നിര്‍ധന കുടുംബത്തെ ഏറ്റെടുത്ത് സേവാ ഭാരതി ഭവന നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി

Saturday 16 July 2016 10:32 am IST

കോഴിക്കോട്: തകര്‍ന്നുവീഴാറായ ഒറ്റമുറി കൂരയില്‍ താമസിച്ചിരുന്ന നിര്‍ദ്ധന കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി അവര്‍ക്ക് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ പുതിയ ഭവന നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പുതിയാപ്പ താഴത്തെ പീടികയില്‍ താമസിക്കുന്ന അമ്പിളിക്കും, വിദ്യാര്‍ത്ഥികളായ മക്കള്‍ക്കുമായാണ് സേവാഭാരതിയുടെ ഭവനം ഒരുങ്ങുന്നത്. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയില്‍ ചാക്കും, പ്ലാസ്റ്റിക് പായകൊണ്ടും മറച്ച ഒറ്റമുറി കൂരയിലാണ് അമ്മയും മക്കളും താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് സേവാഭാരതി അവരെ താല്‍ക്കാലികമായി ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. എങ്കിലും ഇന്നലെ അവിടെനിന്നും പാര്‍പ്പിടത്തില്‍ നിന്ന് കുടുംബത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള വാടകവീട്ടിലേക്ക് മാറ്റി. ഇന്ന് നടക്കുന്ന സേവാഭാരതി ഉന്നതാദികാര കൂടിക്കാഴ്ചക്ക് ശേഷം പുതിയ വീടിനായുള്ള സ്‌കെച്ചും മറ്റും തയ്യാറാക്കുമെന്നും, കഴിവതും എത്രയും വേഗം പുതിയ വീടിന്റെ പണി പൂര്‍ത്തിയാക്കി നിര്‍ദ്ധന കുടുംബത്തിന് താമസിക്കുന്നതിനുള്ള പൂര്‍ണ്ണ സൗകര്യം ഒരുക്കുമെന്നും സേവാഭാരതി പറഞ്ഞു. വീട് പണി പൂര്‍ത്തിയാകുന്നതുവരെ കുടുംബത്തെ പൂര്‍ണ്ണമായി ഏറ്റെടുത്തു വേണ്ട സൗകര്യങ്ങള്‍ സേവാഭാരതി നല്‍കും. വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മിക്കും, അമര്‍നാഥിനും താല്‍ക്കാലികമായി പാര്‍പ്പിച്ചിട്ടുള്ള വാടക വീട്ടില്‍ നിന്നു പഠിക്കുന്നതിനും സ്‌കൂളില്‍ പോകുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സേവാഭാരതി ഒരുക്കി. കൂടാതെ കുട്ടികളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും വരും ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി പരിശോധിച്ച് വേണ്ട വൈദ്യ സഹായവും കുടുംബത്തിനു നല്‍കുമെന്നും സേവാഭാരതി ഉറപ്പു നല്‍കി. കുടുംബത്തിന്റെ ക്ഷേമ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനായി സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം.സി. ഷാജ്കുമാര്‍, ജില്ലാ ട്രഷറര്‍ എം. ശശിധരന്‍, ജില്ലാ സെക്രട്ടറി വി. ദയാനന്ദന്‍, ബാലികാസദനം സെക്രട്ടറി സി.ഗംഗാധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.