വയനാടിന്റെ പക്ഷിഭൂപടം തയ്യാറാക്കുന്നു

Friday 15 July 2016 10:07 pm IST

കല്‍പ്പറ്റ : ജൂലൈ 16 മുതല്‍ അതിരാവിലെ നിങ്ങളുടെ വീടിനടുത്തോ റോഡുകളിലോ ബൈനോക്കുലറും ക്യാമറയുമായി പക്ഷിനിരീക്ഷകരെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. വയനാടിന്റെ പക്ഷിഭൂപടം തയ്യാറാക്കുന്നതിനായി പക്ഷി നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാളണ്ടിയര്‍മാരാണവര്‍. പക്ഷികളുടെ വിന്യാസത്തെ മാപ്പ് ചെയ്യുന്ന പ്രക്രിയയാണ് പക്ഷി ഭൂപടം. കേരളത്തിന്റെ പക്ഷി ഭൂപട നിര്‍മ്മാണം 2015 ല്‍ ആരംഭിച്ചു. ആലപ്പുഴ ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലും വളരെ വിജയകരമായി പക്ഷി ഭൂപടം നിര്‍മ്മിച്ചുകഴിഞ്ഞു. വയനാട്ടിലെ പക്ഷിഭൂപട പരിപാടി ജൂലൈ 16 ന് ആരംഭിക്കും. മഴക്കാലത്തും (ജൂലൈ 16 മുതല്‍ സെപ്തംബര്‍ 13 വരെ) വേനല്‍കാലത്തും (ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ) രണ്ട് സീസണുകളായാണ് പക്ഷി നിരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിനായി വയനാടിന്റെ മൊത്തം ഭൂപ്രദേശത്തെ 6 ഃ 6 ചതുരശ്ര കി.മീറ്ററുള്ള ഗ്രിഡുകളായി തിരിച്ച് അതിനെ വീണ്ടും 1.1 ഃ 1.1 കി.മീ. വലിപ്പമുള്ള ചെറു സെല്ലുകളായി തിരിച്ചാണ് സര്‍വ്വെ ചെയ്യുന്നത്. മൊത്തം സെല്ലുകളില്‍ നിന്നും ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ട 207 സബ് സെല്ലുകളില്‍ ഒരു മണിക്കൂര്‍ വീതമാണ് പക്ഷി നിരീക്ഷണം നടത്തുക. സെല്ലിനകത്ത് കാണുന്ന പക്ഷികളുടെ പേരും എണ്ണവും രേഖപ്പെടുത്തുകയും അതോടൊപ്പം നാല് അധിനിവേശ സസ്യങ്ങളുടെ വിന്യാസത്തെയും രേഖപ്പെടുത്തുന്നുണ്ട്. ആധുനിക ഭൂപട സംവിധാനങ്ങളായ ഗൂഗിള്‍ മാപ്പ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ബൈനോക്കുലര്‍, ക്യാമറ എന്നിവ ഉപയോഗിച്ചുള്ള സര്‍വ്വെയില്‍ പക്ഷി നിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ള ഏവര്‍ക്കും പങ്കെടുക്കാം. മുന്‍കൂട്ടി വിവരം അറിയിക്കുന്നവര്‍ക്ക് അതത് പ്രദേശങ്ങളിലെ സെല്ലുകളില്‍ പക്ഷി നിരീക്ഷണം നടത്തുമ്പോള്‍ വളണ്ടിയര്‍മാരുടെ കൂടെ കൂടാവുന്നതാണ്. പക്ഷികളുടെ കണക്കെടുപ്പിനോടൊപ്പം പക്ഷി നിരീക്ഷണത്തിലും പ്രകൃതി സംരക്ഷണത്തിലും ഭാഗമാകാനുള്ള ജനകീയ ശാസ്ത്ര പരിപാടിയാണ് പക്ഷി ഭൂപടനിര്‍മ്മാണം. ഇതുവഴി സാധാരണക്കാര്‍ക്കുവരെ ശാസ്ത്രീയ പഠനത്തില്‍ പങ്കാളികളാകാം. വയനാട്ടില്‍ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷകരായ സി.കെ. വിഷ്ണുദാസ്, രതീഷ് ആര്‍.എന്‍., മനോജ് കണ്ണപറമ്പില്‍ എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്യുന്നു. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും വയനാട്ടിലെ പക്ഷിനിരീക്ഷകരും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മാനന്തവാടി സെന്ററിലെ വിദ്യാര്‍ത്ഥികളും പക്ഷി സര്‍വ്വെയില്‍ വളണ്ടിയര്‍മാരായി പങ്കു ചേരുന്നു. കുന്നുകളും മലകളും നിബിഡ വനങ്ങളും വന്യജീവികളും നിറഞ്ഞ വയനാടിന്റെ പക്ഷി ഭൂപട നിര്‍മ്മാണം ഏറെ ശ്രമകരമായിരിക്കും. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍ ഈ വര്‍ഷം പക്ഷി ഭൂപട നിര്‍മ്മാണം നടക്കുന്നു. 2020 ഓട്കൂടി ഇന്ത്യയില്‍ പക്ഷി ഭൂപടം നിര്‍മ്മിക്കുന്ന ആദ്യസംസ്ഥാനമാകും കേരളം. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി വിവരം അറിയിക്കുവനും,9447544603, 9387387023.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.