അടിയന്തരാവസ്ഥ പാഠ്യപദ്ധതിയില്‍ വേണം

Saturday 16 July 2016 8:44 pm IST

''എന്റെ താല്‍പര്യം അധികാരം പിടിച്ചെടുക്കുന്നതിലല്ല; മറിച്ച് അധികാരം ജനങ്ങളാല്‍ നിയന്ത്രിക്കപ്പെടണമെന്നുള്ളതിലാണ്' എന്ന കാഴ്ചപ്പാടില്‍ ലോക്‌നായക് ജയപ്രകാശ് നാരായണന്‍ എക്കാലത്തും ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് 1948 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭാവിപ്രധാനമന്ത്രിയെന്നു വിശേഷിപ്പിച്ചപ്പോഴും, പിന്നീട് അതിനുള്ള അവസരം ലഭിച്ചപ്പോഴും, ഒടുവില്‍ 1977 ലെ ജനവിധിപ്രകാരം അധികാരം തന്റെ കൈകളിലെത്തിയിട്ടും അതൊന്നും തനിക്കാവശ്യമില്ലെന്ന് ജെ.പി. തീരുമാനിച്ചത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും, നാടിനും ജനങ്ങള്‍ക്കുംവേണ്ടി സ്വയം സമര്‍പ്പിച്ച മാതൃകാപരമായ സേവനചരിത്രവും, രാഷ്ട്രതന്ത്രജ്ഞന്റെ നിലയിലേക്കുയര്‍ന്ന ധൈഷണികതയും, സര്‍വ്വോപരി വന്‍ജനപിന്തുണയുമുണ്ടായിരുന്നിട്ടും പ്രോട്ടോക്കോളിലെ വലിയവനാകാന്‍ താനില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയാണുണ്ടായത്. രാഷ്ട്രമെന്നത് ലോപിച്ച് കുടുംബത്തിലേക്കും തന്നിലേക്കുമായൊക്കെ ചുരുങ്ങുന്ന ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ അതിനപവാദമായി തലമുറകള്‍ക്ക് സാധനാപാഠമാകേണ്ട ജീവിതം കാഴ്ചവെച്ചവരുടെ പട്ടികയില്‍ ജെ.പി. ശോഭിച്ചുനില്‍ക്കുന്നു. അദ്ദേഹം മുന്നോട്ടുവച്ച സമ്പൂര്‍ണ്ണ വിപ്ലവവും, 1973-75 ലെ അഴിമതിവിരുദ്ധ വിദ്യാര്‍ത്ഥി സമരങ്ങളും, 1975-77 ലെ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളും ചരിത്രസംഭവങ്ങളായി ലോകം അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ കലാലയങ്ങളില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനവും അത് സൃഷ്ടിച്ച പ്രശ്‌നങ്ങളും അതിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങളും പാഠ്യവിഷയത്തില്‍പ്പെടുത്തേണ്ടതാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും അടിച്ചമര്‍ത്തിക്കൊണ്ട് ഏകാധിപത്യം എങ്ങനെ 21 മാസക്കാലം സ്വതന്ത്ര ഭാരതത്തെ വരിഞ്ഞുമുറിക്കിയെന്നത് തലമുറകള്‍ മനസ്സിലാക്കേണ്ടത് നാടിന്നാവശ്യമാണ്. മാതൃരാജ്യം എങ്ങനെ അസ്വാതന്ത്ര്യത്തിന്റെ പിടിയിലമര്‍ന്നുവെന്നും, എങ്ങനെ അന്നത്തെ ജനങ്ങള്‍ അതിനെ അതിജീവിച്ചുവെന്നുമൊക്കെ യുവതലമുറ പഠിക്കുകയും ഭരണകൂടം അവരെ പഠിപ്പിക്കുകയും വേണം. പിന്നിട്ട നാലുപതിറ്റാണ്ടുകള്‍ക്കിടയില്‍ അടിയന്തരാവസ്ഥയുടെ കൊടുംതമസ്സ് സൃഷ്ടിച്ച പാതകങ്ങള്‍ ജനമനസ്സുകളില്‍നിന്ന് ഏതാണ്ട് വിസ്മൃതിയിലേക്ക് വഴുതിപ്പോയിട്ടുണ്ട്. ചരിത്ര-രാഷ്ട്രമീംമാംസ പഠനത്തില്‍ അനുഭവങ്ങളുടെ സാക്ഷ്യപത്രമുള്ള പാഠങ്ങള്‍ എപ്പോഴും ഹൃദ്യമാണ്. എന്തുകൊണ്ടും 'എമര്‍ജന്‍സി കാലം' ശരിയാംവിധം രേഖപ്പെടുത്തുകയും പാഠ്യവിഷയമാക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇതിനായുള്ള ആത്മാര്‍ത്ഥപരിശ്രമം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുമുണ്ടാവണം. ഭാരതം അറിയപ്പെട്ട എല്ലാ മതങ്ങളേയും ഇവിടേക്ക് സ്വീകരിച്ചുകൊണ്ടുവന്ന് അവയ്‌ക്കെല്ലാം വളരാനും വികസിക്കാനും അവസരം ഉണ്ടാക്കികൊടുത്ത നാടാണ്. മതപരമായും രാഷ്ട്രീയപരമായുമുള്ള അസഹിഷ്ണുത നമുക്കെന്നും അന്യമായിരുന്നു. ഏകംസത് വിപ്രാ ബഹുധാ വദന്തി, സര്‍വ്വധര്‍മ്മ സമഭാവം, ലോകാ സമസ്താ സുഖിനോഭവന്തു തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ മാനവരാശിക്കു തന്നിട്ടുള്ളത് ശരിയായ അവബോധത്തോടെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അന്യരോട് തീരെ അസഹിഷ്ണുതയില്ലാത്തവരാണ് നമ്മളെന്ന് ചരിത്രത്തിലുണ്ട്. പക്ഷേ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട രീതിയില്‍ അസഹിഷ്ണുതയും അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അഴിഞ്ഞാട്ടം നടത്തിയ കാലമായിരുന്നു 1975-77. അതുകൊണ്ടുതന്നെ അന്ന് അത് ആര് സൃഷ്ടിച്ചു, എന്തിനായി സൃഷ്ടിച്ചു, എങ്ങനെ രാജ്യം അതിനെ അതിജീവിച്ചു എന്നൊക്കെ സ്വയം പരിശോധിക്കുന്നതും വീണ്ടുമത്തരമൊരു അപകടസ്ഥിതി വരാതിരിക്കാന്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കേണ്ടതും അത്യാവശ്യമാണ്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പ്രധാനമന്ത്രിക്കോ അവര്‍ നിയോഗിക്കുന്ന ആളിനോ കവര്‍ന്നെടുക്കാമെന്നും അതൊന്നും കോടതിയില്‍ ചോദ്യം ചെയ്യാനവകാശമില്ലെന്നുള്ള കാട്ടുനീതി സ്വതന്ത്ര ഭാരതത്തില്‍ കുറച്ചുകാലം നടപ്പിലാക്കിയിരുന്നു. ഇന്നത്തെ തലമുറ ഇക്കാര്യം പെട്ടെന്നു വിശ്വസിച്ചു എന്നുവരില്ല. പത്രമാരണ നിയമംവഴി സര്‍ക്കാര്‍ അനുവദിക്കുന്നതല്ലാത്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുകൂടെന്ന് അടിയന്തരാവസ്ഥയില്‍ ഇവിടെ നിയമമുണ്ടായിരുന്നു. പൗരന് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനാവാത്ത കാലമായിരുന്നു അത്. പ്രതിപക്ഷ പ്രവര്‍ത്തനം ഇല്ലാത്ത ഭാരതം; കരുതല്‍ തടങ്കലില്‍ ആരെയും കാരണം കാണിക്കാതെ ജയിലിലടയ്ക്കാമെന്ന അവസ്ഥ! ഇതൊക്കെ അന്നത്തെ നടപ്പുരീതിയായിരുന്നു. അടിയന്തരാവസ്ഥ പോലീസതിക്രമങ്ങളാല്‍ ജനങ്ങളെ ചവുട്ടിഞെരിച്ച നാളുകള്‍ ആയിരുന്നു. കോടതികളും പാര്‍ലമെന്റും ഏകാധിപതിയുടെ അംഗുലീചലനങ്ങള്‍ക്കു വഴങ്ങി സ്വാതന്ത്ര്യമില്ലാതാക്കിയ കാലഘട്ടം. അടിയന്തരാവസ്ഥയുടെ കിരാതപര്‍വ്വം നാടിനു നല്‍കിയ അന്നത്തെ ക്രുരതകള്‍ ആരും മറക്കാന്‍ പാടില്ലാത്തതാണ്. ചരിത്രത്തിലെ ഈ വ്യതിയാനഘട്ടം പഠിക്കാനും വിലയിരുത്താനും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമൊക്കെ കഴിയുമ്പോഴാണ് ജനങ്ങള്‍ ജാഗരൂകരായി ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഉത്തമ ജനാധിപത്യം നിലനില്‍ക്കുക. അടിയന്തരാവസ്ഥാവിരുദ്ധപ്പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. നമ്മുടെ 'കലാലയങ്ങളിലെ സിലബസില്‍' അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 1980 ല്‍ നിലവില്‍ വന്ന ഭാരത ഭരണകൂടം കത്തിച്ചില്ലാതാക്കിയ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ചരിത്രരേഖകളും വീണ്ടെടുത്ത് പൊതുരേഖകളാക്കി തലമുറകള്‍ക്ക് നല്‍കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 1976 ഏപ്രിലില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് എഡിഎം ജബല്‍പ്പൂരും ശിവകാന്ത് ശുക്ലയും തമ്മിലുള്ള കേസില്‍ നല്‍കിയ വിധി ഭൂരിപക്ഷം ജഡ്ജിമാരുടെ അഭിപ്രായമനുസരിച്ച് അന്യായ തടങ്കല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിവഴി ചോദ്യം ചെയ്യാന്‍ പൗരന് അടിയന്തരാവസ്ഥയില്‍ അവകാശമില്ലെന്ന് പറഞ്ഞിരുന്നു. അപ്രകാരം തടവില്‍ കിടക്കുന്നയാളുകള്‍ക്കുവേണ്ടി വിവിധ ഹൈക്കോടതികളില്‍ ഫയലാക്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. ഏകാധിപത്യത്തിനുവഴങ്ങിയെന്നാക്ഷേപിക്കപ്പെട്ട ഈ വിധിമൂലം ഇന്ത്യന്‍ ജുഡീഷ്യറി ലോകത്തിനു മുമ്പില്‍ അതിന്റെ സ്വാതന്ത്ര്യവും ചൈതന്യവും നഷ്ടപ്പെടുത്തിയ അവസ്ഥയിലേക്ക് മുതലക്കൂപ്പു നടത്തുകയായിരുന്നു. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്തേണ്ടിയിരുന്ന ജസ്റ്റിസ് എഛ്.ആര്‍.ഖന്ന തന്റെ സൗഭാഗ്യങ്ങള്‍ ബലികഴിച്ച് മനുഷ്യസ്വാതന്ത്ര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനായി ആ കേസ്സില്‍ ഒറ്റയ്ക്ക് വിയോജനക്കുറിപ്പ് എഴുതി. അതോടെ മാനവരാശിക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും ജനാധിപത്യത്തെയും ഒന്നടങ്കം കുറ്റപ്പെടുത്താനാവാത്ത സ്ഥിതിവിശേഷമുണ്ടായി. അമാവാസിയുടെ കൂരിരുട്ടില്‍ പ്രത്യാശയുടെ പൊന്‍കിരണമായി ജസ്റ്റിസ് ഖന്ന മാറുകയായിരുന്നു. തനിക്ക് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെട്ടുവെങ്കിലും 20-ാം നൂറ്റാണ്ടിലെ മനുഷ്യവംശം ജസ്റ്റിസ് ഖന്നയെ നീതിയുടെ അവതാരമായി പ്രഖ്യാപിച്ച് വാഴ്ത്തപ്പെട്ടവനാക്കുകയാണുണ്ടായത്. വിധിയുടെ ഫലമായി ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെടുമ്പോഴും നീതിബോധം ഉയര്‍ത്തിപ്പിടിച്ച ജസ്റ്റിസ് ഖന്നയെ പ്രകീര്‍ത്തിച്ചുകൊണ്ട് ന്യായോര്‍ക്ക് ടൈംസ്‌പോലും അന്ന് എഡിറ്റോറിയലെഴുതിയിരുന്നു. പ്രോട്ടോക്കോളിലെ വലിയവനാകുന്നതിനേക്കാള്‍ അഭികാമ്യം മനസ്സിന്റെ വലിപ്പവും മനസ്സാക്ഷിയിലൂന്നിയ നീതിബോധവുമാണെന്ന് ജസ്റ്റിസ് ഖന്ന തെളിയിച്ചു. അടിയന്തരാവസ്ഥ പാഠ്യവിഷയത്തിലുള്‍പ്പെടുത്തുകവഴി നന്മയുടെ മൂല്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പുത്തന്‍ സരണികളാവും പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കുക. ജയപ്രകാശ് നാരായണന്‍മാരെയും ജസ്റ്റിസ് ഖന്നമാരെയും സൃഷ്ടിക്കപ്പെടാവുന്ന ഒരു സാമൂഹ്യക്രമത്തിന് ഇത്തരം കാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഗുണകരമാണ്. ഭാരത ജനാധിപത്യ ചരിത്രത്തിലും മാധ്യമ-നീതിന്യായ മേഖലകളിലും കരിമഷിപുരണ്ട അദ്ധ്യായങ്ങള്‍മാത്രം എഴുതി ചേര്‍ക്കപ്പെട്ട 1975-77 കാലം പുത്തന്‍ തലമുറകളിലേക്ക് സന്നിവേശിപ്പിക്കുകയും അന്നത്തെ ഭീകരമുഖം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വന്‍നേട്ടമായിരിക്കും. അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ച സാഹചര്യങ്ങളും അതുവഴി ജനാധിപത്യം വികലമാക്കപ്പെട്ടതും അതിനെതിരെ നടന്ന പോരാട്ടങ്ങളും വേണ്ടത്ര രേഖപ്പെടുത്താതെപോയ നാടാണ് കേരളം. ഈ ഗുരുതരമായ പോരായ്മയില്‍നിന്നും മലയാള നാടിനെ രക്ഷിച്ചെടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ അക്കാദമിക്ക് തലത്തിലുംമറ്റും ഉണ്ടാകേണ്ടിയിരിക്കുന്നു. ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്റെ കൃതിയില്‍ ഒരിക്കല്‍ റോബര്‍ട്ട് ഗ്രീന്‍ ഇംഗര്‍സോളിന്റെ ചിന്തോദ്ദീപകമായ വരികള്‍ ജിവിതത്തിനും മരണത്തിനുമിടയിലെ അവസ്ഥയോടു ബന്ധപ്പെടുത്തി ഉദ്ധരിക്കുന്നുണ്ട്. അതിതാണ്: ''ഓരോ തൊട്ടിലും നമ്മോടു ചോദിക്കുന്നു, എവിടെനിന്നു വരുന്നുവെന്ന്, ഓരോ ശവപ്പെട്ടിയും ചോദിക്കുന്നു എവിടെക്കെന്ന്. മരണം ഒരു ഭിത്തിയാണോ വാതിലാണോ?'' ജനനവും ജീവിതവും മരണവും തത്വശാസ്ത്ര അടിസ്ഥാനത്തില്‍ വ്യക്തിക്കും രാഷ്ട്രത്തിനും പലപ്പോഴും ബാധകമാവാറുണ്ട്. യുവതലമുറയില്‍ ദേശസ്‌നേഹത്തിന്റെ ഏടുകള്‍ സന്നിവേശിപ്പിക്കാന്‍ ചരിത്രം ഉപാധി തന്നെയാണ്. പാഠ്യവിഷയങ്ങള്‍ നിശ്ചയിക്കപ്പെടുമ്പോള്‍ വിശ്വമാനവികതയെ അന്യവല്‍ക്കരിക്കാതെതന്നെ നമ്മുടെ ദേശീയതയും നാടിന്റെ തനിമയും പഠിതാക്കള്‍ക്ക് പകര്‍ന്നു നല്‍കുകതന്നെവേണം. സൈമണ്‍ കമ്മീഷന് എതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പോലീസിന്റെ അടിയേറ്റു വീരമൃത്യുവരിച്ച ലാലാലജ്പത്‌റായിയെ അനുസ്മരിച്ച് കവി ബോധേശ്വരന്‍ എഴുതിയ കവിതയും ചോദ്യവും നാടിന് ഉത്തേജനം പകര്‍ന്നു നല്‍കിയ സിദ്ധൗഷധമായിരുന്നു. കവിതയിലെ ചോദ്യം സഹിക്കയോ ദാസ്യം, മരിക്കയോ ഭേദം? കവിയുടെ ക്രോധം തുടര്‍ചോദ്യമായി സമൂഹത്തിന് നേരെ പാഞ്ഞു ''സമസ്ത ഭാരതജനം പ്രശസ്തമായ് വരിച്ചു പൂജിച്ച പുരുഷസിംഹത്തെ തൊടാന്‍-അടുക്കുവാന്‍-അടിച്ചുകൊല്ലുവാന്‍ നിനച്ചവര്‍ക്കെഴും കൊടിക്കുകീഴിലായി ക്ഷമിച്ചിരിക്കയോ, മരിക്കയോ ശുഭം? ധരിച്ചു വേണ്ടതിന്നുണര്‍ന്നുരയ്ക്കുവിന്‍'' സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയിലും നമുക്കിടയില്‍ ഉല്‍ബോധനമന്ത്രമായിത്തീര്‍ന്ന ഇത്തരം ഉണര്‍ത്തുപാട്ടുകള്‍ പുത്തന്‍ തലമുറകളുടെ മസ്തിഷ്‌കങ്ങളെ മഥിക്കട്ടെ.