സക്കീറിന്റെ വക്കീല്‍

Saturday 16 July 2016 8:47 pm IST

മുംബൈയ്ക്കാരന്‍ സക്കീര്‍ നായിക്കും മാപ്രത്തുകാരന്‍ മുഹമ്മദ് ബഷീറും മൈനാഗപ്പള്ളിക്കാരന്‍ അബ്ദുള്‍ നാസര്‍ മദനിയുമൊക്കെയാണ് സാക്ഷാല്‍ മതേതരന്മാര്‍. സര്‍വമതസാഹോദര്യത്തിന്റെയും ലോകസമാധാനത്തിന്റെയും സ്വര്‍ഗരാജ്യമായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണല്ലോ ഇവരുടെയൊക്കെ കഷ്ടപ്പാടെന്നോര്‍ക്കുമ്പോഴാണ് രാജ്യം ഇത്തരക്കാര്‍ക്കുമുന്നില്‍ ശിരസ്സ് നമിക്കണമെന്ന് തോന്നിപ്പോകുന്നത്. മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടാക്കി വെട്ടിമുറിക്കണമെന്ന ആവശ്യമുയര്‍ത്തിയ സംഘടനയുടെ പേര് മുസ്ലിം ലീഗ് എന്നുതന്നെയായിരുന്നു. അതിന്റെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിച്ചതും പകുത്തുകിട്ടിയ ഭൂമിയില്‍ നിന്ന് മുസ്ലിങ്ങളല്ലാത്തവരെയൊക്കെ മതംമാറ്റിയും അതിന് തയ്യാറാകാത്തവരെ കൊന്നുകളഞ്ഞും ശേഷിക്കുന്നവരെ ആട്ടിയോടിച്ചും ലോകസമാധാനത്തിന്റെ സ്വര്‍ഗരാജ്യം സ്ഥാപിച്ചെടുത്ത സംഘടനയുടെ പേരും മുസ്ലിം ലീഗ് എന്നുതന്നെയായിരുന്നു. ഇപ്പോള്‍ ഇ.ടി, മുഹമ്മദ് ബഷീര്‍ എംപി ആയിരിക്കുന്നതും നേതാവായിരിക്കുന്നതും ജനാധിപത്യത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും പറ്റുന്നതും മുസ്ലീംലീഗിന്റെ പേരിലാണ്. സംവരണസീറ്റ് ചോദിച്ചുവാങ്ങി അതില്‍ ഒരു രാമനെ മത്സരിപ്പിക്കുന്നതുകൊണ്ട് ഇത് മതേതര മുസ്ലിംലീഗാണെന്ന് മലയാളികള്‍ മനസ്സിലാക്കിക്കൊള്ളണം. ലോകചരിത്രത്തില്‍ മതത്തിന്റെ പേരില്‍ അറിയപ്പെടുന്ന മതേതര സംഘടന ഇതൊന്നേ ഉണ്ടാകാന്‍ വഴിയുള്ളൂ. ഭാരത പാര്‍ലമെന്റില്‍ സാമൂഹ്യനീതി പരിപാലിക്കാന്‍ നിയുക്തമായ സ്റ്റാന്റിങ് കമ്മറ്റിയിലെ അംഗമാണ് പൊന്നാനിയിലെ എംപി കൂടിയായ എഴുപതുകാരന്‍ ഇടി. സാക്ഷാല്‍ സക്കീര്‍ നായിക്കിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം. ലീഗ് കമ്മറ്റിയില്‍ സക്കീര്‍നായിക്കിനുവേണ്ടി വലിയ വായില്‍ ഒച്ചയിടുകയും പാവം നായിക്കിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി ഈ ആഗോള മതേതര സംഘടനയുടെ സെക്രട്ടറി. ലോകസമാധാനത്തിനുവേണ്ടി സക്കീര്‍നായിക്കും കൂട്ടരും നടത്തുന്ന അശ്രാന്തപരിശ്രമങ്ങളെയാണ് നരേന്ദ്രമോദിയും മഹാരാഷ്ട്രയിലെ ബിജെപിക്കാരുംകൂടി വേട്ടയാടുന്നതെന്നാണ് ബഷീറിന്റെ വാദം. അതുകൊണ്ട് എല്ലാ മതേതരന്മാരും ഉണര്‍ന്നെഴുന്നേറ്റ് സക്കീര്‍നായിക്കിനുവേണ്ടി ഓരിയിടുകയും ചുംബനസമരമോ ബീഫ്‌ഫെസ്റ്റിവലോ ഒക്കെ സംഘടിപ്പിച്ചതുമാതിരി മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ രംഗത്തുവരികയും വേണമെന്ന് മുസ്ലിംലീഗ് നേതാവിന് അഭിപ്രായമുണ്ട്. നായിക്കിന്റെ പ്രസംഗങ്ങളെല്ലാംകൂടി മടിപ്പുറത്ത് അഥവാ ലാപ്പ്‌ടോപ്പില്‍ കൊണ്ടുനടക്കുകയാണ് മുഹമ്മദ് ബഷീര്‍. അതുകൊണ്ട് മടിയില്‍ കനമില്ലെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ പേടിയുണ്ടെന്ന് ധരിക്കുകയും വേണ്ട. ബിജെപിക്കാരന്‍ ഭരണത്തില്‍ വരുന്നതുവരെ മടിയില്‍ ഇമ്മാതിരി കനവുമായിത്തന്നെ കേരളത്തില്‍ മതേതരലീഗിന്റെ കൊടിപറക്കുമെന്ന കാര്യത്തില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് സംശയമില്ല. പിണറായി മുതല്‍ രമേശ് ചെന്നിത്തല വരെയുള്ളവരുടെ മതേതരപ്രേമം അത്രയ്ക്ക് സുരക്ഷിതത്വമാണ് ലീഗ് മോഡല്‍ മതേതരത്വത്തിന് ഒരുക്കിക്കൊടുക്കുന്നത്. തൃക്കരിപ്പൂരില്‍ നിന്നും മറ്റും കൂട്ടത്തോടെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയവരുടെ എണ്ണവും വണ്ണവും കണ്ട് ജാഗ്രത വേണമെന്നാണ് പകവീട്ടല്‍ പ്രത്യയശാസ്ത്രകാരനും മാര്‍ക്‌സിസ്റ്റുകളുടെ മാത്രം മുഖ്യമന്ത്രിയെന്ന് സ്വയം വിശ്വസിക്കുന്നയാളുമായ പിണറായി വിജയന്‍ പറയുന്നത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി നഴ്‌സുമാരെ മോദി സര്‍ക്കാര്‍ ഒരു പോറലുമേല്‍ക്കാതെ നാട്ടില്‍ തിരിച്ചെത്തിച്ചപ്പോള്‍ വകതിരിവ് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത പിണറായിക്ക് ഭീകരര്‍ മലയാളിപ്പെണ്‍കുട്ടികളുടെ പൊന്നാങ്ങളമാരായിരുന്നു. അതിനുമപ്പുറത്തേക്ക് കടന്നാണ് പിണറായി സര്‍ക്കാരിന്റെ ഫിഡല്‍ കാസ്‌ട്രോ അന്ന് പ്രതികരിച്ചത്. സാമ്രാജ്യത്തത്തിനെതിരായ യുദ്ധം നടത്തുന്ന ധീരരായ പോരാളികളാണ് അവര്‍ എന്നായിരുന്നു വിഎസിന്റെ വിശേഷണം. പിന്നെന്തിന് ഇ.ടി. മുഹമ്മദ് ബഷീര്‍ മടിച്ചുനില്‍ക്കണം സദ്ദാം ഹുസൈനുവേണ്ടി ഹര്‍ത്താല്‍ നടത്തിയും മദനിയുടെ മകളുടെ നിക്കാഹ് നടത്തിയും മതേതരത്വം പ്രഖ്യാപിച്ച മതേതരമുന്നണികള്‍ പച്ചച്ചെങ്കൊടിയുമേന്തി സക്കീര്‍നായിക്കെന്ന പുണ്യാളനുവേണ്ടി തെരുവുയോഗങ്ങള്‍ നടത്താന്‍ പോകുന്ന കാലമാണിനി വരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ സമാധാനത്തിന്റെ പ്രവാചകനുവേണ്ടി ഇപ്പോള്‍ത്തന്നെ ആളുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇടിയുടെയും ലീഗിന്റെയും മാര്‍ക്‌സിസ്റ്റ് പൊന്നാങ്ങളമാരുടെയും ആരാധ്യപുരുഷനായ സക്കീര്‍നായിക്ക് ഒരു ഇന്റര്‍നാഷണല്‍ മദനിയാണ്. വൈകാരികമായ അംഗവിക്ഷേപങ്ങളോടെ അനിസ്ലാമികമായ ഒന്നിനോടും സന്ധിയില്ലെന്ന് പരസ്യമായി പലവുരു പൊതുവേദികളില്‍ വിളിച്ചുപറയുകയും, കേരളത്തിന്റെ സൈ്വരജീവിതത്തിനുമേല്‍ വര്‍ഗീയകലാപത്തിന്റെ തീപ്പൊരികള്‍ സൃഷ്ടിക്കുകയും ചെയ്ത മദനിക്കുവേണ്ടിയാണല്ലോ ഇടിയും പിണറായിയും വേദി പങ്കിടുകയും ഒത്തുചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശപ്രവര്‍ത്തകനെന്നാണ് ഭീകരവാദക്കേസില്‍ വിചാരണ നേരിടുന്ന മദനിക്ക് ഇവിടുത്തെ മതേതരരാഷ്ട്രീയക്കാരന്‍ നല്‍കിയ വിശേഷണം. തന്നേക്കാള്‍ വലിയ മനുഷ്യാവകാശപ്രവര്‍ത്തകനാണ് സക്കീര്‍ നായിക്കെന്നാണ് മദനിയുടെ പോലും വിലയിരുത്തല്‍. അപ്പോള്‍ ആളെത്ര വലിയ ഭീകരനായിരിക്കണമെന്ന് ഓര്‍ത്താല്‍ മതി. നിരവധി രാജ്യങ്ങള്‍ വിലക്കിയ മതഭീകരതയുടെ പ്രഭാഷകനാണ് ഇപ്പറഞ്ഞ സക്കീര്‍ നായിക്ക്. മതേതരലീഗിന്റെ നേതാക്കള്‍ മതവും മതഭീകരതയും തമ്മില്‍ വലിയ വേര്‍തിരിവൊന്നുമില്ലെന്ന് ഇടിയുടെ സക്കീര്‍ വാഴ്ത്തുപാട്ട് കേട്ടാല്‍ മനസ്സിലാകും. സക്കീര്‍നായിക്കിന്റെ സമാധാനപ്രഭാഷണങ്ങള്‍ കേട്ട് പ്രചോദിതരായി ലോകത്തെ നന്നാക്കാനിറങ്ങിയ ഒട്ടെറെ മഹാത്മാക്കള്‍ ഉണ്ടത്രെ. പട്ടാപ്പകല്‍ ന്യൂയോര്‍ക്ക് പട്ടണത്തിലിറങ്ങി സാധാരണക്കാരെ സമാധാനത്തോടെ സ്വര്‍ഗത്തേക്കെത്തിക്കാന്‍ ബോംബും തോക്കുമുപയോഗിച്ച നജിബുള്ള സാസിയാണ് ഒരു മഹാത്മാവ്. 2006ല്‍ മുംബൈയില്‍ തീവണ്ടികളില്‍ സ്‌ഫോടനപരമ്പര നടത്തി വിശുദ്ധി നേടിയ റാഹില്‍ ഷേഖാണ് ഇനിയൊരാള്‍. 2007ല്‍ ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ടില്‍ സ്‌ഫോടനം നടത്തിയതിന് പോലീസ് പിടികൂടിയ കഫീല്‍ അഹമ്മദാണ് മറ്റൊരു ആരാധകന്‍. ഇമ്മാതിരി സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ പാവം മതപ്രഭാഷകന്‍ രൂപംകൊടുത്ത ചാനലിന്റെ പേരാണ് പീസ് ടിവി. കണ്ടിച്ചു തുണ്ടംതുണ്ടമാക്കിക്കളയുമെന്ന ഭീഷണിയൊന്നുമില്ല ഈ പീസില്‍... സമാധാനം മാത്രമാണ് ഉള്ളടക്കം. നായിക്കിന്റെ സമാധാനം കണ്ട് സഹിക്കാനാകാതെ ലോകമെമ്പാടും നിരവധി രാജ്യങ്ങള്‍ ഈ സാധനം നിരോധിച്ചുകളഞ്ഞിട്ടുണ്ട്. അവരൊക്കെ സമാധാനത്തെ ഭയക്കുന്നവരാണെന്ന് മനസ്സിലാക്കിക്കൊള്ളണം. ഒസാമ ബിന്‍ലാദനെപ്പോലെയൊരു സമാധാനത്തിന്റെ വെള്ളരിപ്രാവിനുവേണ്ടി 2008ല്‍ ലഖ്‌നൗവില്‍ സക്കീര്‍നായിക്ക് ഒരു പ്രസംഗം നടത്തി. ആ ഒറ്റ പ്രസംഗത്തിന്റെ പേരില്‍ മുഫ്ത്തി അബ്ദുള്‍ ഇര്‍ഫാന്‍ മിയാന്റേതടക്കം നാല് ഫത്വകളാണ് അങ്ങോര്‍ക്കെതിരെ പുറത്തുവന്നത്. ഇപ്പോള്‍ ഇടിയുടെ ഈ വിശുദ്ധപ്രചാരകന്‍ ഒളിവിലാണെന്നാണ് വര്‍ത്തമാനം. സ്‌കൈപ്പിലൂടെ പത്രക്കാരോട് സംസാരിക്കാന്‍ പോലും മുംബൈയിലെ ഹോട്ടലുകാര്‍ അനുമതി നല്‍കിയില്ലത്രെ. വിശുദ്ധരും സമാധാനപ്രിയരുമായ അജ്മല്‍കസബിനും കൂട്ടര്‍ക്കുമൊന്നും കിട്ടിയ സ്വാതന്ത്ര്യം ഫാസിസ്റ്റ് മോദിയുടെ നാട്ടിലില്ലെന്ന് സാരം. ആവാം ഒരു അസഹിഷ്ണുതാവിരുദ്ധപോരാട്ടമൊക്കെ....

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.