ആലപ്പുഴ നഗരസഭയില്‍ ഒത്തുകളി ഭരണം തുടരുന്നു

Sunday 17 July 2016 3:46 pm IST

ആലപ്പുഴ: നഗരസഭയില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയം തുടരുന്നു. മുന്‍ ഇടതു ഭരണകാലത്ത് നടന്ന അഴിമതിക്കെതിരെ നടപടിയെടുക്കാതെ ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി ഒളിച്ചു കളിക്കുകയാണ്. അനുമതിയില്ലാതെ റോഡുകള്‍ വെട്ടിപ്പൊളിച്ച് കേബിളുകള്‍ സ്ഥാപിച്ച് നഗരസഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ നഗരസഭ നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്ത റിലയന്‍സ് കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഡിഎഫ് ഭരണസമിതി തയ്യാറാകുന്നില്ല. നഗരസഭയുടെ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ തങ്ങള്‍ക്ക് പിഡബഌുഡി ചീഫ് എന്‍ജിനിയര്‍ അനുമതി നല്‍കിയെന്നാണ റിലയന്‍സ് ജിയോ ഇന്‍ഫോകോ ലിമിറ്റഡ് അവകാശപ്പെടുന്നത്. എന്നാല്‍ ചീഫ് എന്‍ജിനിയര്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കാന്‍ അധികാരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അനുമതിയില്ലാതെ 34.75 കിലോമീറ്റര്‍ ടാര്‍റോഡ് വെട്ടിപ്പൊളിച്ച് കേബിള്‍ സ്ഥാപിച്ചതിന് 34 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ റിലയന്‍സിന് നോട്ടീസ് നല്‍കിയത്. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കാണിച്ച് റിലയന്‍സ് അധികൃതര്‍ മറുപടി നല്‍കി. റിലയന്‍സും യുഡിഎഫ് ഭരണസമിതിയും റോഡ് വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കിയ മുന്‍ എല്‍ഡിഎഫും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആദ്യം നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ച കമ്പനി പിന്നീട് ചുവടുമാറ്റിയതും ദുരൂഹമാണ്. ന.കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് 2014 ഫെബ്രുവരി 11നാണ് എല്‍ഡിഎഫ് ഭരണസമിതി റിലയന്‍സ് ടെലിഫോണ്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ 5.72 കിലോമീറ്റര്‍ ടാര്‍റോഡും 9.75 കിലോമീറ്റര്‍ ഗ്രാവല്‍റോഡും വെട്ടിപ്പൊളിക്കാന്‍ 'റിലയന്‍സ് ജിയോ ഇന്‍ഫോ കോ ലിമിറ്റഡ്' അപേക്ഷ നല്‍കിയത്. 2014 ഡിസംബര്‍ 11ന് 1,55,94,153 രൂപയ്ക്ക് കൗണ്‍സില്‍യോഗം അനുമതി നല്‍കി. 2015 മെയ് 31നകം ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയോടെയായിരുന്നു അനുമതി. അക്കാലയളവില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അനുമതി ലഭിച്ചതിന്റെ മൂന്നിരട്ടിയിലേറെ റോഡുകള്‍ വെട്ടിപ്പൊളിച്ച് കമ്പനി കേബിള്‍ സ്ഥാപിച്ചു. പൊളിച്ചതിലേറെയും ടാര്‍റോഡുകളാണ്. കഴിഞ്ഞ വര്‍ഷം ഇപ്പോഴത്തെ കൗണ്‍സിലിന് 18.96 കിലോമീറ്റര്‍ റോഡ് വീണ്ടും വെട്ടിപ്പൊളിക്കാന്‍ റിലയന്‍സ് അപേക്ഷ നല്‍കി. എന്നാല്‍ എതിര്‍പ്പുണ്ടായി, അനുമതിയില്ലാതെ പൊളിച്ച റോഡിന്റെ നഷ്ടപരിഹാരവും പിഴയും റിലയന്‍സില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. നഗരസഭാ സെക്രട്ടറിയുടെ അന്വേഷണത്തില്‍ ഇത് വ്യക്തമായി. ഇതേതുടര്‍ന്ന് 2016 ജനുവരി 11നും ഫെബ്രുവരി എട്ടിനും സെക്രട്ടറി റിലയന്‍സിന് കത്തുനല്‍കി. ഇതിന് നല്‍കിയ മറുപടിയില്‍ അനുമതി ലഭിച്ചതിനെക്കാള്‍ കൂടുതല്‍ റോഡ് പൊളിച്ചതായി റിലയന്‍സ് സമ്മതിച്ചു. നഗരസഭ നിശ്ചയിക്കുന്ന എന്ത് പിഴയും നല്‍കാമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം 34 കോടിരൂപ റിലയന്‍സില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ റിലയന്‍സ് നിലപാട്. യുഡിഎഫിലെ പ്രമുഖന്റെ കമ്പനിയാണ് റിലയന്‍സിന് വേണ്ടി നഗരത്തിലെ റോഡുകള്‍ നിയമവിരുദ്ധമായി വെട്ടിപ്പൊളിച്ചത്.ഇരുപക്ഷവും ഒത്തുകളി തുടരുന്നതിനാല്‍ വിഡ്ഢികളാകുന്നത് നഗര നിവാസികളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.