ബാലുശ്ശേരി: കേരളത്തിലെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ആരോഗ്യരംഗത്ത് ഉയര്ത്തികൊണ്ടിരിക്കുന്ന ഭയാനകതെക്കെതിരെ നാടന്‍ ഭക്ഷണം തന്നെ ശീലമാക്കാനുള്ള സന്ദേശമുയര്‍ത്തി കൊളത്തൂരില്‍ കലിയനെ വരവേറ്റു. കൊളത്തൂരിലെ ഫാര്‍മേഴ്സ് ക്ലബ്ബ് നടത്തിയ കലിയന് ഉത്സവമാണ് ഗ്രാമീണ ജനതയ്ക്ക് പുതിയ അനുഭവമായി മാറിയത്. മണ്ണിന്റെ പുനരുജീവനം സാധ്യമാക്കുന്ന ജൈവകൃഷി, ഗ്രാമീണ ഭക്ഷണ രീതി, പരസ്പര ആശ്രിത വിത്ത് സംരക്ഷണം എന്നീ സന്ദേശവുമായാണ് കലിയന് വീടുകള്‍ കയറിയിറങ്ങിയത്. ഓരോ വീട്ടില്‍ നിന്നും കലിയന് ദക്ഷിണയായി ഫല വൃക്ഷതൈകള്‍ സ്വീകരിച്ച് അടുത്ത വീടുകളിലേക്ക് കൈമാറി ഫലവൃക്ഷ വ്യാപന പദ്ധതിക്കും തുടക്കമിട്ടു. ക്ലബ്ബ് അംഗം സജീലേഷാണ് കലിയനായെത്തിയത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നാടോടി വിജ്ഞാനം നിറച്ചു ഫാര്‍മേഴ്സ് ക്ലബ്ബ് കാര്‍ഷികോല്‍സവമായ കലിയനെ വരവേറ്റുവരുന്നു. യുവകര്‍ഷകരുടെ കൂട്ടായ്മ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ശോഭന ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.പി മണി, നെടുമ്പ്രശ്ശേരി സദാനന്ദന്‍നായര്‍, സി.മാധവന്, കുട്ടിനാരായണന്, ഒ.പി ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: