വിസ വാഗ്ദാനം ചെയ്ത് ആറു ലക്ഷം തട്ടിയ സ്ത്രീ പിടിയില്‍

Saturday 16 July 2016 8:18 pm IST

മൂന്നാര്‍: വിസ വാഗ്ദാനം ചെയ്ത് ആറ് ലക്ഷത്തിലധികം രൂപ തട്ടിയ കേസില്‍ സ്ത്രീ പിടിയിലായി. ചേര്‍ത്തല കഞ്ഞിക്കുഴി വില്ലേജ് എസ്.എന്‍ പുരം പുത്തന്‍പുരയ്ക്കല്‍ നിര്‍മ്മല ജേക്കബ് (56) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റുകയും വിസ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് നിരവധി പരാതികള്‍ ഉയരുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു. മാങ്കുളം സ്വദേശിയായ എല്‍ദോസിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസും പരാതിക്കാരനും നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്. വിസ നല്‍കുന്നതിനായി പരാതിക്കാരന്റെ പക്കല്‍ നിന്നും പണം സ്ത്രി കൈപ്പറ്റിയിരുന്നു. ഏറെ നാളുകളായിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാജ മെയില്‍ ഉണ്ടാക്കി സ്ത്രീയ്ക്ക് അയക്കുകയായിരുന്നു. വിദേശത്തേക്ക് ആളെ അയക്കുന്ന ഏജന്റാണെന്നും ആളുകള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അയക്കാമെന്നും പറഞ്ഞായിരുന്നു മെയില്‍. മെയിലില്‍ 9 പേരുടെ പേര് സ്ത്രീ തിരികെ അയക്കുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ കഴിഞ്ഞ ദിവസം സ്ത്രീയോട് വൈറ്റില ഹബ്ബില്‍ എത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. വൈറ്റിലയില്‍ എത്തിയ സ്ത്രീയെ മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. കേരളത്തിലുടനീളം നിരവധി പേരുടെ പക്കന്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പു നടത്തി വരികയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ പക്കല്‍ നിന്നും നിരവധി പാസ്‌പോര്‍ട്ടുകളും ബയോഡേറ്റകളും കണ്ടെടുത്തു. വഞ്ചനാക്കുറ്റത്തിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420- ാം വകുപ്പു ചുമത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പ്രതിയെ ഇന്നലെ ദേവികുളം കോടതിയില്‍ ഹാജരാക്കി. മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശാനുസരണം മൂന്നാര്‍ എസ്.ഐ വിഷ്ണുകുമാര്‍, സി.പി.ഒ മാരായ സിജോ ജോസഫ്, ഷാജിത പി.എസ് എന്നിവരുടെ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.