പാരിസണ്‍സ് ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ നീക്കം

Tuesday 19 July 2016 10:54 am IST

തിരുവനന്തപുരം: സ്വകാര്യവ്യക്തിക്ക് പൊന്നുംവില നല്‍കി സര്‍ക്കാര്‍ഭൂമി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നു!! വന്‍കിട കുത്തകളായ പാരിസണ്‍സ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റിഡ് കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമിയാണ് പൊന്നുംവില നല്‍കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളേജ് വികസനത്തിന്റെ പേരിലാണ് പാരിസണ്‍സ് ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമിയും മിച്ചഭൂമിയും ഉള്‍പ്പെടുന്ന 25 ഏക്കര്‍ പൊന്നുംവില നല്‍കി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ആസാം ബ്രൂക്ക് ലിമിറ്റഡിന്റെ കൈവശത്തുനിന്നുമാണ് ഹാരിസണ്‍ സ്വന്തം പേരിലാക്കിയത്. 1996-2007ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്താണ് മാനന്തവാടി കോളേജ് ആരംഭിക്കാന്‍ ധാരണയായത്. ഇതിനായി സ്ഥലം കണ്ടെത്തി. എന്നാല്‍, തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് ഒരു മുന്‍ മന്ത്രിയുമായി അടുത്ത ബന്ധമുള്ള ഹാരിസണ്‍ ഗ്രൂപ്പിന് വില നല്‍കി 25 ഏക്കര്‍ ഏറ്റെടുത്തത്. ഇതുതന്നെ നിയമവിരുദ്ധമായിരുന്നു. ഇതിന്റെ മറപറ്റിയാണ് ഇപ്പോള്‍ വീണ്ടും അനുബന്ധ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത്. മാനന്തവാടി തവിഞ്ഞാല്‍ വില്ലേജിലെ റീസര്‍വ്വെ 65/7, 65/11 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഇപ്പോള്‍ പൊന്നും വിലയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. എസ്റ്റേറ്റിന്റെ പേരില്‍ മിച്ചഭൂമി കേസ് പ്രകാരം 649.20 ഏക്കര്‍ ഭൂമി സര്‍ക്കാരിന് സറണ്ടര്‍ ചെയ്യണമെന്ന് കോടതി വിധിയുമുണ്ടായിരുന്നു. എന്നാല്‍, ഈ ഭൂമി ഇതുവരെ സറണ്ടര്‍ ചെയ്തിട്ടില്ല. വിചിത്രമായ വസ്തുത ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന ഭൂമി അനധികൃത ഭൂമിയാണോയെന്ന് പരിശോധിക്കാതെയാണ് മിച്ചഭൂമി കേസെടുത്തത്. ഇപ്പോള്‍ അധികം ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയില്‍ മൂന്നേക്കര്‍ മിച്ചഭൂമിയും ബാക്കി തോട്ട ഭൂമിയുമാണ്. തോട്ടഭൂമി തരംതിരിച്ച് മറ്റാവശ്യങ്ങള്‍ക്ക് നല്‍കിയാല്‍തന്നെ അത് നിയമപ്രകാരം സര്‍ക്കാര്‍ ഭൂമിയായി മാറും. ഇതു മറച്ചുവച്ചാണ് പൊന്നും വിലകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനുപരിയായി ഗ്രൂപ്പിന്റെ കൈവശമുള്ള അനധികൃത ഭൂമി മുഴുവന്‍ ഏറ്റെടുക്കുന്നതിന് ഈ തീരുമാനം തടസമാകും. പാരിസണ്‍ ഗ്രൂപ്പിന് വില നല്‍കി ഭൂമി ഏറ്റെടുത്താല്‍ ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഈ എസ്റ്റേറ്റിലുള്ള ഭൂമി മുഴുവന്‍ നിയമാനുസൃതമെന്നും തങ്ങളുടെ ഭൂമി പൊന്നുവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തതു വഴി തങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നു കാട്ടി ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ പാരിസണ്‍സ് ഗ്രൂപ്പിന് കോടതിയെ സമീപിക്കാനാകും. ഇതിനുള്ള വഴിയൊരുക്കുക കൂടിയാണ് ഭൂമി വില നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.