വെങ്ങല്ലൂരില്‍ രണ്ട് വീടുകളില്‍ മോഷണം; 27 പവനും 1.5 ലക്ഷം രൂപയും കവര്‍ന്നു

Sunday 17 July 2016 8:41 pm IST

തൊടുപുഴ: നഗരത്തില്‍ അടച്ചിട്ടിരുന്ന രണ്ട് വീടുകളില്‍ മോഷണം സ്വര്‍ണ്ണവും പണവുമടക്കം 8 ലക്ഷം രൂപയുടെ ഉരുപടികള്‍ കവര്‍ന്നു. ശനിയാഴ്ച രാത്രിയാണ് സമീപത്തായുള്ള രണ്ട് വീടുകളിലും മോഷണം നടക്കുന്നത്. വെങ്ങല്ലൂര്‍ ആരവല്ലിക്കാവിനു സമീപത്തെ രണ്ട് വീടുകളിലാണ് മോഷ്ടാക്കള്‍ വാതില്‍ കുത്തിതുറന്ന് കയറി മോഷണം നടത്തിയത്. ചാത്താപ്പിള്ളില്‍ എം എ മണിയുടെ വീട്ടില്‍ നിന്നും ഇരുപത്തഞ്ച് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ആണ് കവര്‍ന്നത്. വീടിന്റെ രണ്ടാം നിലയിലുള്ള സ്റ്റീല്‍ അലമാര കുത്തിതുറന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് അപഹരിച്ചത്. വീട്ടുടമസ്ഥനും ഭാര്യയും ഇളയ മകളെ കാണാന്‍ അമേരിക്കയിലേക്ക് പോയതിനാല്‍ ഐരാപുരത്തുള്ള രണ്ടാമത്തെ മകളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ സ്വര്‍ണ്ണമാണ് നഷ്ടമായത്. തൊട്ടടുത്ത് തന്നെ സാമസിക്കുന്ന മൂത്ത മകളാണ് ഇന്നലെ ഉച്ചയോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. സമീപത്തു തന്നെയുള്ള ചെറുപറമ്പില്‍ അനൂപിന്റെ വീട്ടിലും മോഷണം നടന്നു. ഒന്നരലക്ഷം രൂപയും രണ്ട് പവന്റെ സ്വര്‍ണ്ണവുമാണ് അവിടെ നിന്നും മോഷ്ടിച്ചത്. അനൂപിന്റെ അമ്മ സഹോദരിയുടെ വീട്ടിലും അനൂപും ഭാര്യയും ഭാര്യ വീട്ടിലും പോയിരിക്കുകയായിരുന്നു. രണ്ട് വീടുകളിലും ഒരേ രീതിയില്‍ തന്നെയാണ് മോഷണം നടന്നിട്ടുള്ളത്. മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയിരിക്കുന്നത്. മണിയുടെ വീട്ടില്‍ നിന്നും എടുത്ത ഒരു സോക്‌സ് അനൂപിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടു വീടുകളിലും താമസക്കാരില്ലെന്ന സമാനതകളും ഉണ്ട്. സമീപത്തെ മറ്റ് വീടുകളിലൊന്നിലും മോഷണ ശ്രമം നടന്നിട്ടില്ല. അതേ സമയം നഗരത്തില്‍ അടുത്തിടെയായെ മോഷണം പെരുകിയിട്ടും പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന ആരോപണം ശക്തമാണ്. കേസെടുത്തെത്തും അന്വേഷണം നടത്തി വരികയാണെന്നുമാണ് എസ്‌ഐ നല്‍കുന്ന വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.