കഞ്ചാവ് വില്‍പ്പന വ്യാപകം: ഉപയോഗരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

Friday 15 July 2016 10:52 pm IST

നെയ്യാറ്റിന്‍കര: പരശുവയ്ക്കല്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പന വ്യാപകമാകുന്നു. ഉപയോഗരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റു കഴിഞ്ഞെത്തി ഏകദേശം പത്തുകിലോമീറ്റര്‍ കഴിഞ്ഞ് പരശുവയ്ക്കലിലെ ഉള്‍പ്രദേശങ്ങളിലാണ് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വ്യാപകമായ വില്‍പ്പന നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മൊത്തമായി ബൈക്കുകളില്‍ കടത്തുന്ന കഞ്ചാവ് പൊതികള്‍ പരശുവയ്ക്കലിലെ സമീപത്തുള്ള റെയില്‍വേ തുരങ്കത്തില്‍ എത്തിക്കുന്നു. ആവശ്യക്കാര്‍ ഫോണില്‍ നേരത്തെ ബന്ധപ്പെട്ട ശേഷം തുരങ്കത്തിനു സമീപമെത്തുന്നു. എത്തിയശേഷം ഫോണില്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ അഞ്ച് മിനിട്ടിനുള്ളില്‍ ആവശ്യക്കാരന്റെ കൈകളില്‍ കഞ്ചാവ് എത്തിക്കുന്നതാണ് പതിവ്. ഫോണില്‍ ബന്ധപ്പെടുമ്പോഴും മിസ്ഡ്‌കോള്‍ ചെയ്യുമ്പോഴും കോഡ് സംവിധാനത്തിലാണ് കച്ചവടത്തിന്റെ തന്ത്രം. സംശയം തോന്നാതിരിക്കാന്‍ കഞ്ചാവ് വില്‍പ്പനകാരന്‍ റെയില്‍വേ ജീവനക്കാരനെന്നോ ട്രാക്ക് ജീവനക്കാരനെന്നോ കള്ളവും പറയുന്നു. പാറശ്ശാല, പളുകല്‍, ധനുവച്ചപുരം, ആറയൂര്‍ എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളാണ് കഞ്ചാവ് ആവശ്യപ്പെട്ട് വരുന്നത്. ദിവസേന അപരിചിതരായ നിരവധി സ്‌കൂള്‍ കുട്ടികളുടെ സഞ്ചാരം ഇവിടെ കണ്ടുവരുന്നതായി നാട്ടുകാരും പറയുന്നു. വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് സമീപത്തെ പറമ്പുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തമ്പടിച്ചാണ് ഉപയോഗിക്കുന്നത്. പ്രദേശവാസികളില്‍ ചിലരെ വലയിലാക്കിയാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു കടത്തുന്ന കഞ്ചാവിന്റെ മൊത്തവിതരണ കേന്ദ്രമാണ് പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്‌പോസ്റ്റു കഴിഞ്ഞ് പാറശ്ശാല കുറുങ്കുട്ടി സമീപമുള്ള ഇടറോഡുകള്‍ വെട്ടിച്ചാണ് ഇത്തരക്കാര്‍ പരശുവയ്ക്കലിലെത്തുന്നത്. ഇത്തരത്തിലുള്ള കഞ്ചാവ് മാഫിയകളെ കുറിച്ച് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കാറുണ്ടെങ്കിലും നേര്‍ച്ചയ്ക്കായി മാത്രം പോലീസും എക്‌സൈസും വന്നു പോകുന്നതെന്നും നാട്ടുക്കാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.