ്വീകരിക്കാന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍, കളക്ടര്‍ ബിജുപ്രഭാകര്‍, നോര്‍ക്ക സെക്രട്ടറി ഉഷാ ടൈറ്റസ്, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭൂഷണ്‍, ജനറല്‍ മാനേജര്‍ നജീബ് എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മടങ്ങിവന്നവര്‍ക്ക് നോര്‍ക്കയുടെ നേത്യത്വത്തില്‍ ഭക്ഷണം നല്‍കി. കെഎസ്ആര്‍ടിസി ബസില്‍ ഇവരെ തമ്പാനൂരിലെത്തിച്ചു. ട്രെയിന്‍, ബസ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങാനായി സൗജന്യ യാത്രയും ഒരുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.