സോപാനം ഉണര്‍ന്നു; കാവാലം സ്മരണയില്‍ 'ശാകുന്തളം' അരങ്ങിലെത്തുന്നു

Saturday 16 July 2016 10:34 pm IST

തിരുവനന്തപുരം: നാടക കുലപതി കാവാലം നാരായണപണിക്കരുടെ വിയോഗത്തിനു ശേഷം സോപാനം വീണ്ടും ഉണര്‍ന്നു. 'യാ സൃഷ്ടി: സ്രഷ്ടുരാദ്യാ........'എന്ന നാന്ദി ശ്ലോകം ചൊല്ലി സോപാനത്തിലെ കളരിത്തറയില്‍ നാടകത്തിന് വീണ്ടും തിരിതെളിഞ്ഞു. കാവാലം ഇല്ലാതെ 'ശാകുന്തള'ത്തിന്റെ പരിശീലനം വീണ്ടും ആരംഭിച്ചു. കാവാലത്തിന്റെ മകന്‍ കാവാലം ശ്രീകുമാറിന്റെയും ചെറുമകള്‍ കല്യാണിയുടെയും മേല്‍നോട്ടത്തിലാണ് നാടക പരിശീലനം പുനരാരംരഭിച്ചത്. മരണം ഒരു ആഘോഷമെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നതെന്ന് കാവാലം ശ്രീകുമാര്‍ പറഞ്ഞു. മരണ ദിവസം ശിഷ്യരെല്ലാവരും ചേര്‍ന്ന് ഗാനാഞ്ജലി അര്‍പ്പിച്ചത് അതുകൊണ്ടാണ്. സോപാനം മൂകമായിരിക്കുന്നത് അച്ഛന് ഇഷ്ടമല്ല. അദ്ദേഹം തീരുമാനിച്ചിരുന്നത് ജൂലൈയില്‍ ശാകുന്തളം അവതരിപ്പിക്കണമെന്നാണ്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ മാസം തന്നെ നാടകം അവതരിപ്പിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. ശാകുന്തളം നാടകാവതരണം കാവാലത്തുനുള്ള ഗുരുദക്ഷിണയാണെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. നാടകം അവതരിപ്പിക്കണമെന്ന ആഗ്രഹവുമായി ചെന്നപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മെയ് 19 ന് ആണ് പരിശീലനം ആരംഭിച്ചത്. നാടകം പൂര്‍ണ്ണമായും ചിട്ടപ്പെടുത്തിയത് കാവാലത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നും നാടകം തുടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭപ്പെടുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി ശാകുന്തളം വീണ്ടും അരങ്ങിലെത്തിക്കുന്ന അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കാവാലം അരങ്ങൊഴിഞ്ഞ് ലോകത്തോട് വിടപറഞ്ഞത്.ശാകുന്തളത്തിലെ ശകുന്തളയെ മഞ്ജുവിലൂടെ പൂര്‍ണ്ണമായും പകര്‍ത്തി നാടകത്തിന് പൂര്‍ണ്ണ രൂപം കാവാലം നല്‍കിയിരുന്നു. അവശതകള്‍ക്കിടയിലും അവസാനഘട്ട മിനിക്കുപണികളും കാവാലം തന്നെ ചെയ്തിരുന്നു. ആദ്യം അവതരിപ്പിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്ഥമായി ശാകുന്തളത്തിലെ ദുഷ്യന്തന്റ മാന്‍വേട്ടയെ 'പെണ്‍വേട്ട' എന്ന സങ്കല്‍പത്തിലേക്ക് കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ശകുന്തള വനജ്യോത്സനയോട് യാത്ര പറയുന്ന ഹൃദയ സ്പര്‍ശിയായ രംഗത്തെ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയിലാണ് പുതുതായി അവതരിപ്പിക്കുന്നത്. അതിന്റെ രംഗവിന്യാസവും പദങ്ങളുമെല്ലാം കാവാലത്തിന് ഏറെ ഇഷ്ടവും ഹൃദയസ്പര്‍ശിയുമായിരുന്നു. ആഭാഗം എത്തുമ്പോള്‍ അവശതകള്‍ക്കിടയിലും കാവാലം കൂടുതല്‍ ശ്രദ്ധചെലുത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.30ന് ടാഗോര്‍ തീയറ്ററിലാണ് നാടകം അവതരിപ്പിക്കുന്നത്. ഗിരീഷ് സോപാനം, ശിവകുമാര്‍, കൃഷ്ണ, കീര്‍ത്തന, സജി.എസ്.എന്‍ തുടങ്ങി കാവാലത്തിന്റെ ഇരുപതോളം ശിഷ്യര്‍ മഞ്ജുവിനോടൊപ്പം അരങ്ങിലെത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.