ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണം. ഇതുവഴി രാജ്യം നേരിടുന്ന പുതിയ വെല്ലുവിളികളെ നേരിടാന്‍ സാധിക്കും. ദല്‍ഹിയില്‍ ചേര്‍ന്ന അന്തര്‍സംസ്ഥാന യോഗത്തില്‍ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആഭ്യന്തര സുരക്ഷ സുശക്തമാക്കേണ്ടതുണ്ട്. വിവിധ ക്ഷേമ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത രൂപമാണ് അന്തര്‍സംസ്ഥാന കൗണ്‍സില്‍. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യവികസനം സാധ്യമാകൂ. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. യുപി, കര്‍ണ്ണാടക, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി എസ്. വിജയാനന്ദ് എന്നിവര്‍ യോഗത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: