ഡോ. അംബേദ്കര്‍ ദേശീയത അറിഞ്ഞ മഹാന്‍: സഞ്ജയ് പാച്ച്‌പോര്‍

Saturday 16 July 2016 10:43 pm IST

കാഞ്ഞങ്ങാട്: ദേശീയതയുടെ ഉള്ളറകളറിഞ്ഞ് സാമൂഹ്യ നവോത്ഥാനത്തിന് തുടക്കം കുറിച്ച മഹാനായിരുന്നു ഡോ.ബി.ആര്‍. അംബേദ്കറെന്ന് എബിവിപി അഖിലേന്ത്യാ വര്‍ക്കിങ് കമ്മറ്റി അംഗവും മഹാരാഷ്ട്രാ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ സംഘടന സെക്രട്ടറിയുമായ സഞ്ജയ് പാച്ച്‌പോര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിന്റെ രണ്ടാം ദിവസത്തില്‍ അംബേദ്കറും ദേശീയതയുമെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ യഥാര്‍ത്ഥ വസ്തുതകളെ അംബേദ്കര്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തി. ജാതീയത, ഉച്ചനീചത്വം, അന്ധവിശ്വാസം, അനാചാരം എന്നിവക്കെതിരെ ദേശീയതയെ മുന്‍നിര്‍ത്തി പോരാടിയ അദ്ദേഹം മതപരിവര്‍ത്തനങ്ങളെയും മതസ്പര്‍ദ്ധയെയും ശക്തമായി എതിര്‍ത്തിരുന്നുവെന്നും സഞ്ജയ് പാച്ച്‌പോര്‍ പറഞ്ഞു. ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണമെന്ന് വാദിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായി താഴ്ന്ന വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ലഭിച്ചിരുന്നതായും സഞ്ജയ് പാച്ച്‌പോര്‍ പറഞ്ഞു. കലാലയ പ്രവര്‍ത്തനം, സംഘടന കാര്യപദ്ധതി, എബിവിപി ചരിത്രവും സാമൂഹിക ഇടപെടലുകളും തുടങ്ങിയ വിഷയങ്ങളില്‍ ഇന്നലെ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടന്നു. ഇന്ന് രാവിലെ ഇന്റലക്ച്വല്‍ ടെററിസം എന്ന വിഷയത്തില്‍ അഖിലേന്ത്യാ സംഘടന സെക്രട്ടറി സുനില്‍ അംബേദ്ക്കര്‍ പ്രഭാഷണം നടത്തും. ശിബിരം ഇന്ന് വൈകുന്നേരം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.