കുമളിയില്‍ ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Sunday 17 July 2016 8:51 pm IST

വണ്ടിപ്പെരിയാര്‍:  കുമളിയില്‍ ഒന്നര കിലോ കഞ്ചാവുമായി രണ്ട് കോട്ടയം സ്വദേശികള്‍ പിടിയില്‍. ഇരവിമംഗലം കാരിവേലിപ്പറമ്പില്‍ രതിന്‍ (24), നിരപ്പേല്‍ അഭിജിത്ത്(20) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. തമിഴ്‌നാട് കമ്പം സ്വദേശിയില്‍ നിന്നും കുമളി ഗ്രേസ് തിയേറ്ററിന്റെ പരിസരത്ത് വച്ച് കഞ്ചാവ് വാങ്ങി ബസ്സ്റ്റാന്‍ഡിലേയ്ക്ക് വരുന്ന വഴിയാണ് ഇവര്‍ പിടിയിലാകുന്നത്. പതിനയ്യായിരം രൂപ നല്‍കി തമിഴ്‌നാട് സ്വദേശിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒന്നരക്കിലോ കഞ്ചാവ്  പ്ലാസ്റ്റിക്ക് ഷിമ്മികവറിലാക്കി കെട്ടി തോള്‍ ബാഗിലാക്കി കൊണ്ട് വരികയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോട്ടയത്തെ ഒരു കോളേജ് വിദ്യാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രതികള്‍ കഞ്ചാവ് കടത്തി വന്നത്. ഇയാള്‍ക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സികെ, പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി. ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി., രവി വി., അനീഷ് ടി. എ., എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്. പ്രതികളെ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും മേഖലയില്‍ ശക്തമായ പരിശോധന തുടരുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.