മാരീചന്മാര്‍ക്കെതിരെ ജാഗരൂകരാകണം: ശശികല ടീച്ചര്‍

Friday 19 May 2017 12:03 pm IST

പുല്‍പ്പള്ളി: വര്‍ത്തമാനകാല പൊതുസമൂഹത്തില്‍ മാരീചന്‍മാരുടേയും താടകമാരുടേയും സ്വഭാവക്കാര്‍ ഏറിവരികയാണ്. ഇതിനെതിരായ ചെറുത്ത് നില്‍പ്പിനുളള ഏറ്റവും നല്ല സന്ദേശമാണ് രാമായണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍. മാതാഅമൃതാന്ദമയീമഠവും ഹൈന്ദവ സംഘടനകളും ചേര്‍ന്നൊരുക്കിയ രാമായണ പരിക്രമണ സമാപന സമ്മേളനത്തില്‍ രാമായണ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അവര്‍. ചില സെമറ്റിക് മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും തെറ്റായി ഉദ്ധരിച്ചും ചിലര്‍ നടത്തുന്ന ഇടപെടലുകള്‍ ലോകസമാധാനത്തിന് തന്നെ ഭീക്ഷണിയാവുകയാണിന്ന്. ഭാരതീയ ദര്‍ശനങ്ങളും മഹത്ഗ്രന്ഥങ്ങളും പറയുന്ന സനാതന ധര്‍മ്മം ആരും ആരേയും നിര്‍ബന്ധിച്ചോ ഭീക്ഷണിപ്പെടുത്തിയോ പഠിപ്പിക്കുന്നതല്ല. എന്നിട്ടും രാമായണത്തിന്റെ വായനക്കാര്‍ ഓരോ വര്‍ഷവും കൂടിവരികയാണ്. രാമായണം പോലുളള ഗ്രന്ഥങ്ങള്‍ സ്ഥിരമായി വായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. പലവിധത്തിലുളള പ്രലോഭനങ്ങളില്‍ വശംവദരായി നമ്മുടെ യുവതീ യുവാക്കള്‍ ജിഹാദി സംഘടനകളില്‍ എത്തിപ്പെടുന്നതിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് നമ്മുടെ സീതമാരെ അപഹരിക്കുന്ന പുതിയ കാലത്തെ മാരീചന്‍മാര്‍ക്കെതിരെ നാം ജാഗരൂകരാകണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. എം.കെ. ശ്രീനിവാസന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. അക്ഷയാമൃത ചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. വി.മധു മാസ്റ്റര്‍ സ്വാഗതവും സുരേഷ് മാന്താനത്ത് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.