സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്ത് ലക്ഷ്യം കണ്ടില്ല

Sunday 17 July 2016 10:40 pm IST

ആലപ്പുഴ: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് (ആര്‍എസ്ബിവൈ ചിസ് പ്ലസ്) പദ്ധതി ലക്ഷ്യം കണ്ടില്ല, ഫോട്ടോയെടുത്ത് കാര്‍ഡ് പുതുക്കാതിരുന്ന 4.05 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നഷ്ടമായി. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 32.69 ലക്ഷം കുടുംബങ്ങളാണ് സൗജന്യ ചികിത്സയ്ക്ക് അര്‍ഹത നേടിയത്. സ്മര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോട്ടോയെടുപ്പും കാര്‍ഡു വിതരണവും മാര്‍ച്ച് മുതല്‍ ജൂണ്‍ 30 വരെയായിരുന്നു. 30 രൂപ കൊടുത്ത് അംഗമായ കുടുംബത്തിന് സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ ആശുപത്രികളില്‍ നിന്നു ഒരുവര്‍ഷം 30000 രൂപ വരെയുള്ള സൗജന്യചികിത്സയാണ് ലഭിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന ചിസ് പ്ലസ് പദ്ധതിയില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് എഴുപതിനായിരം രൂപയുടെ അധിക ചികിത്സാസഹായവും ലഭിക്കും. ആശുപത്രിയില്‍ 24 മണിക്കൂറില്‍ കുറയാത്ത കിടത്തി ചികിത്സ ആവശ്യമുള്ള അസുഖങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഡയാലിസിസ്, കീമോതെറാപ്പി, റേഡിയേഷന്‍, ലീതോട്രിപ്‌സി, തിമിര ശസ്ത്രക്രിയ തുടങ്ങി ഇരുപതോളം ചികിത്സകള്‍ക്കും സ്മാര്‍ഡ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ജന്മനായുള്ള വൈകല്യങ്ങള്‍, മദ്യം, മയക്കുമരുന്ന് മൂലമുള്ള അസുഖങ്ങള്‍, വന്ധ്യത, പ്രതിരോധ കുത്തിവെയ്പ്പ്, ആത്മഹത്യാശ്രമം, ഭ്രൂണഹത്യ, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സകള്‍ക്ക് ആനുകൂല്യം ലഭിക്കുകയില്ല. പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ ചിയാക്കാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 36.74 ലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ സൗജന്യ ചികിത്സ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 32.69 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് നഗരസഭ, ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിലെത്തി ഫോട്ടോയെടുത്ത് പുതിയ സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റിയത്. സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന 4.05 ലക്ഷം കുടുംബങ്ങള്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളിലെത്താതിരു ന്നതിനാല്‍ ഇവര്‍ക്ക് ചികിത്സ നഷ്ടമായി. 2013 മാര്‍ച്ച് മുതല്‍ 2016 മാര്‍ച്ച് 31 വരെ റിലയന്‍സ് കമ്പനിയാണ് പദ്ധതിയുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് ലിമിറ്റഡ് കമ്പനിയാണ് ചുമതലയേറ്റെടുത്തത്. കുടുംബത്തിലെ പരമാവധി അഞ്ചുപേര്‍ക്കാണ് ചികിത്സാ സഹായം ലഭിക്കുന്നത്. അര്‍ഹരായ 4.03 ലക്ഷം കുടുംബങ്ങളില്‍ 3.90 കുടുംബങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് നല്‍കി കോഴിക്കോടാണ് സംസ്ഥാനത്ത് പദ്ധതി നടത്തിപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ജില്ല, അര്‍ഹതപ്പെട്ട കുടുംബങ്ങള്‍, സ്മാര്‍ട്ട് കാര്‍ഡ് എടുത്തവര്‍ എന്ന കണക്കില്‍: തിരുവനന്തപുരം-416821 (399163), ആലപ്പുഴ -358557 (336816), കണ്ണൂര്‍- 225766 (207925), കൊല്ലം- 366945 (332882), വയനാട്-119387(107599), മലപ്പുറം -341679 (307535), കോട്ടയം -219081 (189868), പാലക്കാട് -286812 (247751), കാസര്‍കോഡ്- 100029 (82403), പത്തനംതിട്ട -131907 (108460), എറണാകുളം 246875 (200810), ഇടുക്കി 148870 (117085), തൃശൂര്‍ -307778 (240312).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.