സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ കേസ്: വാദം 30ലേയ്ക്ക് മാറ്റി

Monday 18 July 2016 10:43 pm IST

മൂവാറ്റുപുഴ: പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ വിജിലന്‍സ് കേസില്‍ വിശദമായ വാദത്തിനായി 30ലേക്ക് മാറ്റി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ധനമന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ എറണാകുളം സ്വദേശി ഗിരിഷ്ബാബു സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ വീണ്ടും പരിഗണനയ്‌ക്കെടുത്ത് വാദം നടന്നിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനായ രഞ്ജിത് കുമാര്‍ ഹര്‍ജിക്കാരന്‍ ആരോപിക്കുന്നതരത്തില്‍ അഴിമതിയോ അനധികൃത ഭൂമി പതിച്ചുനല്‍കിയെന്നുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതിനാല്‍ ഇവിടെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വാദം. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകരായ അഡ്വ. കെ.സി. സുരേഷ്, അഡ്വ. എന്‍.പി. തങ്കച്ചന്‍ എന്നിവര്‍ ഈ വാദത്തെ തള്ളുകയും ചെയ്തു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദമായി വീക്ഷിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജഡ്ജി പി.മാധവന്‍ 30-ലേക്ക് മാറ്റിയത്. ഇടുക്കി പീരുമേട് ഹോപ് പ്ലാന്റേഷന്‍, ലൈഫ് ടൈം പ്ലാന്റേഷന്‍, ബഥേല്‍ പ്ലാന്റേഷന്‍ എന്നിവയ്ക്ക് 708.42 ഏക്കര്‍ ഭൂമി നല്‍കിയെന്നാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.