കയര്‍ ടെക്‌നോപാര്‍ക്ക് അവഗണനയില്‍

Saturday 16 July 2016 2:45 pm IST

അഭിലാഷ് പെരുമണ്‍ അഞ്ചാലുംമൂട്: പെരുമണ്‍ പ്രദേശവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന കയര്‍ ടെക്‌നോപാര്‍ക്ക് അധികൃതരുടെ അവഗണന മൂലം നശിക്കുന്നു. 1986-ല്‍ ഇ.കെ.നായനാരുടെ ഭരണകാലത്ത് കേരള റിഫാക്ടറിക്കുവേണ്ടി വ്യവസായവകുപ്പ് 32 ഏക്കര്‍ സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുത്ത് ചുറ്റുമതില്‍ കെട്ടിതിരിച്ചിരുന്നു. എന്നാല്‍ റിഫാക്ടറി എന്ന പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ സാധിച്ചില്ല. കേപ്പിന്റെ മേല്‍നോട്ടത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് എന്‍ജിനിയറിംഗ് കോളേജ് സ്ഥാപിക്കുകയും ഏഴേക്കര്‍ സ്ഥലം കയര്‍ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നതിനായി രണ്ട് താല്‍ക്കാലിക ബില്‍ഡിംഗുകള്‍ നിര്‍മ്മിച്ച് സ്ഥാപനത്തിന്റ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 2005-2006 കാലഘട്ടത്തില്‍ കയര്‍ ടെക്‌നോപാര്‍ക്കില്‍ നിന്നും പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് റാട്ട് ഉപയോഗിച്ച് വിവിധതരം കയറുകള്‍ ഉത്പാദിപ്പിക്കുന്നതിനുളള വിദഗ്ധ പരിശീലനവും നല്‍കിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് കയര്‍ടെക്‌നോളജിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന ഇത്തരം പരിശീലനങ്ങളല്ലാതെ പിന്നീട് യാതൊരുവിധ പരിശീലനങ്ങളോ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല. കയര്‍ഫെഡിന്റെ രണ്ട് ജീവനക്കാര്‍ ഇവിടെ ജോലിചെയ്തു വരികയാണ്. എന്നാല്‍ കയര്‍മേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതിനോ, പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനുളള പദ്ധതികള്‍ നടപ്പിലാക്കാനോ സ്ഥാപനത്തിന് നീക്കമില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കയര്‍മേഖലയെ പുനരുദ്ധരിക്കുമെന്നും കയര്‍തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും പറയുന്നത് വാഗ്ദാനങ്ങളായി ഒതുങ്ങുകയാണ്. നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന സ്ഥലസൗകര്യമുള്ള പെരുമണിലെ കയര്‍ ടെക്‌നോപാര്‍ക്ക് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പുതിയതായി അധികാരമേറ്റ സര്‍ക്കാര്‍ കയര്‍മേഖല പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥാപിച്ചിട്ടുള്ള ഈ കയര്‍ ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം നടപ്പിലാക്കുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍. പെരുമണിന്റെ ഹൃദയഭാഗത്ത് ഏഴേ ക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കയര്‍ ടെക്‌നോപാര്‍ക്കിന്റെ കെട്ടിടങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പരിസരപ്രദേശങ്ങള്‍ മുഴുവന്‍ കാടുകയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.