ഡിഫ്ത്തീരിയയെ വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാം ജില്ലയില്‍ വാക്‌സിനേഷന്‍  എടുക്കാത്തതായി 1009 കുട്ടികള്‍

Saturday 16 July 2016 10:34 am IST

കാഞ്ഞങ്ങാട്: ജില്ല ഡിഫ്തീരിയ രോഗവ്യാപനത്തിന്റെ ഭീതിയിലായ സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനെതിരെ വ്യാപകമായ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതായി ആരോഗ്യവകുപ്പ്. മഞ്ചേശ്വരത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിലെ ജോലിക്കാരനായ അസാം സ്വദേശിയുടെ മരണം ഡിഫ്തീരിയ ആണെന്ന് സംശയം നിലനില്‍ക്കെ ഇന്നലെ കാഞ്ഞങ്ങാട് വിളിച്ച പത്രസമ്മേളനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയില്‍ ഡിഫ്തീരിയക്കെതിരെ പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളുള്ളതായി മനസിലായത്. പലരും പ്രതിരോധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. പ്രത്യേക മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇത്തരത്തില്‍ സംശയത്തില്‍ നില്‍ക്കുന്നത്. കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകാത്തത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ മതപണ്ഡിതന്മാരും, പാരമ്പര്യ ചികിത്സകരും തെറ്റിദ്ധാരണകള്‍ പരത്തിയതാണ് ഡിഫ്തീരിയ വ്യാപകമാകാന്‍ കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ പ്രതിരോധ വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകില്ലെന്നാണ് ഇവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ കുത്തിവെപ്പെടുക്കാത്ത 1009 കുട്ടികളുണ്ടെന്ന് ഡിഎംഒ പറഞ്ഞു. അഞ്ച് വയസില്‍ താഴെയുള്ള 11,6441 കുട്ടികളാണുള്ളത്. ഒരു വയസിന് താഴെ 235 കുട്ടികളും, 1 മുതല്‍ 2 വയസുവരെ 287 കുട്ടികളും, 2 മുതല്‍ 3 വരെ 203 കുട്ടികളും, 3 മുതല്‍ 5 വരെ 284 കുട്ടികളുമാണുള്ളത്. ഇവര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് 15, 16, 18, 19 തീയതികളിലായി പ്രതിരോധ കുത്തിവെപ്പ് നടത്തും. ഇതിനായി ഓരോ വീട്ടിലുമെത്തി ബോധവല്‍ക്കരണം നടത്തും. താല്പര്യമുളളര്‍ക്ക് കുത്തിവെപ്പ് നല്‍കുമെന്നും ഡിഎംഒ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്‍, ഡോ.മുരളീധര നല്ലൂരായ, ഡോ.ടി.വി.പത്മനാഭന്‍, ഡോ.ഇ.വി.ചന്ദ്രമോഹനന്‍, മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്രന്‍ ജെപിഎച്ച്എന്‍ ഇ.സി.ത്രേസ്യാമ്മ, പ്രീത.വി.വി എന്‍എച്ച്എം കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.